Connect with us

Malappuram

കാട്ടുപന്നികള്‍ക്കും കിളികള്‍ക്കും പ്രവേശനമില്ല; നെല്‍കൃഷി സംരക്ഷിക്കാന്‍ പുതിയ രീതിയുമായി കര്‍ഷകര്‍

Published

|

Last Updated

കാളികാവ്: കൃഷിയിടങ്ങളെ കാട്ടുപന്നികളില്‍ നിന്നും സംരക്ഷിക്കാന്‍ പുതിയ തന്ത്രവുമായി കര്‍ഷകര്‍ രംഗത്ത്. ചിലവ് കുറഞ്ഞതും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതുമായ രീതി ഏറെ മാതൃകയാകുകയാണ്. നെല്‍വയലുകളില്‍ നിന്ന് കിളികളെ അകറ്റുന്നതിനും പുതിയ രീതി ഏറെ ഫലപ്രഥമാണ്.
എല്ലാ കര്‍ഷകരും ഈ രീതി നടപ്പാക്കിയാല്‍ കാട്ടുപന്നികള്‍ നാട്ടിലെത്തുന്നത് തടയാന്‍ കഴിയുമെന്നാണ് കര്‍ഷകരായ ജബ്ബാറും അബൂബക്കറും പറയുന്നത്. അമ്പലക്കടവ,് പെവുന്തറ പാടശേഖരങ്ങളിലാണ് പന്നികളേയും കിളികളേയും അകറ്റുന്നതിന് പുതിയ തന്ത്രം നടപ്പാക്കിയിട്ടുള്ളത്. കൃഷിയിടങ്ങളില്‍ പ്രത്യേക രീതിയില്‍ നിര്‍മിച്ച റിബ്ബണുകള്‍ കെട്ടുന്നതാണ് രീതി. റിബ്ബണുകളില്‍ തിളക്കം വരുന്നതിന് വേണ്ടി കളര്‍ പൂശുകയും ചെയ്തിട്ടുണ്ട്.
ഇത് റിഫഌക്റ്റ് ചെയ്യുന്നതിനാല്‍ പകല്‍ സമയത്ത് നെല്‍വയലില്‍ കിളികളുടെ ആക്രമണം ഉണ്ടായിട്ടില്ല. രാത്രി കാലങ്ങളില്‍ ചന്ദ്രന്റെ നിലാവും എല്‍ ഇ ഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ബള്‍ബുകളിലേയും നിലാവിന്റേയും വെളിച്ചം കാരണം റിബ്ബണുകള്‍ റിഫഌക്ട് ചെയ്യുന്നു. ചെറിയ കാറ്റിന് പോലും റിബ്ബണുകള്‍ ആടി ഉലയുകയും വയലുകളില്‍ ആകെ വെളിച്ചം പരക്കുകയും ചെയ്യുന്നു. കാറ്റില്‍ ആടി ഉലയുന്ന റിബ്ബണുകളില്‍ നിന്ന് ഉയരുന്ന ശബ്ദവും പന്നികളേയും കിളികളേയും കൃഷി സ്ഥലത്ത് നിന്ന് അകറ്റുന്നു.
തവനൂരിലെ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് കാളികാവ് കൃഷി ഓഫീസര്‍ എസ് മുരളീധരനാണ് കര്‍ഷകര്‍ക്ക് റിബ്ബണുകള്‍ എത്തിച്ച് കൊടുത്തത്. കൃഷിയിടങ്ങളില്‍ തിളങ്ങുകയും ആടി ഉലയുകയും പ്രത്യേക ശബ്ദം ഉണ്ടാകുകയും ചെയ്യുന്ന തന്ത്രം കാരണം ഇത്തവണ ഒരിക്കല്‍ പോലും കാട്ടുപന്നികള്‍ ഇറങ്ങിയിട്ടില്ലെന്നാണ് കര്‍ഷകരായ തെക്കേടത്ത് ജബ്ബാറും മണ്ണാറക്കാടന്‍ അബൂബക്കറും പറയുന്നത്.
കിളികളുടെ അക്രമണവും പാടശേഖരങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പാലക്കാട്, തൃശൂര്‍ മേഖലകളില്‍ ഈ തന്ത്രം പരീക്ഷിച്ച് തുങ്ങിയിട്ടുണ്ടെന്നും മലപ്പുറം ജില്ലയില്‍ റിബ്ബണ്‍ തന്ത്രം നടപ്പാക്കി വരുന്നുള്ളൂ എന്നും കൃഷി ഓഫീസര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായത് പോലെ പന്നിയുടെ ശല്ല്യം ഇപ്രാവശ്യം ഉണ്ടായിട്ടില്ലെന്നുള്ളതാണ് പുതിയ രീതികൊണ്ടുള്ള ഗുണമെന്നും അദ്ദേഹം പറഞ്ഞു.

Latest