Connect with us

Kozhikode

സുലൈമാന്‍ സേട്ട് സാംസ്‌കാരിക കേന്ദ്രം ശിലാസ്ഥാപനവും ന്യൂനപക്ഷ രാഷ്ട്രീയ സെമിനാറും 13ന്

Published

|

Last Updated

കോഴിക്കോട്: അരനൂറ്റാണ്ട് കാലം ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ന്യൂനപക്ഷ രാഷ്ട്രീയ സെമിനാറും 13ന് കോഴിക്കോട്ട് നടക്കുമെന്ന് ഐ എന്‍ എല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് അരയിടത്ത്പാലം കോണ്‍ഫിഡന്റ് ഗ്രൂപ്പ് മൈതാനിയില്‍ മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) ദേശീയ പ്രസിഡന്റുമായ എച്ച് ഡി ദേവഗൗഡ ശിലാസ്ഥാപനം നിര്‍വഹിക്കും.
പാളയത്താണ് 10 കോടിയോളം രൂപ മുടക്കി സാസ്‌കാരിക കേന്ദ്രം നിര്‍മിക്കുന്നത്. പഠന ഗവേഷണ കേന്ദ്രങ്ങള്‍ക്കുള്ള സൗകര്യവും ന്യൂജനറേഷന്‍ കോഴ്‌സുകളുടെ പരിശീലനവും ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രത്തില്‍ ഉണ്ടാകും. ശിലാസ്ഥാപന സമ്മേളനത്തില്‍ ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍, ജനതാദള്‍ (എസ്) ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി, ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പങ്കെടുക്കും. ഉച്ചക്ക് മൂന്നിന് നടക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ സെമിനാര്‍ സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജന. സെക്രട്ടറി എ പി അബ്ദുല്‍ വഹാബ്, വി ഹംസ ഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, ബശീര്‍ ബഡേരി, സി എച്ച് ഹമീദ്, സര്‍മ്മദ് ഖാന്‍ പങ്കെടുത്തു.