Connect with us

International

എയര്‍ എഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു

Published

|

Last Updated

ജക്കാര്‍ത്ത/സിംഗപ്പൂര്‍: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ജാവാ കടലില്‍ നിന്ന് വീണ്ടെടുത്തു. ബ്ലാക്ബോക്സ് ഇന്നലെ തന്നെ കടലിനടിയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും വീണ്ടെടുക്കാനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ ശ്രമങ്ങളാണ് വിജയിച്ചത്. അതേസമയം ബ്ലാക്ബോക്സിന്റെ പ്രധാന ഭാഗമായ കോക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്താനായിട്ടില്ല.

ബ്ലാക് ബോക്‌സും ഫ്‌ളൈറ്റ് റെക്കോര്‍ഡറും വിശകലനം ചെയ്യുന്നതോടെ വിമാനം തകരുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ വാല്‍ ഭാഗം കഴിഞ്ഞ ദിവസം കരക്കെത്തിച്ചിരുന്നു. ഇത് ലഭിച്ച കടല്‍ ഭാഗത്തു നിന്ന് ബ്ലാക് ബോക്‌സില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചതാണ് വഴിത്തിരിവായത്.

ബ്ലാക് ബോക്സ് കണ്ടെത്താനായതോടെ 162 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ ദുരൂഹത നീങ്ങുമെന്ന്    ഇന്തോനേഷ്യന്‍ സമുദ്ര ഗതാഗത   ഡയറക്ടറേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. മുപ്പത് മുതല്‍ 32 വരെ ആഴത്തിലാണ് ബ്ലാക് ബോക്‌സ് ഉള്ളതെന്ന് ഡയറക്ടറേറ്റ് കോ ഓര്‍ഡിനേറ്റര്‍ ടോണി ബുദിയോനോ പറഞ്ഞു.

ഡിസംബര്‍ 28നാണ് ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു വിമാനം ജാവ കടലില്‍ വീണത്. ഇതിനകം 48 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ഇതിനകത്ത് കുടുങ്ങിയ നിലയിലാകാം മൃതദേഹങ്ങളെന്നാണ് നിഗമനം. ബഹുരാഷ്ട്ര സംഘമാണ് അത്യന്താധുനിക ഉപകരണങ്ങളുടെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്.