Connect with us

National

എഫ് ഡി ഐ കൂടുതല്‍ ഉദാരമാക്കും

Published

|

Last Updated

ഗന്ധിനഗര്‍: നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പദ് വ്യവസ്ഥ കൂടുതല്‍ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ വിദേശ നിക്ഷേപ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുമെന്നും പൊതു, സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ വ്യാപകമാക്കുമെന്നും മോദി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് കോര്‍പറേറ്റ് ഭീമന്‍മാരെയും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയ പ്രമുഖരെയും സാക്ഷിയാക്കി മോദി ഭാവി സാമ്പത്തിക നയം വ്യക്തമാക്കിയത്.
സ്മാര്‍ട്ട് നഗരങ്ങള്‍ സ്ഥാപിക്കാനായി നിര്‍മാണ മേഖലയില്‍ എഫ് ഡി ഐ നയം ഉദാരമാക്കും. അതിവേഗ റെയില്‍ പാതകളടക്കമുള്ള റെയില്‍ ഗതാഗത വികസനത്തിന് ഈ മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും. മറ്റ് മേഖലകളിലും ഈ നയം തുടരും. മെഡിക്കല്‍ സാമഗ്രികള്‍ നിര്‍മിക്കുന്ന മേഖലയിലും എഫ് ഡി ഐ ഉദാരമാക്കുമെന്ന് മോദി പ്രഖ്യാപിച്ചു.
ഇന്ത്യ അവസരങ്ങളുടെ നാടായി മാറിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക കുതിപ്പിലേക്ക് നയിക്കുകയാണ് തന്റെ സര്‍ക്കാറിന്റെ ലക്ഷ്യം. ഏഴ് മാസമെന്ന ചെറു കാലത്തിനിടക്ക് തന്നെ രാജ്യത്തിന്റെ സാമ്പത്തിക അന്തരീക്ഷം മാറ്റാന്‍ സാധിച്ചു. നിരാശയുടെയും അനിശ്ചിതത്വത്തിന്റെയും നാളുകള്‍ അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആദ്യ ദിനം മുതല്‍ തന്റെ സര്‍ക്കാര്‍ ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് രാജ്യത്തെ ഉണര്‍ത്താനാണ്. ഇതിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. രാജ്യങ്ങള്‍ ഇന്ന് ഇന്ത്യയില്‍ താത്പര്യം കാണിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളും ബിസിനസ് സ്ഥാപനങ്ങളും നിക്ഷേപകരും ഇന്ത്യയുടെ വളര്‍ച്ചാ യാത്രയില്‍ പങ്കു ചേരണം. ഇന്ത്യയോട് സഹകരിക്കാന്‍ എല്ലാവരും തയ്യാറാകുന്ന സ്ഥിതിയുണ്ട്. ആത്മവിശ്വാസം വളര്‍ത്താന്‍ സാധിച്ചത് കൊണ്ടാണ് അതെന്നും മോദി പറഞ്ഞു.
പ്രശ്‌നങ്ങളോടുള്ള സര്‍ക്കാറിന്റെ സമീപനം ഗുണാത്മകമായിരിക്കും. ആളുകളെ അടുപ്പിക്കുകയാണ് അകറ്റുകയല്ല ചെയ്യേണ്ടത്. മത്സരാധിഷ്ഠിതവും സഹകരണാത്കവുമായ ഫെഡറലിസമാണ് തന്റെ സര്‍ക്കാറിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംബന്ധിച്ച യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, നരേന്ദ്ര മോദിയെ വാനോളം വാഴ്ത്തി. അദ്ദേഹം മുന്നോട്ടു വെച്ച മേക് ഇന്‍ ഇന്ത്യ മുദ്രാവാക്യം ലോകത്തിനാകെ മാതൃകയാണെന്ന് കെറി പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായി കൂടുതല്‍ സാമ്പത്തിക, സൈനിക സഹകരണം അനിവാര്യമാണ്. മേക് ഇന്‍ ഇന്ത്യ പദ്ധതി വഴി ഇരു രാജ്യങ്ങള്‍ക്കും ഗുണമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകബേങ്ക് മോധാവി ജിം യോംഗ് കിമ്മും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. നൂറ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണ് സംഗമത്തിനെത്തിയത്.

Latest