Connect with us

Kozhikode

എം എല്‍ എയുടെ വേദി തകര്‍ത്തത് മാവോയിസ്റ്റ് മാതൃകയിലെന്ന് ഐ ഗ്രൂപ്പ്

Published

|

Last Updated

അരീക്കോട്: എം എല്‍ എയുടെ വേദി തകര്‍ത്ത സംഭവത്തെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് അവസാനിക്കുന്നില്ല. മാവോയിസ്റ്റ് മാതൃകയിലാണ് ഹൈബി ഈഡന്‍ എം എല്‍ എയുടെ വേദി തകര്‍ത്തതെന്നാരോപിച്ച് ഐ ഗ്രൂപ്പ് രംഗത്തെത്തി. എ ഗ്രൂപ്പെന്ന പേരില്‍ അരീക്കോട് പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസല്ലെന്നും അന്‍വര്‍ ഗ്രൂപ്പാണെന്നും ഐ വിഭാഗം ആരോപിച്ചു. വരാനിരിക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി പി എം ആലയിലെത്തിക്കാന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് അരീക്കോട് ടൗണ്‍ ബൂത്ത് കമ്മിറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ടൗണില്‍ പരിപാടി സംഘടിപ്പിച്ചതെന്നും വ്യാജപേരിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന എ ഗ്രൂപ്പിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നേതാക്കള്‍ പറഞ്ഞു. ഔദ്യോഗിക പരിപാടി ആയതുകൊണ്ടാണ് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും പരിപാടിയില്‍ പങ്കെടുത്തത്. ഐ ഗ്രൂപ്പ് പ്രതിനിധിയായി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം അച്ചടക്ക നടപടിയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് മണ്ഡലം പ്രസിഡന്റ് എ ഗ്രൂപ്പുകാരനായി അഭിനയിക്കുന്നത്.

എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഈ വഞ്ചന തിരിച്ചറിഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് അക്രമപ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാന്‍ നോക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ബശീറിനെതിരെ മത്സരിച്ച പി വി അന്‍വറിന് വേണ്ടിയായിരുന്നു മണ്ഡലം പ്രസിഡന്റ് പ്രവര്‍ത്തിച്ചത്. എം എല്‍ എക്കെതിരായ തിരഞ്ഞടുപ്പ് കേസില്‍ വാദി ഭാഗത്തെ മുഖ്യ സാക്ഷികള്‍ മണ്ഡലം പ്രസിഡന്റിന്റെ സഹോദരന്‍മാരായിരുന്നു. യു ഡി എഫ് ഭരിക്കുന്ന അരീക്കോട് ഗ്രാമപഞ്ചായത്തിനെതിരെ സി ഐ ടി യു നടത്തിയ സമരം ഉദ്ഘാടനം ചെയ്തതും സൗത്ത് പുത്തലം ഐ ടി പാര്‍ക്കിനെതിരെ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയില്‍ പ്രസംഗിച്ച് യു ഡി എഫ് വിരുദ്ധരുടെ കൂടെ കൂടിയതും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നെന്ന് ഐ വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Latest