Connect with us

National

ഡല്‍ഹിയില്‍ ആറ് മുന്‍ ബി ജെ പി നേതാക്കള്‍ക്ക് എ എ പിയുടെ ടിക്കറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് മുന്‍ ബി ജെ പി നേതാക്കള്‍ എ എ പി ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞ വര്‍ഷം ബി ജെ പിയില്‍ നിന്ന് രാജിവെച്ചവരാണ് ഇവര്‍. ഇവരില്‍ മൂന്ന് പേര്‍ മുന്‍ എം എല്‍ എമാരും ബാക്കിയുള്ളവര്‍ കൗണ്‍സിലര്‍മാരുമാണ്. കോണ്‍ഗ്രസ്, ബി എസ് പി എന്നിവയില്‍ നിന്ന് വന്ന രണ്ട് പേരെയും എ എ പി മത്സരിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് അരവിന്ദ് കെജ്‌രിവാള്‍ ആളുകളെ അടര്‍ത്തിയെടുക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയത വളരുന്നുവെന്ന് അവകാശപ്പെട്ട് പാര്‍ട്ടി അംഗത്വ പരിപാടി ശക്തമാക്കിയ വേളയിലാണ് ബി ജെ പിയില്‍ നിന്ന് ആളൊഴുക്കുണ്ടാകുന്നതെന്ന് കെജ്‌രിവാള്‍ തിരിച്ചടിച്ചു. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയവും പെരുമാറ്റവും കൊണ്ടാണ് ആളുകള്‍ കൊഴിഞ്ഞുപോകുന്നതെന്ന് എ എ പി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ഒരുപാട് ബി ജെ പി നേതാക്കള്‍ എ എ പിയില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ആറ് പേര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുടെ ജനകീയതയുമായി ഇതിനെ ചേര്‍ത്ത് വായിക്കേണ്ടെന്ന് ഡല്‍ബി ബി ജെ പി പ്രസിഡന്റ് സതീഷ് ഉപാധ്യായ പറഞ്ഞു. കെജ്‌രിവാളിനെ പോലെ അധികാരഭ്രമം കാരണമാണ് അവര്‍ പാര്‍ട്ടി വിട്ടത്. ബി ജെ പി ടിക്കറ്റ് നല്‍കില്ലെന്ന് അവര്‍ക്ക് അറിയാം. അതിനാല്‍ തങ്ങളെ തെല്ലും ബാധിക്കുന്നതല്ല അവരുടെ കൊഴിഞ്ഞുപോക്ക്. അത്തരം രാഷ്ട്രീയ വിനോദസഞ്ചാരം എല്ലാ തിരഞ്ഞെടുപ്പിലും സംഭവിക്കുന്നതാണ്. അദ്ദേഹം പറഞ്ഞു.
ബി ജെ പി ജില്ലാ പ്രസിഡന്റായിരുന്ന രാം വിലാസ് ഗോയല്‍ എ എ പി ടിക്കറ്റില്‍ ഷാദരയില്‍ മത്സരിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം ബി ജെ പി വിട്ടത്. രണ്ട് ബി ജെ പി കൗണ്‍സിലറായിരുന്ന രഘുവേന്ദ്ര ഷൗകീന്‍ നംഗ്ലോയ് ജാട്ടില്‍ നിന്നാണ് മത്സരിക്കുക. വേദ് പ്രകാശ്, കര്‍താര്‍ സിംഗ് തന്‍വാര്‍, നരേഷ് ബല്യാന്‍, ഫതേ സിംഗ് എന്നീ ബി ജെ പിയുടെ മുന്‍ സംസ്ഥാന നേതാക്കളും എ എ പി ടിക്കറ്റിലാണ് മത്സരിക്കുക.
കഴിഞ്ഞ വര്‍ഷം ബി എസ് സ്ഥാനാര്‍ഥിയായിരുന്ന ഷാഹി റാം, തുഗ്ലക്കാബാദില്‍ നിന്ന് മത്സരിക്കും. മറ്റൊരു ബി എസ് പി നേതാവായ ശരത് ചൗഹാന് നരേലയിലാണ് എ എ പി ടിക്കറ്റ് നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് വന്ന എസ് കെ ബഗ്ഗ, കൃഷ്ണ നഗറില്‍ നിന്നാണ് മത്സരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 70 സ്ഥാനാര്‍ഥികളെയും എ എ പി പ്രഖ്യാപിച്ചിരുന്നു.

Latest