Connect with us

Wayanad

കാരുണ്യ പ്രവര്‍ത്തനത്തില്‍ ഗോത്ര കുട്ടികള്‍ മാതൃകയാകുന്നു

Published

|

Last Updated

കണിയാമ്പറ്റ: കാരുണ്യ പ്രവര്‍ത്തനവും പ്രകൃതി സംരക്ഷണവും നടത്തി ഗോത്ര പെണ്‍കുട്ടികളുടെ കുട്ടായ്മ മാതൃകയാവുന്നു. കണിയാമ്പറ്റ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥിനികളാണ് മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന മാതൃകാ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഞ്ച് മുതല്‍ 10 വരെ ക്ലാസില്‍ പഠിക്കുന്ന 30 പെണ്‍കുട്ടികളാണ് സംഘത്തിലുള്ളത്. വൃദ്ധ സദനത്തില്‍ ഭക്ഷണം നല്‍കിയും, ശിശുഭവന്‍ അന്തേവാസികള്‍ക്കും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായവും നല്‍കുന്നു. സ്‌കൂള്‍ പരിസരത്ത് വൃക്ഷ തൈകള്‍ നട്ടും പൂന്തോട്ടം വെച്ച് പിടിപ്പിച്ച് പ്രകൃതി സംരക്ഷണവും ഇവര്‍ നടത്തുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. പരിസ്ഥിതി ദിനത്തില്‍ 200 വൃക്ഷ തൈകള്‍ സ്‌കൂള്‍ പരിസരത്ത് വെച്ച് പിടിപ്പിച്ചതാണ് ആദ്യ പ്രവര്‍ത്തനം. തുടര്‍ന്ന് 21 മുള തൈകള്‍ നട്ടാണ് പ്രകൃതി സംരക്ഷണത്തില്‍ പങ്കാളികളായത്.
മികച്ച പഠനത്തോടൊപ്പം അവധി ദിവസവും ഒഴിവ് സമയങ്ങളും സ്വയം തൊഴിലെടുത്ത് ഉല്‍പ്പന്നങ്ങളുണ്ടാക്കി ജീവ കാരുണ്യ പ്രവര്‍ത്തനവും നടത്തുന്നു. സോപ്പ് പൊടി, ലിക്വിഡ് സോപ്പ്, അലങ്കാര വസ്തുക്കള്‍, വെജിറ്റബിള്‍ പ്രിന്റിംഗ്, പെയിന്റിംഗ്, സീനറി വര്‍ക്ക്, ആഭരണങ്ങള്‍ തുടങ്ങിയ ചെലവ് കുറഞ്ഞതും ഏറെ ആവശ്യക്കാരുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് സ്വയം നിര്‍മ്മിച്ച് വിപണനം നടത്തുന്നത്. ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കുന്നതോടൊപ്പം ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നു. സ്‌കൂളിലെ മലയാളം അധ്യാപിക എം.സല്‍മ, കണക്ക് അധ്യാപിക ആഗ്‌നസ് ഐറിന്‍ വിന്‍സന്റ് എന്നിവരാണ് കുട്ടികൂട്ടായ്മയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളിലെ സഹപ്രവര്‍ത്തകരുടെ സഹായവും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ പിന്തുണയും നല്ല പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
കണിയാമ്പറ്റയില്‍ നടന്ന രണ്ടാമത് സംസ്ഥാന സര്‍ഗോല്‍സവത്തില്‍ രണ്ട് ദിവസവും നല്ല വിപണനം നടന്നു. ലാഭ വിഹിതം സ്വരൂപിച്ച് കിട്ടിയ തുക എടപ്പെട്ടിയിലെ ജീവന്‍ജ്യോതി ശിശു ഭവനിലെത്തി അധികാരികള്‍ക്കും, കല്‍പ്പറ്റയിലെ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ഭാരവാഹികള്‍ക്കും കൈമാറി. കിഡ്‌നിക്ക് രോഗം ബാധിച്ച ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കാനായി തുക മാറ്റി വെച്ചിട്ടുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എ.സ്റ്റാനി, അധ്യാപികമാരായ എം.സല്‍മ, ആഗ്‌നസ് ഐറിന്‍, പി.കവിത, ദിലീപ് കുമാര്‍, വിദ്യാര്‍ത്ഥിനികളായ കെ.ബി.അക്ഷയ, റില്‍ന.വി.ഷാജു , പി.ആര്‍.സൂര്യ , ഏ.ബി.അശ്വിനി, സി.എസ്.ഗായത്രി, എന്നിവര്‍ തുക കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു.