Connect with us

Gulf

സലാലയിലെ ഗുഹകള്‍ തേടി സഞ്ചാരികളും പഠന സംഘങ്ങളും

Published

|

Last Updated

മസ്‌കത്ത്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാവുകയാണ് സലാലയിലെ പര്‍വത നിരകളോട് ചേര്‍ന്നുള്ള ഗുഹകള്‍. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവരുടെയും ചരിത്ര പഠനത്തിന് എത്തുന്നവരുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമായതോടെ ഗുഹകളിലേക്കുള്ള വഴികളും ഇവിടെയുള്ള സൗകര്യങ്ങളും ടൂറിസം മന്ത്രാലയത്തിന് കീഴില്‍ വികസിപ്പിച്ചിരിക്കുകയാണ്.

സലാലയിലെ പരിസ്ഥിതിയെ കുറിച്ചും പുരാവസ്തുക്കളെ കുറിച്ചും പഠനം നടത്തുന്ന വിദ്യാര്‍ഥികളും രാജ്യന്തര സംഘങ്ങളും ഇവിടെ നിത്യ സന്ദര്‍ശകരായി മാറിയതായി കണക്കുകളും വ്യക്തമാക്കുന്നു. സലാലയില്‍ സ്‌ളേവേനിയയില്‍ നിന്നുള്ള പഠനം സംഘം സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ മലനിരയോട് ചേര്‍ന്ന് കിടക്കുന്ന “തൈഖ്” “എച്ചില്‍ക്കുഴി” കണ്ടെത്തിയിരുന്നു. 975,000 ക്യുബിക് മീറ്റര്‍ വിസ്തൃതിയുള്ള കുഴി 70 തട്ടുകളായാണ് നിര്‍മിച്ചിരുന്നത്. രാജ്യത്ത് ഇത് വരെ കണ്ടെത്തിയതില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ കുഴിയാണിത്. “എച്ചില്‍ക്കുഴി”യുടെ മുകള്‍ ഭാഗത്തായി വലിയ ഗുഹയും കണ്ടെത്തിയിരുന്നു. 170,000 ക്യുബിക് മീറ്റര്‍ വിസ്തൃതിയിലാണ് “തൈഖ്” ഗുഹ നിര്‍മിച്ചിരുന്നത്. ഗുഹയുടെ മുകള്‍ ഭാഗത്തായി ആറ് പുകക്കുഴലുകളും കാണാനാകും.
പടിഞ്ഞാറ് ഭാഗത്തായി നിര്‍മിച്ച അതി വിശാലമായ കവാടത്തിലൂടെയാണ് ആളുകള്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത്.
സലാലയില്‍ നിന്ന് 12.5 കിലോമീറ്റര്‍ അകലെയുള്ള വാദി നഹീസിനേട് ചര്‍ന്നുള്ള “സുഹൂര്‍” ഗുഹയുടെ നിര്‍മാണത്തിനായി ചുണ്ണാമ്പുകല്ലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗുഹയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടുകളും അരുവികളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നു.
സലാലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ വാദി ദര്‍ബാത്തിലുള്ള “റസാത്ത്” ഗുഹ മറ്റെല്ലാത്തില്‍ നിന്നും വ്യത്യസ്തമാണ്. പര്‍വതത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് നിര്‍മിച്ച “റസാത്ത്” ഗുഹയുടെ സമീപത്തെ പ്രകൃതിയും പഠന സംഘങ്ങളുടെ ഇഷ്ട കേന്ദ്രമാണ്. വ്യത്യസ്ത ജീവികളും സസ്യങ്ങളുമെല്ലാം ഇവിടെ ചില കാലങ്ങളില്‍ കാണാന്‍ സാധിക്കും. പഴയ കാലങ്ങളില്‍ ആളുകള്‍ ഇവിടെ എത്തിയതിന്റെ തെളിവുകളും ഇവിടെ കാണാന്‍ സാധിക്കും. സഞ്ചാരികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള പ്രയാസമൊഴിവാക്കാന്‍ പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്. സലാലയിലെത്തുന്ന സഞ്ചാരികള്‍ ഇത്തരം സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിന് വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പ്രചാരണങ്ങള്‍ നടത്തുന്നതോടൊപ്പം ഇത്തരം പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഇവിടെയെത്തുന്ന പഠന സംഘങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയത്തിന്റെയും നഗരസഭയുടെയും കീഴില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.