Connect with us

Kozhikode

വീട്ടുജോലിയും പ്രസവശുശ്രൂഷയുമായി സ്വാഭിമാനം സ്വാഭിമാന്‍

Published

|

Last Updated

കോഴിക്കോട്: ഇനി തെങ്ങുകയറ്റവും കാട് വെട്ടലും മാത്രമല്ല, പ്രസവ ശ്രുശ്രൂഷയും വീട്ടുജോലിയും അഭിമാനത്തോടെ ചെയ്യാനൊരുങ്ങുകയാണ് സ്വാഭിമാന്‍ പദ്ധതിയിലെ ഒരുകൂട്ടം അംഗങ്ങള്‍. തെങ്ങുകയറ്റം, കാട് വെട്ടല്‍, പ്ലംബിംഗ്, ഇലക്ട്രികല്‍ വര്‍ക്ക്, എ സി മെക്കാനിക് തുടങ്ങി ഒമ്പത് തൊഴില്‍ മേഖലകളിലായിരുന്നു സ്വാഭിമാന്‍ പദ്ധതിപ്രകാരം ഇതുവരെ പൊതുജനങ്ങള്‍ക്ക് സേവനം ലഭിച്ചിരുന്നത്. ഇതില്‍ 27 മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമാക്കാനാണ് സ്വാഭിമാന്‍ ലക്ഷ്യമിടുന്നത്. കിണര്‍ വൃത്തിയാക്കല്‍, ഹോംനഴ്‌സ്, വീട്ടുജോലി, ശില്‍പ്പ നിര്‍മാണം, ഗാര്‍ഡനിംഗ്, പാചകം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍, ആയുര്‍വേദ വിധിപ്രകാരമുള്ള ഉഴിച്ചില്‍, പ്രസവശുശ്രൂഷ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കൂട്ടിച്ചേര്‍ക്കുന്നത്. പദ്ധതിപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ ആളുകളെ ആവശ്യപ്പെടുന്നതുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പല തൊഴില്‍ മേഖലകളിലും ജോലിക്കാരുടെ ദൗര്‍ലഭ്യം ഉണ്ടായതോടെയാണ് സ്വാഭിമാന്‍ പദ്ധതിയില്‍ തൊഴില്‍ മേഖലകളുടെ എണ്ണം വര്‍ധിപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന് കീഴില്‍ തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്കായാണ് സ്വാഭിമാന്‍ പദ്ധതി ആരംഭിച്ചത്.
2010 ജനുവരിയില്‍ അന്നത്തെ ജില്ലാ കലക്ടറായിരുന്ന ഡോ. പി ബി സലീമിന്റെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ജില്ലയില്‍ സ്വാഭിമാന്‍ പദ്ധതി നിലവില്‍ വന്നത്. ഉപഭേക്താക്കള്‍ക്ക് ആവശ്യമനുസരിച്ച് സ്വാഭിമാന്‍ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ ബുക്കിംഗ് നടത്തുന്നവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും. പിന്നീട് സ്വാഭിമാന്‍ പ്രതിനിധിക്ക് ഉപഭോക്താവിന്റെ നമ്പറും ഉപഭോക്താവിന് പ്രതിനിധിയുടെ നമ്പറും നല്‍കും. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചാണ് പിന്നീട് പ്രതിനിധി ഇവരുടെ അടുത്തെത്തുന്നത്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ എന്ത് സേവനവും നല്‍കുകയെന്നതാണ് സ്വാഭിമാന്റെ ഉദ്ദേശ്യം. സ്വാഭിമാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതിയും ആരംഭിക്കുന്നുണ്ട്. ഒരു മാസത്തിനിടെ പദ്ധതി പ്രാബല്യത്തിലാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സ്വാഭിമാനില്‍ അംഗത്വമുള്ള തൊഴിലാളികള്‍ തൊഴിലിന് പോകുമ്പോഴോ തിരിച്ച് വരുമ്പോഴോ ജോലിക്കിടയിലോ അപകടം സംഭവിച്ചാല്‍ അയാളുടെ ശൂശ്രൂഷക്കാവശ്യമായ എല്ലാ ചെലവുകളും ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കണം. ഇതിനാണ് തൊഴിലാളികള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി ഒരുക്കുന്നത്. വര്‍ക്ക്‌മെന്‍ കോമ്പന്‍സേഷന്‍ ആക്ട് 1923 അനുസരിച്ചാണ് ഇന്‍ഷ്വറന്‍സ് നടപ്പാക്കുന്നത്. ബിരുദധാരികളുള്‍പ്പെടെ നൂറില്‍പരം തൊഴിലാളികള്‍ പദ്ധതിയില്‍ അംഗങ്ങളാണ്.

Latest