Connect with us

Articles

ഘര്‍ വാപസിയും ബാര്‍ വാപസിയും

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ പറയുന്നു ഘര്‍ വാപസി: വീട്ടിലേക്കു മടങ്ങി വരൂ. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു ബാര്‍ വാപസി: ബാറിലേക്കു മടങ്ങി വരൂ. രണ്ടിന്റെയും ലക്ഷ്യം ഒന്നു തന്നെ. ഭരണം കൈവിട്ടുപോകാതിരിക്കാന്‍ ശരാശരിയിലും താഴ്ന്ന ബുദ്ധി നിലവാരമുള്ള മനുഷ്യരെ ഒപ്പം നിറുത്തുക. ജനാധിപത്യമെന്നോ മറ്റെന്തൊക്കെയോപേരുകള്‍ പറഞ്ഞാലും ഈ ശരാശരി മനുഷ്യരാണ് ചരിത്രത്തിലെന്നും അതിബുദ്ധിമാന്മാരായ അധികാരമോഹികളെ അവരുടെ സിംഹാസനങ്ങളില്‍ ഉറപ്പിച്ചിരുത്തിയിരുന്നത്. മതം ഇവര്‍ക്കൊരു തമാശക്കളിയാണ്. കണ്ടില്ലേ, തൃശൂര്‍ പൂരത്തിന് മിണ്ടാപ്രാണികളായ ആനകളെ അണിനിരത്തി ദേവനെയും ഭക്തരെയും ഒരു പോലെ ആശ്ചര്യപ്പെടുത്തിയ തൃശൂരെ ഹിന്ദു ബുദ്ധിയെ വെല്ലുവിളിച്ചു കൊണ്ടല്ലെ അവിടുത്തെ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് 18,888 സാന്റാക്ലോസുമാരെ നഗരത്തില്‍ ഇറക്കി ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ക്രിസ്തുമസാഘോഷം നടത്തി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. ക്രിസ്തുവും ക്രിസ്മസും തമ്മില്‍ ഉള്ള ബന്ധം പോലുമില്ല ക്രിസ്മസ് അപ്പൂപ്പന്‍ എന്നറിയപ്പെടുന്ന സാന്റാക്ലോസുമായിട്ടെന്നാര്‍ക്കാണ് അറിയാത്തത്. അടുത്ത ഓണത്തിന് തേക്കിന്‍കാട് മൈതാനിയില്‍ 8,88,888 മഹാബലിമാരെ ഓലക്കുടയുംപിടിപ്പിച്ച് അണിനിരത്തി നമ്മുടെ വിശ്വഹിന്ദുപരിഷത്തുകാര്‍ ശ്രദ്ധപിടിച്ചു പറ്റിക്കൂടായ്കയില്ല. സാമാന്യ ജനങ്ങളുടെ ജാഗ്രതക്കുറവിനെ മുതലെടുത്തുകൊണ്ടാണ് മേല്‍ സൂചിപ്പിച്ച തരത്തിലുള്ള സകല കോമാളിത്തങ്ങളും അരങ്ങുകര്‍ക്കുന്നത്.
എത്ര ഉപരിപ്ലവപരമായ ധാരണകളാണ് നമ്മുടെ ആളുകള്‍ മഹത്തായ ലോകമതങ്ങളെക്കുറിച്ചു്‌വെച്ചുപുലര്‍ത്തുന്നത്.! ക്രിസ്ത്യാനിയാകാന്‍ തലയില്‍ അല്‍പം വെള്ളം തളിക്കുക, മുസ്‌ലിം ആകാന്‍ ശരീരത്തിന്റെ നിര്‍ദിഷ്ട ഭാഗത്ത് നേരിയ ഒരു മുറിവുണ്ടാക്കുക, ഹിന്ദുവാകാന്‍ കൈത്തണ്ടയില്‍ ഒരു ചരടും നെറ്റിയില്‍ കുങ്കുമക്കുറിയും ചാര്‍ത്തിക്കൊടുക്കുക. ഇതിനപ്പുറം മതം മറ്റൊന്നും അല്ലെന്ന ധാരണയായിരിക്കുമല്ലോ ഘര്‍വാപസിയുടെ ശംഖുനാദം മുഴക്കുന്ന വിശ്വഹിന്ദു പരിഷത്തിനു ള്ളത്. ഈശ്വരോ രക്ഷിതു!
ഹിന്ദു ഒരു മതമല്ല ഒരു സംസ്‌കാരമാണെന്നും ആ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ എല്ലാ ഇന്ത്യാക്കാരും തയ്യാറാകണമെന്നും ആയിരുന്നു ഇതുവരെയും വിശ്വഹിന്ദുപരിഷത്തും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ഇതാ അവരുടെ ചാക്കില്‍ നിന്നും പൂച്ച പുറത്തു ചാടിയിരിക്കുന്നു. ഇവിടെ ക്രൈസ്തവരും മുസ്‌ലിംകളും സിഖുകാരും എല്ലാം പണ്ട് ഹിന്ദുക്കളായിരുന്നു എന്നും അവരെ ഹിന്ദുമതത്തിലേക്കു വീണ്ടെടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ആണ് അവരുടെ അവകാശവാദം. മതം എന്നാല്‍ അത് കേവലം ഒരു ആള്‍ക്കൂട്ടമല്ലെന്നും ഓരോ മതവും വ്യത്യസ്തമായ ചരിത്ര പശ്ചാത്തലത്തെയും പ്രാദേശിക വ്യത്യാസങ്ങളെയും കേന്ദ്രീകരിച്ചുരുത്തിരിഞ്ഞു വന്നതാണെന്നും മതങ്ങളുടെ ചരിത്രം സൂക്ഷ്മമായി പഠിച്ചവര്‍ക്കറിയാം. എന്നാല്‍ ഇന്നു ഹിന്ദുമതം എന്നു വ്യവഹരിക്കപ്പെടുന്ന ആള്‍ക്കൂട്ട പ്രസ്ഥാനത്തിന് മറ്റു മതങ്ങള്‍ക്കവകാശപ്പെടാന്‍ കഴിയുന്നതുപോലെ, ഒരു വിശ്വാസ സംഹിതയോ പ്രപഞ്ച വീക്ഷണമോ ഒരു നേതാവോ സാമൂഹിക പരിഷ്‌കര്‍ത്താവോ ഉള്ളതായി തെളിവുകളൊന്നും ഇല്ല. അതാതു പ്രദേശങ്ങളിലെ ഭരണാധികാരികള്‍ പുലര്‍ത്തിയിരുന്ന മത വീക്ഷണങ്ങള്‍ പ്രജകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയും അത് പിന്തുടരാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ആയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഒരു കാലത്ത് ഏറെക്കുറെ ഇതു തന്നെ ആയിരുന്നു അവസ്ഥ. ഇത്തരം ദുരവസ്ഥയോട് ഏറ്റുമുട്ടിയും ഭരണാധികാരികളെ തന്നെ സ്ഥാനഭ്രഷ്ടരാക്കിയും ആയിരുന്നു ഇന്നു സെമറ്റിക്ക് മതങ്ങളെന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്ന യഹൂദ, ക്രൈസ്തവ ഇസ്‌ലാം മതങ്ങള്‍ ലോകമാകെ പ്രചരിച്ചത്. ഭരണകൂടത്തിന്റെ ഔദാര്യവും കൈത്താങ്ങും ഒന്നും കൂടാതെ തന്നെ സമൂഹത്തില്‍ ഒരു തിരുത്തല്‍ ശക്തിയും ധാര്‍മിക സ്വാധീനവും ആയി നിലനില്‍ക്കാന്‍ കഴിയുമെന്നു തെളിയിച്ച അനേക നൂറ്റാണ്ടുകളുടെ ചരിത്രം ഈ മതങ്ങള്‍ക്കു സ്വന്തമായിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ പിന്നീട് ഈ അവസ്ഥമാറി. ഭരണകൂടങ്ങള്‍ ശക്തമാകുകയും ജനജീവിതത്തില്‍ പിടിമുറുക്കുകയും ചെയ്തതോടെ, മതവും ഭരണകൂടവും തമ്മിലുള്ള അവിഹിത വേഴ്ച ശക്തമായി. മതനേതൃത്വം ഒരു തിരുത്തല്‍ ശക്തിയെന്ന നിലയില്‍ നിന്നും ഭരണകൂട ശക്തികളുടെ കൂട്ടിക്കൊടുപ്പുകാരായി അധഃപതിച്ചു. മതമൗലികതാവാദവും മതതീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളും എല്ലാം ഒരര്‍ഥത്തില്‍ ഭരണകൂട ശക്തികള്‍ മതത്തെ ഉപയോഗിച്ചു നടത്തുന്ന കളികള്‍ മാത്രമാണ്. ഏതാണ്ടിത്തരം ഒരു കളി കളിക്കാണ് ഹിന്ദുത്വം ഒരു രാഷ്ട്രീയ അജന്‍ഡയാക്കിക്കൊണ്ടു നരേന്ദ്ര മോദിയെ മുന്‍ നിറുത്തി സംഘ്പരിവാര്‍ ശക്തികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കാവുന്നതാണ്.
ഇപ്പോഴത്തെ ഈ മതംമാറ്റ നാടകം തങ്ങള്‍ ദീര്‍ഘകാലമായി പറഞ്ഞുപോരുന്ന മതപരിവര്‍ത്തന നിരോധ നിയമം നടപ്പില്‍ വരുത്തുന്നതിനു അനുകൂലമായ ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള പരിശ്രമം മാത്രമാണ്. ഈ പറയുന്ന നിയമം ലക്ഷ്യമിടുന്നത് പ്രധാനമായും ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും ആണെന്നാര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പ്രയോഗം തന്നെ വ്യാജമാണ്. അത് ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നതിനു തുല്യമാണ്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അതിന്റെ പേരില്‍ ആരെങ്കിലും മതം മാറുമോ? ശുദ്ധ അസംബന്ധം.! അങ്ങനെ ഒന്ന് ചരിത്രത്തില്‍ ഇതുവരെയും ഒരിടത്തും സംഭവിച്ചിട്ടില്ല. കാര്യസാധ്യങ്ങള്‍ക്കു വേണ്ടി ചിലര്‍ മതം മാറാന്‍ തയ്യാറായെന്നു വരും. അതു ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവിക്കുക, ഉള്ളില്‍ ഒരു മതവും പുറമെ മറ്റൊരു മതവും പിന്തുടരുന്നവരുണ്ടാകാം. അവരോടാണ് യേശു പറഞ്ഞത്: “നിങ്ങള്‍ക്കു ദൈവത്തേയും മാമോനെയും ഒരു പോലെ സേവിക്കുക സാധ്യമല്ല.” ഇങ്ങനെ രണ്ട് വള്ളത്തില്‍ കാലു വെച്ചു തുഴയുന്നവര്‍ എല്ലാകാലത്തും എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു. ഒന്നാലോചിച്ചാല്‍ അവരുടെ ഭൗതിക സാഹചര്യങ്ങളാണ് അതിനവരെ പ്രേരിപ്പിക്കുന്നത്.
വി എച്ച് പി സ്വാമിമാരുടെ ഇപ്പോഴത്തെ ഈ മതംമാറ്റ നാടകത്തിലെ മുഖ്യ നടീനടന്മാര്‍ ക്രിസ്ത്യന്‍, ഇസ്‌ലാമിക് ധാരകളോടു ചേര്‍ന്നു നടന്നിരുന്ന ദരിദ്ര ജനവിഭാഗങ്ങളാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. ക്രിസ്ത്യാനി ആയി അല്ലെങ്കില്‍ മുസ്‌ലിം ആയി സര്‍ക്കാര്‍ രേഖകളില്‍ പേര് ചേര്‍ക്കപ്പെട്ടതു കൊണ്ടു മാത്രം സാമൂഹികവും സാമ്പത്തികവും ആയ കാര്യങ്ങളില്‍ പിന്നാക്കം തള്ളപ്പെട്ട ജനവിഭാഗം എന്ന നിലയില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഇവര്‍ക്കു നിഷേധിക്കപ്പെടുകയായിരുന്നു. ഈ അനീതിക്കു ഇത്രകാലം കൂട്ടു നിന്നതില്‍ നമ്മുടെ രാഷ്ട്രീയ കക്ഷികളും കുറ്റക്കാരാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കവകാശപ്പെട്ട സംവരണാനുകൂല്യങ്ങളും ബി പി എല്‍ കാര്‍ഡും ഒക്കെ ഹിന്ദുവാകുക വഴി നേടിത്തരാമെന്ന പ്രലോഭനത്തില്‍ കുടുക്കിയാണ് ഈ സാധുക്കള്‍ ഹിന്ദുമതത്തിലേക്കു പുനഃപരിവര്‍ത്തനം ചെയ്യുന്നത്. അതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് ബോധ്യമാകുമ്പോള്‍ ഈ പാവങ്ങള്‍ അവരുടെ പഴയ ലാവണത്തിലേക്കു തന്നെ മടങ്ങി പോകാനും ഇടയുണ്ട്.
വിശക്കുന്ന മൃഗത്തിനു മുന്നില്‍ തീറ്റ കാണിച്ച് അവയെ കശാപ്പുശാലയിലേക്കു നയിക്കുന്ന സമീപനത്തിനപ്പുറം മറ്റൊന്നുമല്ല, ഇപ്പോഴത്തെ, ഈ മനംമാറ്റം കൂടാതെയുള്ള മതംമാറ്റം. ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി മതപരിവര്‍ത്തനം തടയാനുള്ള നിയമ നിര്‍മാണം എന്ന മുറവിളിയെ പിന്താങ്ങുന്നവര്‍, ഭരണഘടനയുടെ അന്തഃസത്തയേയും പൗരാവകാശ സംരക്ഷണത്തെയും ഒട്ടും മാനിക്കാത്തവരാണ്. ഏതൊരു വ്യക്തിക്കും തനിക്ക് ശരിയെന്നു തോന്നുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാനും മറ്റുള്ളവരെ അതിലേക്കാകര്‍ഷിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. തള്ളേണ്ടതു തള്ളാനും കൊള്ളേണ്ടതു കൊള്ളാനും കരുത്തുള്ള ഒരു തുറന്ന സമൂഹത്തില്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ. ഇപ്പോഴത്തെ സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് മതം മാറ്റമേള ആലസ്യത്തില്‍ ആണ്ടുകിടക്കുന്ന ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് ഒരു തരത്തില്‍ അനുഗ്രഹമാണെന്നു കൂടി പറയാം. കാരണം ആരോഗ്യകരമായ ഒരു മതാന്തര (Inter Religious Dialogue ) സംവാദത്തിനിത് കളം ഒരുക്കിയിരിക്കുന്നു.
1990കളുടെ തുടക്കം മുതലാണ് പൊടുന്നനെ ഹിന്ദുത്വം എന്ന പദപ്രയോഗം ഇവിടെ പത്തിവിടര്‍ത്തി തുടങ്ങിയത്. മുസ്‌ലിമോ ക്രിസ്ത്യാനിയോ സിഖു മതാനുയായിയോ അല്ലാത്ത സര്‍വരും ഹിന്ദുവാണെന്ന കല്ലുവെച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചു സത്യമാക്കാനുള്ള പുറപ്പാടാണിത്. ഹിന്ദുക്കളെന്നാല്‍ ഹിന്ദുമതക്കാര്‍. ആ മതത്തിനു അതിന്റെ ആചാര്യന്മാര്‍ നല്‍കിയ പരികല്‍പ്പനപ്രകാരം തന്നെ, ബ്രാഹ്മണരുടെ പൗരോഹിത്യ പ്രാധാന്യവും ക്ഷത്രിയരുടെ ഭരണാധികാര പ്രയോഗഅവകാശവും വൈശ്യരുടെ വ്യാപാരകുത്തകയും അംഗീകരിക്കുന്നവരും ഈ മൂന്ന് വിഭാഗങ്ങളുടെയും ആജീവനാന്ത അടിമപ്പണിക്കാരായി അവരെ സേവിച്ച് പരലോക പ്രാപ്തി കൈവരിക്കാന്‍ വിധിക്കപ്പെട്ട ശുദ്രന്മാരും മാത്രമേ ഹിന്ദുക്കളാകുന്നുള്ളൂ. എല്ലാവരെയും ഹിന്ദുക്കളാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സംഘ്പരിവാര്‍, വിശ്വഹിന്ദുപരിഷത്ത്, ബജറംഗ്ദള്‍, ശിവസേന പ്രഭൃതികള്‍ ഈ നാല് വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത, പിന്നാക്ക ജാതിക്കാരോടും മറ്റു പട്ടികജാതി പട്ടികവര്‍ഗങ്ങളോടും നിങ്ങളും നമ്മളും ഹിന്ദുക്കളാണെന്നു പറഞ്ഞു തുടങ്ങിയതിന് ഒറ്റക്കാരണമേയുള്ളൂ. ശ്രുതികളും സ്മൃതികളും കല്‍പ്പിക്കുന്ന പ്രകാരം ശുദ്രരില്‍ താഴെയുള്ള ജനവിഭാഗങ്ങളെ ഹിന്ദു പരികല്‍പ്പനയ്ക്കു പുറത്തു നിറുത്തിയാല്‍ ഹിന്ദുക്കളാണിവിടുത്തെ ഭൂരിപക്ഷം എന്ന അവകാശവാദത്തിന്റെ ആപ്പിളകും. ക്ഷേത്രങ്ങളില്‍ തൊഴാന്‍ പോയിട്ട് ക്ഷേത്രമുറ്റത്തൂകൂടെ വഴി നടക്കാന്‍ പോലും ഉള്ള അവകാശം ഈ ജനവിഭാഗം അടുത്ത കാലത്ത് സമരം ചെയ്തു മാത്രം നേടിയെടുത്തതാണെന്ന കാര്യവും ഏവര്‍ക്കും അറിയാം.
ഈ അവസ്ഥയെക്കുറിച്ച് ദളിത് ബുദ്ധിജീവിയായി പരക്കെ അറിയപ്പെടുന്ന പ്രൊഫസര്‍ കാഞ്ച ഐലയ്യ Why I am not a Hindu? (ഞാനെന്തു കൊണ്ട് ഒരു ഹിന്ദുവല്ല) എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ വിലപിക്കുന്നു: സംഘ്പരിവാര്‍ ദിവസവും ഞങ്ങളെ ഹിന്ദുക്കളെന്നു വിളിച്ച് അപമാനിക്കും. വാസ്തവം പറഞ്ഞാല്‍ അവരുടെ ആ കാവിക്കുറി സംസ്‌കാരം കാണുന്നതു തന്നെ ഞങ്ങള്‍ക്കു അപമാനകരമാണ്. ഞങ്ങള്‍ താഴ്ന്ന ശൂദ്രര്‍ അഥവാ ആ ദിശൂദ്രര്‍ക്ക് ഹിന്ദുയിസം അല്ലെങ്കില്‍ ഹിന്ദുത്വവുമായി എന്തു ബന്ധം? ഞങ്ങള്‍ ഹിന്ദു എന്നത് ഒരു വാക്കായോ സംസ്‌കാരമായോ മതമായോ ഞങ്ങളുടെ കുട്ടിക്കാലത്തൊന്നും കേട്ടിട്ടുകൂടിയില്ല(പേജ് 11 ഡി സി ബുക്‌സ് 2009)
ഇപ്പോള്‍ നടക്കുന്ന പരിവര്‍ത്തന മേളയില്‍ മതം മാറുന്നവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ജാതിയില്‍ ചേരാമെന്നാണ് മേളയുടെ കാര്‍മികര്‍ പറയുന്നത്. അതങ്ങ് മനസ്സിലിരിക്കട്ടെ; ബ്രാഹ്മണനാകണമെങ്കില്‍ ബ്രാഹ്മണ സ്ത്രീയില്‍ നിന്നു തന്നെ ജനിക്കണം. അല്ലാതെ ആരും ഇങ്ങോട്ടു വരേണ്ട എന്ന് ബ്രാഹ്മണ മഹാസഭാ ഭാരവാഹികള്‍ പരസ്യമായി തന്നെ പറഞ്ഞുകഴിഞ്ഞു. ഈ കട്ടിലു കണ്ടു പനിക്കേണ്ടെന്ന് നായര്‍ മഹാസഭയും നമ്പ്യാര്‍ മഹാസഭയും പറഞ്ഞു കഴിഞ്ഞു. വേണമെങ്കില്‍ ഇങ്ങോട്ടു പോരൂ എന്നു കഷ്ടിച്ചു തിരുവായ് മൊഴിഞ്ഞിട്ടുള്ളത് ശ്രീ നാരായണീയ പ്രസ്ഥാനത്തിന്റെ മാനേജിംഗ് ഡയറക്ടറായ വെള്ളാപ്പള്ളി നടേശ ഗുരു മാത്രമാണ്. അവിടെയെത്തിക്കഴിയുമ്പോഴറിയാം അവിടുത്തെ കാര്യം. തത്കാലം കൈയില്‍ രക്ഷകെട്ടുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ഹോമകുണ്ഡത്തിനരികില്‍ ഇരുന്ന് അല്‍പ്പം തീ കായുകയും ചെയ്തവര്‍ അവര്‍ ജനിച്ചുവളര്‍ന്ന ജാതിയില്‍ തന്നെ അവരുടെ പൈതൃക ദൈവങ്ങളായ കാളിയേയും ചാത്തനേയും ഒക്കെ ഭജിച്ച് ഹിന്ദു എന്ന സര്‍ട്ടിഫിക്കറ്റും തലയണക്കീഴില്‍ വെച്ച് ഉറങ്ങുകയല്ലാതെ മറ്റു ഗതിയൊന്നും ഉണ്ടെന്നുതോന്നുന്നില്ല. മറിച്ചൊരു ഗതി ഈ പാവങ്ങള്‍ക്കുണ്ടാക്കിക്കൊടുക്കാന്‍ വിശ്വഹിന്ദുപരിഷത്തുകാര്‍ക്കു കഴിയുമെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ.
ഇത്തരം പരിവര്‍ത്തന മേളകളുടെ മറപിടിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ മാത്രമല്ല, മതത്തിനെതിരെ ശബ്ദിക്കുന്ന, മതത്തെ വിമര്‍ശിക്കുന്ന മറ്റു മതേതര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന ഒരു നിയമനിര്‍മാണമാണ് സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത്. ഇവര്‍ ആക്ഷേപിക്കുന്ന വൈദേശിക ബന്ധങ്ങളിലൂടെ ഇവിടെ ഇസ്‌ലാമിലേക്കും ക്രിസ്തുമതത്തിലേക്കും ഒക്കെ ചരിത്രത്തിന്റെ ചില സവിശേഷ ഘട്ടങ്ങളില്‍ സംഭവിച്ച മതപരിവര്‍ത്തനവും ഇപ്പോഴത്തെ പരിവര്‍ത്തമേളയും തമ്മില്‍ കടലും കടലാടിയും പോലുള്ള ബന്ധമേ ആരോപിക്കാന്‍ കഴിയൂ. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ക്രൈസ്തവതയിലേക്കും ഇസ്‌ലാമിലേക്കും സംഭവിച്ച മതപരിവര്‍ത്തനം ചരിത്രപഠനത്തില്‍ താത്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം സവിശേഷമായ ഒരു പഠനവിഷയമാണ്. അത് നമുക്ക് അടുത്ത ലേഖനത്തില്‍ ചര്‍ച്ച ചെയ്യാം.
(കെ സി വര്‍ഗീസ്-9446268581)