Connect with us

Wayanad

മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകരെ ആദരിച്ചു

Published

|

Last Updated

മാനന്തവാടി: വയനാടന്‍ മണ്ണില്‍ അധ്വാനത്തിന്റെ വിത്തെറിഞ്ഞ് പൊന്നുവിളയിച്ച മണ്ണിന്റെ മക്കളായ കര്‍ഷകരെ കാര്‍ഷിക മാമാങ്കമായ അഗ്രിഫെസ്റ്റ് വേദിയില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് തലത്തില്‍ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഘടനയായ മികവിലെ 500 പേരില്‍ നിന്ന് മികച്ചവരായി തെരഞ്ഞെടുക്കപ്പെട്ട ചെറുവയല്‍ രാമന്‍, എ.സി. വര്‍ക്കി, പള്ളിയറ രാമന്‍, ഡിഗോള്‍ തോമസ്, സൂരജ് നൂല്‍പ്പുഴ, ആഷിക്ക് കമ്പ്രത്ത, സാബി റഹീം, എല്‍ദോ ബേബി, ലില്ലി മാത്യു കര്‍ഷകരെയാണ് അഗ്രിഫെസ്റ്റില്‍ ആദരിച്ചത്.

ആരും കൊതിക്കുന്ന സര്‍ക്കാര്‍ജോലി വേണ്ടെന്ന് വെച്ച് മണ്ണില്‍ പൊന്നു വിളയിക്കാന്‍ വിത്തും കൈകോട്ടുമായി ഇറങ്ങി ജൈവവൈവിദ്ധ്യം സമ്പന്നമാക്കുന്ന പരമ്പരാഗത കൃഷിരീതികള്‍ക്കും വിത്ത് സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയ പള്ളിയറ രാമന്‍ എന്ന പാരമ്പര്യ കര്‍ഷകന് കാര്‍ഷികമേഖലയിലെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകജ്യോതി പുരസ്‌ക്കാരം ലഭിച്ചിരുന്നു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിത്തിനങ്ങള്‍ വില്‍ക്കാനുള്ളതല്ല കൈമാറ്റം ചെയ്യ പ്പെടാനുള്ളതാണെന്ന തിരിച്ചറിവോടെ പാരമ്പര്യമായി കൈമാറി വന്നതും വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ചതുമായ 42 ഓളം നെല്‍വിത്തിനങ്ങളെ സംരക്ഷിക്കുന്ന പ്രമുഖ പാരമ്പര്യ ജൈവകര്‍ഷകനാണ് ചെറുവയല്‍ രാമന്‍. 2011ലെ പി.വി.തമ്പി അവാര്‍ഡ്, 2012 ലെ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡ്, കാര്‍ഷിക മേഖലയിലെ വിവിധ സംഘടനകളുടെ ഇരുപത്തഞ്ചോളം പ്രശംസാപത്രങ്ങള്‍ എന്നിവ നേടിയ ഇദ്ദേഹം ഗ്ലോബല്‍ അഗ്രിമീറ്റില്‍ വയനാട് കര്‍ഷക പ്രതിനിധിയായും ദേശീയ ജൈവ വൈവിധ്യ ബോര്‍ഡ് സംഗമത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്.ആധുനിക കൃഷിരീതിയായ ഹൈടെക് ഫാമിംഗിലൂടെ കാര്‍ഷികമേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി വിജയം കൈവരിച്ച് 2014 ലെ യുവകേരള അവാര്‍ഡ് ജേതാവാണ് ഡിഗോള്‍ തോമസ്.
നാല് വര്‍ഷം മുന്‍പ് ആരംഭിച്ച നൂതന കൃഷിരീതിയിലൂടെ സംസ്ഥാനതലത്തില്‍ 2012 ല്‍ യുവകര്‍ഷക അവാര്‍ഡും 2013 ല്‍ യുവപ്രതിഭ അവാര്‍ഡും സ്വന്തമാക്കി. ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഫാര്‍മേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത 18 പേരില്‍ ഒരാളായി കേരളത്തെ പ്രതിനിധീകരിച്ചു.
പാല്‍ ഉല്‍പാദനത്തിലൂടെ ക്ഷീരവികസന ബോര്‍ഡിന്റെ 2012, 2013 വര്‍ഷങ്ങളില്‍ മികച്ച ക്ഷീരകര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട ലില്ലി മാത്യു 2014ലെ പീപ്പിള്‍സ് ഡയറി ഡെവലപ്‌മെന്റ് പ്രോജക്ടിലെ മികച്ച ക്ഷീരകര്‍ഷകയായും തെരഞ്ഞെടുക്കപ്പെട്ടു.
80 സെന്റ് കൃഷിഭൂമിയില്‍ നിന്ന് മികച്ച ആദായം നേടുന്ന ജൈവകര്‍ഷകനും മൃഗസംരക്ഷണമേഖലയിലെ ശ്രദ്ധേയനുമാണ് പൊഴുതനയിലെ എല്‍ദോ ബേബി.ജൈവകാര്‍ഷിക മണ്ഡലം പദ്ധതിയുടെ ബ്രാന്റ് അംബാസിഡറായ സൂരജ് നൂല്‍പ്പുഴ ചെലവില്ലാ പ്രകൃതികൃഷി എന്ന ആശയത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി സ്റ്റുഡന്റ് അവാര്‍ഡിന് അര്‍ഹനായി. സമ്മിശ്ര കൃഷി രീതി അവലംബിച്ച് 2013ലെ ജൈവകര്‍ഷക അവാര്‍ഡ് ആഷിഖ് കമ്പ്രത്തിനും 2014 ലെ ഗാന്ധിജി സ്റ്റഡി സെന്റര്‍ നല്‍കുന്ന കര്‍ഷക തിലക് അവാര്‍ഡ് സാബി റഹീമിനും ലഭിച്ചു.