Connect with us

International

ഫാല്‍ക്കണ്‍ റോക്കറ്റ് ഇടിച്ചിറങ്ങി; സ്‌പേസ് എക്‌സിന്റെ ശ്രമം പാളി

Published

|

Last Updated

ഫ്‌ളോറിഡ: ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം വിക്ഷേപണ വാഹനത്തെ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ശ്രമം പാളി. നാസക്ക് വേണ്ടി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങള്‍ അടങ്ങിയ ഡ്രാഗണ്‍ പേടകവുമായി കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ റോക്കറ്റിനെ കടലില്‍ നിര്‍ത്തിയിട്ട ബാര്‍ജില്‍ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. എന്നാല്‍, ഡ്രാഗണ്‍ പേടകത്തെ ഫാല്‍ക്കണ്‍ സുരക്ഷിതമായി ഭ്രമണപഥത്തിലെത്തിച്ചു. ഫാല്‍ക്കണ്‍ റോക്കറ്റിനെ തിരിച്ചിറക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി സ്‌പേസ് എക്‌സ് കമ്പനി സി ഇ ഒ എലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു.
റോക്കറ്റിന് കേടുപാടുണ്ടാക്കാത്തവിധത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിനാണ് കമ്പനി പദ്ധതി തയ്യാറാക്കിയത്. എന്നാല്‍, ശക്തമായി ഇടിച്ചിറങ്ങിയ റോക്കറ്റ് ഉപയോഗശൂന്യമാകുകയായിരുന്നു. ഉപഗ്രഹ വിക്ഷേപണത്തിനു ശേഷം റോക്കറ്റ് പൂര്‍ണമായും നശിച്ചുപോകുകയാണ് ചെയ്യുന്നത്. ഒരു തവണത്തെ ഉപയോഗത്തിനു ശേഷം പൂര്‍ണമായും ഇല്ലാതാകുന്ന റോക്കറ്റുകളെ തിരിച്ചെത്തിച്ച് പുനരുപയോഗം സാധ്യമാക്കാനാണ് ശ്രമിച്ചത്. റോക്കറ്റിനെ തിരിച്ച് സുരക്ഷിതമായി ഭൂമിയില്‍ ഇറക്കാന്‍ സാധിക്കുന്നതോടെ ഉപഗ്രഹ വിക്ഷേപണത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കമ്പനി സി ഇ ഒ വ്യക്തമാക്കി.
പ്രാദേശിക സമയം 4.47ന് ഫ്‌ളോറിഡയിലെ കേപ് കാനവറല്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കണ്‍- 9 റോക്കറ്റ് ഡ്രാഗണ്‍ പേടകവുമായി കുതിച്ചത്.
ഫ്‌ളോറിഡയിലെ വടക്കു കിഴക്കന്‍ തീരത്ത് നിന്ന് ഇരുനൂറ് മൈല്‍ അകലെയുള്ള ബാര്‍ജില്‍ റോക്കറ്റിനെ ഇറക്കാനായിരുന്നു ശ്രമിച്ചത്. ഓര്‍ബിറ്റല്‍ സയന്‍സ് കോര്‍പറേഷന്‍ അയച്ച ബഹിരാകാശ വാഹനം ഒക്‌ടോബറില്‍ തകര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest