Connect with us

Kerala

അഴിമതി ഏറെയും റവന്യു, കായികം വകുപ്പുകളില്‍

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ വകുപ്പിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സ്വത്ത് സംമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാറിലെ വിവിധ വകുപ്പുകളിലെ മേധാവികള്‍ ഉള്‍പ്പെടുന്ന അഴിമതികള്‍ പുറത്തു വന്നതോടെയാണ് ആഭ്യന്തര വകുപ്പ് രഹസ്യ നടപടി സ്വീകരിച്ചത്. ആഭ്യന്തര വകുപ്പിന് പുറമെ ഇന്റലിജന്‍സും വിജിലന്‍സും ചേര്‍ന്നുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആദ്യം ആരംഭിച്ച അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ കൂടുതല്‍ വിശ്വസസ്ഥരെ ഉള്‍പ്പെടുത്തിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ സംയുക്തമായി അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്. ഇന്റലിജന്‍സ്, വിജിലന്‍സ് വകുപ്പ് മേധാവികളായ വിന്‍സണ്‍ എം പോളും, എ ഹേമചന്ദ്രനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയിലാണ് വകുപ്പുമേധാവികളുടെയും ജീവനക്കാരുടെയും അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താന്‍ പുതിയ ദൗത്യസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഇതിന് വകുപ്പ് മേധാവികള്‍ തന്നെയാണ് സംഘത്തില്‍ പ്രത്യക ഉദ്യോഗസ്ഥരെയും തിരഞ്ഞെടുത്തത്. അന്വേഷണം ആരംഭിച്ച് ആറ് മാസം പിന്നീടുമ്പോള്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നിട്ടുള്ളത്, ആഭ്യന്തരം, റവന്യു, പൊതുമരാമത്ത്, കായികം വകുപ്പുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ അഴിമതിയാണ് പൊതുമരാമത്ത്, കായിയ വകുപ്പുകളില്‍ നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവര്‍ക്ക് തമിഴ്‌നാട്ടിലുള്ള ഭൂസ്വത്തുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് കൊല്ലം ജില്ലക്കാരനായ ഒരു മുന്‍ മന്ത്രിക്കാണ്.
150 ഏക്കര്‍ ഭൂമിയാണ് കൊല്ലം – തെങ്കാശി ദേശീയ പാതിയില്‍ ഇദ്ദേഹത്തിനുള്ളത്. ഇപ്പോള്‍ ഇത് മകന്റെ പേരില്‍ രജിസ്റ്റര്‍ ചെയിരിക്കുകയാണ്. 15വര്‍ഷം മുന്‍മ്പാണ് ഈ ഭൂമി വാങ്ങിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ മുന്‍ ആഭ്യന്തര ഉദ്യോഗസ്ഥര്‍ക്ക് പൊള്ളാച്ചി, തേനി എന്നിവടിങ്ങളില്‍ മുന്തിരി തെങ്ങ് തോപ്പുകളും ഉള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഷോപ്പിംഗ് മാളുകള്‍, സിനിമാ നിര്‍മാണ കമ്പനി, റിസോര്‍ട്ട് എന്നീ മേഖലയില്‍ ബിനാമി പേരില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇതിനകം ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട് . നിലവില്‍ അഴിമതി ആരോപണ വിധേയരായ വിവധ വകുപ്പിലെ 32 ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നീരീക്ഷണത്തിലാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതികള്‍ പുറത്തുവരുമെന്നാണ് സൂചന.

Latest