Connect with us

Wayanad

ചിറ്റമ്മ നയം തിരുത്തുന്നത് വരെ സമരം: യൂത്ത് ലീഗ്

Published

|

Last Updated

കല്‍പ്പറ്റ: അവഗണനയില്‍ തുടരുന്ന വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തി തുടങ്ങണമെന്നാവശ്യപ്പെട്ട് 14ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന മാര്‍ച്ചില്‍ ജില്ലയില്‍ നിന്ന് ആയിരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സൗജന്യമായി സ്ഥലം ലഭിച്ചിട്ടും ഉദ്യോഗസ്ഥരുടെ പ്രതിലോമനിലപാട് സ്വീകരിക്കുന്നത് തിരുത്താന്‍ ഭരണാധികാരികള്‍ തയ്യാറാവണം. സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായി പ്രഖ്യാപിച്ച് ബജറ്റില്‍ തുകവകയിരുത്തിയിട്ടും പദ്ധതി നടപ്പാക്കാത്തത് ജില്ലയോട് ചെയ്യുന്ന കടുത്ത അനീതിയായാണ് പൊതുജനം വിലയിരുത്തുക. പ്രഖ്യാപിക്കപ്പെട്ട മറ്റ് മെഡിക്കല്‍ കോളജുകളെല്ലാം നിര്‍മാണം തുടങ്ങിയിട്ടും വയനാടിനോട് കാണിക്കുന്ന ചിറ്റമ്മ നയം തിരുത്തുന്നത് വരെ യൂത്ത് ലീഗ് സമരരംഗത്ത് നിറഞ്ഞുനില്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
കല്‍പ്പറ്റയിലെ ചന്ദ്രപ്രഭാ ട്രസ്റ്റ് അധികൃതര്‍ സൗജന്യമായി ഭൂമി നല്‍കാന്‍ തയ്യാറാവുകയും സര്‍ക്കാര്‍ തത്വത്തില്‍ അത് അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കുകയും ചെയ്തതാണ്. ഭൂമി ദാനം ചെയ്തതിനാല്‍ ചില ഉദ്യോഗസ്ഥര്‍ക്കും വ്യവഹാരികള്‍ക്കും കമ്മീഷന്റെയും കൈക്കൂലിയിുടെയും സാധ്യതകള്‍ ഇല്ലാതായി. ഇതാണ് സാങ്കേതികത്വം പറഞ്ഞ് മെഡിക്കല്‍ കോളജിന് തുരങ്കം വെക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. ഇത്തരക്കാരെ പൊതുജനമധ്യത്തില്‍ യൂത്ത്‌ലീഗ് തുറന്ന് കാണിക്കും. സി പി എം മെഡിക്കല്‍ കോളജ് വിഷയത്തില്‍ തുടരുന്ന ഒളിച്ചുകളി പൊതുസമൂഹം തിരിച്ചറിയണം.
സി പി എമ്മിന്റെ പ്രേരണയാണ് ഉദ്യോഗസ്ഥര്‍ കോളേജിനെതിരെ തിരിയാന്‍ കാരണമെന്ന് പൊതുസമൂഹങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. ആരോഗ്യരംഗത്ത് ഗുരുതരപ്രതിസന്ധികള്‍ നേരിടുന്ന ജില്ലയുടെ പ്രതീക്ഷയായ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും മുന്നിട്ടിറങ്ങണം.
14ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, എം എല്‍ എമാരായ സി മമ്മൂട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, എന്‍ കെറഷീദ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, ജനറല്‍ സെക്രട്ടറി പി ഇസ്മാഈല്‍, ട്രഷറര്‍ കെ എം ഷബീര്‍ അഹമ്മദ്, സെക്രട്ടറി കെ ഹാരിസ് പങ്കെടുത്തു

Latest