Connect with us

Kozhikode

സുരക്ഷക്കും വൈദ്യസഹായത്തിനും മികച്ച പരിഗണന

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമ്പൂര്‍ണ സുരക്ഷയും വൈദ്യസഹായവും കുടിവെള്ള വിതരണവും ഉറപ്പ് വരുത്താന്‍ വെല്‍ഫയര്‍ കമ്മിറ്റി പദ്ധതികളാവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി ദുരന്ത നിവാരണത്തെയും ജീവന്‍രക്ഷാ മാര്‍ഗങ്ങളെയും കുറിച്ച് ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ക്ക് ഇന്ന് രാവിലെ 9.30ന് കെ എസ് ടി എ ഹാളില്‍ വെച്ച് പരിശീലനം നല്‍കും.
വിവിധ സ്‌കൂളുകളിലെ 180 ഓളം ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകളാണ് പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കുക. കോഴിക്കോട് സിറ്റി, മാവൂര്‍, ഫറോക്ക് തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള റെഡ്‌ക്രോസ് വോളണ്ടിയര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുക. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള റെഡ്‌ക്രോസ് വോളണ്ടിയര്‍മാര്‍ ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കുമെങ്കിലും സൗകര്യം കണക്കിലെടുത്താണ് നഗരത്തിലെ സ്‌കൂളുകളിലെ വോളണ്ടിയര്‍മാര്‍ക്ക് പ്രധാന ചുമതല നല്‍കിയിരിക്കുന്നത്.
ബോധക്ഷയം സംഭവിച്ചാലോ, അപകടം പറ്റിയാലോ മുന്‍കരുതലായി എന്തുചെയ്യണമെന്നതിനെക്കുറിച്ചാണ് കേഡറ്റുകള്‍ക്ക് പരിശീലനം. മിംസ് ആശുപത്രിയും ഏയ്ഞ്ചല്‍സും ചേര്‍ന്നാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഡെമ്മി ഉപയോഗിച്ച് നല്‍കുന്ന പരിശീലനത്തില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. പരിശീലനം നേടിയ 15 കേഡറ്റുകളെ വീതം പ്രധാന വേദികളില്‍ അണിനിരത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇവരെ കൂടാതെ കലോത്സവത്തില്‍ ആയുര്‍വേദ, അലോപ്പതി ഡോക്ടര്‍മാരുടെ സേവനങ്ങളും ഉണ്ടായിരിക്കും. മൂന്ന് ആംബുലന്‍സുകള്‍ വീതം പ്രധാന വേദികളില്‍ സജ്ജമാക്കും. കുടിവെള്ളത്തിന് കുപ്പിവെള്ളവും തിളപ്പിച്ചാറിയ വെള്ളവും വിതരണം ചെയ്യും. റെഡ് ക്രോസ് കേഡറ്റുകള്‍ക്ക് നല്‍കുന്ന പരിശീലനം കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പരിശീലനത്തില്‍ പങ്കെടുക്കുന്ന കേഡറ്റുകള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
കലോത്സവത്തിന്റെ സ്വര്‍ണ ക്കപ്പിന്റെ നഗരപ്രദക്ഷിണം ഇന്ന് നടക്കും. ട്രോഫി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം വൈകുന്നേരം മൂന്നിന് സംഘാടക സമിതി ഓഫീസില്‍ മേയര്‍ എ കെ പ്രേമജം ഫഌഗ്ഓഫ് ചെയ്യും. തുടര്‍ന്ന് പാളയം, ചിന്താവളപ്പ്, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ്, എല്‍ ഐ സി ജംഗ്ഷന്‍, ടൗണ്‍ഹാള്‍, എം സി സി വെസ്റ്റ്, വെസ്റ്റ് നടക്കാവ്, ഈസ്റ്റ് നടക്കാവ്, മൃഗാശുപത്രി വഴി സഞ്ചരിച്ച് ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.
സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ആദ്യമായി പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും “സ്മൃതിമുദ്ര” നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്തിന് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് പ്രത്യേക ട്രോഫിയും വണ്ടര്‍ലാ ഹോളിഡേഴ്‌സ് ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന വണ്ടര്‍ല ഹോളിഡേഴ്‌സ് സൗജന്യ പ്രവേശന കൂപ്പണും നല്‍കും.
സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും കൈപ്പറ്റുന്നത് സംബന്ധിച്ച് വിവരം നല്‍കുന്നതിന് എല്ലാ വേദിക്ക് അരികിലും ട്രോഫി കമ്മിറ്റി ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കും. റോളിംഗ് ട്രോഫികളും ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫികളും അതത് ദിവസം വൈകുന്നേരം സാംസ്‌കാരിക സായാഹ്ന പരിപാടി നടക്കുന്ന വേദിക്ക് അരികില്‍ വെച്ച് വിതരണം ചെയ്യും. മറ്റ് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ബി ഇ എം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ട്രോഫി കമ്മിറ്റി ഓഫീസില്‍ നിന്ന് ലഭിക്കും.
കലോത്സവത്തെ വരവേല്‍ക്കാന്‍ കട്ടൗട്ടുകള്‍ തയ്യാറായിവരികയാണ്. പ്രധാന വേദിക്കരികില്‍ മികവുറ്റ കട്ടൗട്ടുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ ചിത്രകലാ അധ്യാപകര്‍. എസ് കെ പൊറ്റക്കാട്, കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ കട്ടൗട്ടുകള്‍ക്കൊപ്പം പരമ്പരാഗത കലാരൂപങ്ങളുടെയും കട്ടൗട്ടുകള്‍ ഒരുക്കും. ഉദ്ഘാടന ദിവസം വലിയ ക്യാന്‍വാസില്‍ കൂട്ടമായി ചിത്രം വരയ്ക്കാനും അധ്യാപകര്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കുക.