Connect with us

Editorial

ഇന്ത്യയും ലങ്കയും

Published

|

Last Updated

അതികായന്റെ പതനമെന്ന് വിശേഷിപ്പക്കാവുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ശ്രീലങ്കയില്‍ നിന്ന് കഴിഞ്ഞദിവസം വന്നത്. മൂന്നാമുഴവും പ്രസിഡന്റാകാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടു വന്ന്, കാലാവധി തീരും മുമ്പ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ മഹീന്ദാ രജപക്‌സേക്ക് ജനം പുറത്തേക്ക് വഴികാണിച്ചു. വികസന നായകന്‍, യുദ്ധം ജയിച്ച വീരയോദ്ധാവ്, നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപം തുടങ്ങി മാധ്യമങ്ങള്‍ കല്‍പ്പിച്ചുനല്‍കിയ നിരവധി പരിവേഷങ്ങള്‍ ഉണ്ടായിട്ടും രജപക്‌സേക്ക് കാലിടറിയെന്നത് എല്ലാ ഭരണാധികാരികള്‍ക്കും പാഠമാകേണ്ടതാണ്. രജപക്‌സേ മന്ത്രിസഭയിലെ അംഗവും അദ്ദേഹത്തിന്റെ വിശ്വസ്തനും വെറും മൂന്ന് മാസം മുമ്പ് മാത്രം ഭരണകക്ഷി വിട്ടയാളുമായ മൈത്രിപാല സിരിസേനക്ക് ജയിച്ചുവന്നത് രജപക്‌സെക്കെതിരായ നെഗറ്റീവ് വോട്ടുകളുടെ പിന്‍ബലത്തിലാണെന്ന് വ്യക്തം. പ്രത്യേക ഈഴത്തിനായി വാദിച്ച എല്‍ ടി ടി ഇയെ ഉന്‍മൂലനം ചെയ്യാനായി നടത്തിയ സൈനിക നടപടിക്കിടെ ക്രൂരമായ സിവിലിയന്‍ കൂട്ടക്കൊലകള്‍ നടന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ രജപക്‌സെ തയ്യാറായില്ലെന്ന് മാത്രമല്ല, ഇതു സംബന്ധിച്ച യു എന്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ചൈനയോട് കൂടുതല്‍ അടുക്കുന്നുവെന്നതിനാല്‍ അമേരിക്കക്ക് ശ്രീലങ്കയോട് കെറുവുണ്ടായിരുന്നു. ഇത് അമേരിക്കന്‍ നേതൃത്വത്തിലുള്ള യു എന്‍ പ്രമേയത്തിന് കാരണമായിട്ടുണ്ടാകാം. പക്ഷേ യുദ്ധക്കുറ്റം നടന്നുവെന്നത് വസ്തുതയാണ്. അത് സ്വതന്ത്രമായി പരിശോധിക്കപ്പെടേണ്ടതുമാണ്. മാത്രമല്ല പുലികള്‍ അസ്തമിച്ചിട്ടും തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ മേഖലയോട് രജപക്‌സേ വിവേചനം തുടര്‍ന്നു. അവരെ മുഖ്യധാരയില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം കൂടുതല്‍ ഒറ്റപ്പെടുത്തുകയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ നടന്ന ബുദ്ധതീവ്രവാദി ആക്രമണങ്ങളെ കൃത്യമായി തടയുന്നതിന് പകരം അക്രമികളോട് മൃദുസമീപനമാണ് രജപക്‌സേ കൈക്കൊണ്ടത്. എക്‌സിക്യൂട്ടീവ് അധികാരം കേന്ദ്രീകരിക്കുന്ന നയനിലപാടുകളായിരുന്നു അദ്ദേഹത്തിന്റെത്. കുടുംബവാഴ്ചയുടെ സര്‍വ ദൂഷ്യങ്ങളും ഭരണത്തിനുണ്ടായിരുന്നു. ചൈനയിലേക്ക് ചരിഞ്ഞ വിദേശനയം ഇന്ത്യയടക്കമുള്ള പരമ്പരാഗത സുഹൃത്തുക്കളെ അകറ്റി. ഇങ്ങനെ നിരവധി ഘടകങ്ങള്‍ ഒരുമിച്ചുവന്നപ്പോള്‍ തമിഴരും മുസ്‌ലിംകളും സംഹളരില്‍ ഒരു വിഭാഗവും രജപക്‌സെയെ കൈയൊഴിയുകയായിരുന്നു.
ശ്രീലങ്ക- ഇന്ത്യ ബന്ധത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തീരുമാനങ്ങളിലേക്ക് പുതിയ പ്രസിഡന്റ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ രജപക്‌സേ ക്യാമ്പിന് പുറത്തെത്തിച്ച മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതംഗെയും ഇന്ത്യയുമായി ലങ്ക കൂടുതല്‍ അടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. നരേന്ദ്രമോദി മന്ത്രിസഭയിലെ ചില അംഗങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ രജപക്‌സേയെ പിന്തുണച്ച് ട്വീറ്റ് ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ- ലങ്ക ബന്ധം ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. യുദ്ധക്കുറ്റം അന്വേഷിക്കുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ചൈന- ലങ്ക ഭായി ഭായി തുടങ്ങിയിരുന്നു. മുന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ തന്റെ ലങ്കാ സന്ദര്‍ശന വേളയില്‍, തമിഴര്‍ക്ക് അനുകൂലമായ ഭരണഘടനാ ഭേദഗതിക്ക് രജപക്‌സേയില്‍ സമ്മര്‍ദം ചെലുത്തി. ഇന്ത്യയിലെ കൂട്ടുകക്ഷി സര്‍ക്കാറിന്റെ നിലനില്‍പ്പിന് വേണ്ടിയായിരുന്നുവെങ്കിലും ശ്രീലങ്കന്‍ തമിഴരുടെ അഭിനമാനകരമായ അസ്തിത്വത്തിലേക്കുള്ള ധീരമായ ചുവടുവെപ്പായിരുന്നു ആ സമ്മര്‍ദം. കൃഷ്ണയുടെ മുമ്പില്‍ സമ്മതം മൂളിയ രജപക്‌സേ അദ്ദേഹം ദ്വീപ് വിടും മുമ്പ് തന്നെ പരസ്യമായി അത് നിഷേധിച്ചു. ലങ്കക്ക് വളരെയേറെ ഉപകാരപ്രദമാകുമായിരുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കാനുള്ള ഇന്ത്യയുടെ നിര്‍ദേശവും രജപക്‌സേ സര്‍ക്കാര്‍ ചെവികൊണ്ടില്ല. 500 മെഗാവാട്ട് കല്‍ക്കരി വൈദ്യുതി പദ്ധതി പകുതിക്ക് വെച്ച് നിര്‍ത്തിവെപ്പിച്ചു ആ സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ ദ്വീപ് രാഷ്ട്രത്തില്‍ ആവശ്യത്തില്‍ അധികമാണെന്നു പറഞ്ഞ് അവിടെ സേവനം അനുഷ്ഠിച്ചിരുന്നു നിരവധി പ്രൊഫഷനലുകളെ അദ്ദേഹം പുറത്താക്കി. പാക് കടലിടുക്കിന്റെ ശ്രീലങ്കന്‍ മേഖലയില്‍ തമിഴ് മീന്‍പിടിത്തക്കാരോട് ശ്രീലങ്കന്‍ നാവിക സേന കാണിക്കുന്ന ക്രൂരതകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം നിറയാറുണ്ട്. ഇന്ത്യയോട് ഇതാണ് സമീപനമെങ്കില്‍ ചൈനയോട് നേരെ മറിച്ചാണ്. റെയില്‍വേ വികസനമടക്കമുള്ളവയില്‍ ചൈനീസ് മൂലധനമാണ് ഒഴുകുന്നത്. ചൈനീസ് പദ്ധതികള്‍ക്ക് ഇന്ത്യ നല്‍കുന്നതിനേക്കാള്‍ ചെലവ് കൂടിയിട്ടും അത് തന്നെ സീകരിക്കുന്നത് രാഷ്ട്രീയ ശാഠ്യം ഒന്നുകൊണ്ട് മാത്രമാണ്. ചൈന നല്‍കുന്ന വായ്പയുടെയും അവസ്ഥയും ഇതാണ്.
പുതിയ പ്രസിഡന്റിന്റെ ആദ്യവിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കാണ് എന്നത് അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ ഭരാണാധികാരികള്‍ ഈ നിലയില്‍ തന്നെ പ്രതികരിക്കേണ്ടതുണ്ട്. ചൈനയോട് മത്സരിക്കാനല്ല, മറിച്ച് അവരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന സന്ദേശം കൊടുക്കാന്‍ അത് അനിവാര്യമാണ്. ദ്വീപ് രാഷ്ട്രത്തിലെ മുഴുവന്‍ ജനതയുടെയും വേരുകള്‍ ഇവിടെയാണെന്ന ചരിത്രപരമായ കാരണം ഒന്നുമാത്രം മതി ഇന്ത്യയുടെ ഉത്തരവാദിത്തം വ്യക്തമാകാന്‍.

---- facebook comment plugin here -----

Latest