Connect with us

Business

റബ്ബര്‍ വില ഇടിഞ്ഞു; സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം

Published

|

Last Updated

കൊച്ചി: ടയര്‍ ലോബി സംസ്ഥാന സര്‍ക്കാറിനെയും വഞ്ചിച്ചു. പാക്കേജുകള്‍ വെള്ളത്തിലായതോടെ റബ്ബര്‍ വില വീണ്ടും ഇടിഞ്ഞു. വെളിച്ചെണ്ണ വിലയില്‍ കുതിപ്പ്. കുരുമുളക് വരവ് കണ്ട് വാങ്ങലുകാര്‍ അകന്നത് വിലയെ ബാധിച്ചു. പവന്റെ നിരക്കില്‍ ചാഞ്ചാട്ടം.
ടയര്‍ നിര്‍മാതാക്കള്‍ 13,000 രൂപക്ക് നാലാം ഗ്രേഡ് റബ്ബര്‍ സംഭരിക്കുമെന്ന വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി വ്യവസായികള്‍ വീണ്ടും ഷീറ്റ് വില ഇടിച്ചു. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ടാപ്പിംഗ് പുനരാരാം ഭിച്ചവര്‍ സാമ്പത്തിക ഞെരുക്കത്തിലാകും. കിലോ 130 രൂപയെങ്കിലും കിട്ടുമെന്ന പ്രതീക്ഷിച്ചവര്‍ക്ക് നിലവില്‍ 124 രൂപ പോലും ഉറപ്പ് വരുത്താനാകാത്ത അവസ്ഥയാണ്. അഞ്ചാം ഗ്രേഡ് റബ്ബര്‍ കിലോ 123 രൂപയില്‍ നിന്ന് 115 ലേക്ക് ഇടിഞ്ഞു.
കഴിഞ്ഞ മാസം ടയര്‍ വ്യവസായികള്‍ 29,728 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്തു. 2013 ഡിസംബറിനെക്കാള്‍ വരവ് എട്ട് ശതമാനം ഉയര്‍ന്നു.
കൊച്ചിയില്‍ വെളിച്ചെണ്ണ 13,300 ല്‍ നിന്ന് 13,800 വരെ കയറിയ ശേഷം വാരാന്ത്യം 13,700 ലാണ്. കോഴിക്കോട് എണ്ണ 15,000 ലുമാണ്. കൊച്ചിയില്‍ കൊപ്ര 9,150 ലും കോഴിക്കോട് 10,050 രൂപയിലും ക്ലോസിംഗ് നടന്നു. എണ്ണ വില ഉയര്‍ന്നതിനാല്‍ പ്രദേശിക വിപണികളില്‍ വില്‍പ്പനതോത് കുറഞ്ഞു.
തെക്കന്‍ കുരുമുളക് വരവ് ഉയര്‍ന്നത് വിലയെ ബാധിച്ചു. വിളവെടുപ്പും കുരുമുളക് സംസ്‌കരണവും ഊര്‍ജിതമാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 2,000 രൂപ ഇടിഞ്ഞ് 67,000 രൂപയിലാണ്. ഗാര്‍ബിള്‍ഡ് മുളക് വില 70,000 രൂപ. രാജ്യാന്തര വിപണിയില്‍ വാങ്ങലുകാര്‍ തിരിച്ചെത്തിയെങ്കിലും പുതിയ കച്ചവടങ്ങള്‍ക്ക് ഇറക്കുമതിക്കാര്‍ തയ്യാറായില്ല.
സ്വര്‍ണ വില ചാഞ്ചാടി. പവന്‍ 20,160 രൂപയില്‍ നിന്ന് 20,400 ലേക്ക് ഉയര്‍ന്നു. എന്നാല്‍ വാരാവസാനം നിരക്ക് 20,280 ലാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ഔണ്‍സിനു 1224 ഡോളറിലാണ്.

Latest