Connect with us

Articles

ദ്വീപ് രാഷ്ട്രത്തിലെ ഉദയാസ്തമയങ്ങള്‍

Published

|

Last Updated

എന്തെല്ലാം കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തെ ഉത്കൃഷ്ടമാക്കി നിലനിര്‍ത്തുന്നത് വോട്ടിനെ ആയുധമാക്കി മാറ്റുന്ന മനുഷ്യരാണ്. ആ ആയുധ പ്രയോഗം എല്ലായ്‌പ്പോഴും കൃത്യമായിക്കൊള്ളണമെന്നില്ല. എന്നാല്‍ ചരിത്രത്തിന്റെ ചില തിരിവുകളില്‍ അങ്ങേയറ്റത്തെ അവധാനതയോടെ, അത്യന്തം പ്രായോഗികമായി ജനം വിധിയെഴുതിക്കളയും. ആരാണ് അവരെ ഇങ്ങനെ ഒറ്റ ലക്ഷ്യത്തിലേക്ക് നയിച്ചതെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കില്ല. ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥക്ക് ശേഷം താഴെയിറക്കിയ ഇന്ത്യന്‍ ജനത ചെയ്തത് അതാണ്. ഇന്ന് മഹിന്ദ രജപക്‌സെയെന്ന അതികായന് ശ്രീലങ്കന്‍ ജനത പുറത്തേക്ക് വഴി കാണിച്ചതും ചതിയനെന്നും ജൂതാസെന്നും അധിക്ഷേപിക്കപ്പെട്ട മൈത്രിപാല സിരിസേനയെ രാജ്യത്തിന്റെ ഭരണ സാരഥ്യമേല്‍പ്പിച്ചതും ജനാധിപത്യത്തിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരമായി മാറുന്നു. സിരിസേനയുടെ കീഴിലുള്ള ശ്രീലങ്ക രജപക്‌സെ വാഴ്ചയില്‍ നിന്ന് ഏറെ മുന്നോട്ട് പോയില്ലെന്ന് വരാം. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയാണം പ്രശ്‌ന മലകളില്‍ തട്ടി തടസ്സപ്പെട്ടേക്കാം. എങ്കിലും ജനായത്തത്തിന്റെ ഈ കണക്കു തീര്‍ക്കല്‍ മനോഹരമായി നിലനില്‍ക്കും. കാരണം ഏകാധിപത്യത്തിലേക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുകയെന്നത് തന്നെയാണ് പോളിംഗ് ബൂത്തുകളുടെ ഏറ്റവും വലിയ കടമ.
രജപക്‌സെയും സിരിസേനയും തമ്മില്‍ മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസമേയുള്ളൂ. ഇന്നലെ വരെ അദ്ദേഹത്തിന്റെ വിശ്വസ്തനും മന്ത്രിസഭാംഗവുമായിരുന്ന സിരിസേനക്ക് പ്രതിപക്ഷ പാര്‍ട്ടിയായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയില്‍ യാതൊരു പിടിപാടുമില്ല. മൂന്ന് മാസമായിട്ടേ ഉള്ളൂ അദ്ദേഹം ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി വിട്ടിട്ട്. എന്നിട്ടും പലകോണില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു. തമിഴ് ജനവിഭാഗവും മുസ്‌ലിംകളും പൂര്‍ണമായി സിരിസേനയോടൊപ്പം നില്‍ക്കുകയും കഴിഞ്ഞ രണ്ട് തവണയും രജപക്‌സയെ പിന്തുണച്ച സിംഹളരില്‍ നല്ലൊരു വിഭാഗം ഇപ്പുറത്തേക്ക് മാറുകയും ചെയ്തതോടെയാണ് വിജയം സാധ്യമായത്. ഈ മാറ്റത്തിലേക്ക് നയിച്ച കാരണങ്ങള്‍ വിശകലനം ചെയ്ത് കൊണ്ടു മാത്രമേ ദ്വീപ് രാഷ്ട്രത്തിലെ ഭരണ മാറ്റത്തിന്റെ സാധ്യതകളും പ്രതിസന്ധികളും അനാവരണം ചെയ്യാനാകുകയുള്ളൂ.
എല്‍ ടി ടി ഇയെ തകര്‍ത്തെറിഞ്ഞ ശക്തനായ “രാജാവാ”യിരുന്നു ഭൂരിപക്ഷത്തിന് മഹിന്ദാ രജപക്‌സെ. ഈ വിശേഷണത്തിന്റെ അലകളില്‍ അദ്ദേഹം കുടുങ്ങിപ്പോയെന്നതാണ് സത്യം. രാജാധികാരത്തിന്റെ ലക്ഷണങ്ങളിലേക്ക് അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. തമിഴ് പുലികളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് ന്യായീകരണമുണ്ടാകാം. എന്നാല്‍ തമിഴ് ജനതയോട് അദ്ദേഹം കാണിച്ചത് വംശീയമായ പകപോക്കല്‍ തന്നെയായിരുന്നു. പുലിയൊഴിഞ്ഞ ലങ്കയില്‍ തമിഴ് ജനസാമാന്യത്തെ കൂടുതല്‍ നന്നായി ഉള്‍ക്കൊള്ളാനായിരുന്നു അദ്ദേഹത്തിന്റെ ഭരണകൂടം ശ്രമിക്കേണ്ടിയിരുന്നത്. പകരം അദ്ദേഹം കൂടുതല്‍ സിംഹളനായി. വികസന മുന്‍ഗണനകളില്‍ നിന്ന് വടക്കന്‍ മേഖല വെട്ടിമാറ്റപ്പെട്ടു. വല്ലാത്തൊരു അന്യതാ ബോധത്തിലേക്കാണ് തമിഴ് വംശജര്‍ കൂപ്പുകുത്തിയത്. തമിഴ് കുടിയേറ്റത്തെ മാറ്റി നിര്‍ത്തി ശ്രീലങ്കയുടെ ആധുനിക ചരിത്രം നിര്‍മിക്കുക അസാധ്യമാണ്. ബ്രിട്ടീഷ് ആധിപത്യകാലത്ത് സിലോണില്‍ തേയില കൃഷിയായിരുന്നു മുഖ്യ തൊഴില്‍. തദ്ദേശീയരായ സിംഹളരും തമിഴരും പണിക്ക് തികയാതെ വന്നപ്പോള്‍ ആയിരക്കണക്കിന് തമിഴ് തൊഴിലാളികളെ ബ്രിട്ടീഷ് അധികാരികള്‍ സിലോണിലേക്ക് കൊണ്ടുവന്നു. വളരെക്കാലത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇവരില്‍ പലര്‍ക്കും ശ്രീലങ്കയില്‍ പൗരത്വം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴര്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതി കൈവരിച്ചു. കുറെയധികം പേര്‍ ഇംഗ്ലീഷ് ഭാഷ പഠിച്ചു. അവരൊക്കെയും പൊതു ഭരണം, അധ്യാപനം, ആതുരസേവനം തുടങ്ങിയ മേഖലകളില്‍ ഉദ്യോഗങ്ങളിലെത്തി. വ്യാപാര വ്യവസായ മേഖലകളിലും അവര്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി. 1948ല്‍ സിലോണ്‍ സ്വാതന്ത്ര്യം നേടിയതോടെ കാറ്റുമാറി വീശിത്തുടങ്ങി. ശ്രീലങ്കയെന്ന പേരുമാറ്റത്തോടൊപ്പം മുന്‍ഗണനകളും അപ്പാടെ മാറി. ഇംഗ്ലീഷ് ഭാഷയുടെ പ്രാമുഖ്യം നഷ്ടപ്പെട്ടു. 1956ല്‍ പ്രസിഡന്റ് സോളമന്‍ ബണ്ഡാരനായകെ ഏക ഭരണഭാഷ സിംഹളമാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിന് ഭൂരിപക്ഷ ഭാഷ തന്നെ ഭരണഭാഷയാകണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഔദ്യോഗിക ഭാഷയായി സിംഹളയെ അംഗീകരിക്കാന്‍ തമിഴര്‍ തയ്യാറല്ലായിരുന്നു. ഇവിടെ നിന്നാണ് ചോരച്ചാലുകളുടെ തുടക്കം. ഭാഷാപരമായ ഒറ്റപ്പെടലില്‍ നിന്ന് മുളപൊട്ടിയ അതൃപ്തിയാണ് വിദ്വേഷത്തിന്റെ മഹാവൃക്ഷമായി വളര്‍ന്നത്. 1956ല്‍ ശ്രീലങ്കയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനം തമിഴരായിരുന്നു. 1970 ആയപ്പോഴേക്കും അത് അഞ്ച് ശതമാനമായി ഇടിഞ്ഞു. എല്ലാ സര്‍ക്കാര്‍ സംവരണങ്ങളും സിംഹളര്‍ക്ക് അനുകൂലമായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിന് ലഭിക്കേണ്ട ഒരു പരിഗണനയും തമിഴര്‍ക്ക് അനുവദിക്കാന്‍ കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ തയ്യാറായില്ല.
1972ലേയും 1978ലേയും ഭരണഘടനാ പുനഃസംഘടനയും സിംഹള പ്രാമാണ്യമുറപ്പിക്കാനാണ് ഉപയോഗിച്ചത്. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിംഹളരെ കുടിയിരുത്താനുള്ള തന്ത്രപരമായ നീക്കം കൂടി സര്‍ക്കാര്‍ നടത്തി. ജാഫ്‌നയിലാണ് ഈ ആസൂത്രിത നീക്കം കാര്യമായി പ്രയോഗിച്ചത്. തമിഴ് കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന മുളക്, ഉള്ളി തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതി ചെയ്തു. ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് വിറ്റതോടെ കര്‍ഷകര്‍ ദുരിതത്തിലായി. അങ്ങനെ സമസ്ത മേഖലയിലും വിവേചനം. ഈ വിവേചനങ്ങളില്‍ നിന്നാണ് “വിടുതലൈ പുലികള്‍” ജനിക്കുന്നത്. ജനാധിപത്യ മാര്‍ഗത്തിലൂടെ തങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ തമിഴ് വംശജര്‍ക്ക് സാധിക്കുമായിരുന്നു. പക്ഷേ യാഥാര്‍ഥ്യങ്ങള്‍ അവരെ ആയുധമണിയിക്കുകയാണ് ചെയ്തത്. സിംഹള ഭൂരിപക്ഷത്തിനായി നിലകൊള്ളുന്ന ഭരണസംവിധാനത്തില്‍ നിന്ന് പുറത്തു കടന്ന് പ്രത്യേക ഈഴം സ്ഥാപിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന പോര്‍മുനയിലേക്ക് തമിഴ് ജനതയെ നടത്തിക്കാന്‍ എല്‍ ടി ടി ഇക്കും വേലുപ്പിള്ള പ്രഭാകരനും സാധിച്ചു. പിന്നെ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും കാലമായിരുന്നു. ഒടുവില്‍ പ്രഭാകരന്‍ തീര്‍ന്നു. പുലികള്‍ ചിതറി. ഈ ഘട്ടത്തില്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചു വരാനും ദേശീയധാരയില്‍ ലയിക്കാനും തയ്യാറായ തമിഴ് വംശജര്‍ക്ക് അതിനുളള അവസരമൊരുക്കുന്നതിന് വിജയോന്‍മത്തനായ രജപക്‌സെ തയ്യാറായില്ല എന്നതാണ് പ്രശ്‌നം. അത്‌കൊണ്ട് അവരുടെ ജനാധിപത്യ അഭിവാഞ്ഛ സിരിസേനയെ പിന്തുണച്ചു കൊണ്ട് അവര്‍ നിര്‍വഹിക്കുകയായിരുന്നു.
ഇനി മുസ്‌ലിംകള്‍. സായുധ പോരാട്ടത്തിന്റെ ഘട്ടത്തില്‍ സര്‍ക്കാറിനെ സഹായിച്ചുവെന്നാരോപിച്ച് എല്‍ ടി ടി ഇ മുസ്‌ലിംകള്‍ക്കു നേരെ നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ ചരിത്രത്തില്‍ ചോര പടര്‍ത്തി കിടക്കുന്നുണ്ട്. ഈ അനുഭവമാണ് തനതായ രാഷ്ട്രീയ മുന്നേറ്റത്തിന് വലിയ തോതില്‍ ശ്രമിക്കാതെ സിംഹള പാര്‍ട്ടികളുമായി സഹകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ അവര്‍ രജപക്‌സെയെ പിന്തുണച്ചത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബുദ്ധതീവ്രവാദികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഒത്താശ ചെയ്യുകയായിരുന്നു രജപക്‌സേ. തെക്ക് പടിഞ്ഞാറന്‍ ശ്രീലങ്കയിലെ അലുത്ഗാമയിലാണ് ഈ താണ്ഡവത്തിന്റെ ഏറ്റവും ഭീകരത ഉഗ്രരൂപം പ്രാപിച്ചത്. ഇവിടെ ബോധു ബല സേനയെന്ന ബുദ്ധതീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടെ നിരവധി തവണ ഇവിടെ ആക്രമണങ്ങള്‍ നടന്നു. അലുത്ഗാമയില്‍ നിന്ന് പലായനം ചെയ്യുന്ന മുസ്‌ലിംകളുടെ ബന്ധുക്കള്‍ താമസിക്കുന്ന സമീപസ്ഥ പ്രദേശങ്ങളിലും ബുദ്ധ തീവ്രവാദികള്‍ ആയുധങ്ങളുമായി എത്തുന്നു. ഇങ്ങനെ അടിച്ചു തകര്‍പ്പെട്ട പ്രദേശങ്ങളിലൊന്നാണ് സീനാവത്തെ. ബി ബി എസ് സംഘടിപ്പിക്കുന്ന കൂറ്റന്‍ സമ്മേളനങ്ങള്‍ വിദ്വേഷ പ്രഖ്യാപനങ്ങള്‍ക്കുള്ള വേദികളായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും അവ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വാക്കുകള്‍ കൊണ്ട് കലാപമുണ്ടാക്കാന്‍ മിടുക്കുള്ള ബി ബി എസ് ഭീകര നേതാവ് ഗലഗോഡ അത്തേ ജ്ഞാനസാരയെപ്പോലുള്ളവരെ പരോക്ഷമായി സഹായിക്കുകയായിരുന്നു രജപക്‌സേയുടെ പോലീസ് സേന. ബുര്‍ഖക്കും അബായക്കുമെതിരെ ബി ബി എസ് നിരന്തരം പ്രചാരണം നടത്തുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകളെ ആക്രമിക്കുന്നു. കഴിഞ്ഞ വര്‍ഷം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിനെതിരെ പ്രചണ്ഡ പ്രചാരണം നടത്തിയിരുന്നു. ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമയാണ് മാംസ ഉത്പന്നങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത് മുസ്‌ലിംകളുടെ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമാണെന്ന് ബി ബി എസ് ആരോപിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി ഹലാല്‍ ഷോപ്പുകള്‍ ബി ബി എസ് തീവ്രവാദികള്‍ അടിച്ചു തകര്‍ത്തു. ഈ വിഷയത്തില്‍ ഇടപെട്ട പ്രസിഡന്റ് മഹീന്ദാ രജപക്‌സെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നടത്താനുള്ള അധികാരം ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് പിടിച്ചെടുക്കുകയാണ് ചെയ്തത്. ഇത്തരം നടപടികളാണ് രജപക്‌സെക്ക് ഇന്ന് പുറത്തേക്ക് വഴിയൊരുക്കിയത്.
ഭരണത്തിലെ കുടുംബ വാഴ്ച അദ്ദേഹത്തിനെതിരെ വന്‍ ആയുധമാക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചു. 2014 നവംബറില്‍ ആരോഗ്യമന്ത്രിപദം രാജിവെച്ച് പുറത്തു വന്നപ്പോള്‍ സിരിസേന ഉന്നയിച്ച പ്രധാന ആരോപണവും ഇത് തന്നെയായിരുന്നു. ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സഹോദരന്‍ ഗോദഭയയെ പ്രതിരോധ സെക്രട്ടറിയായും മറ്റൊരു സഹോദരന്‍ ബസിലിനെ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകനായും നിയമിച്ചു. 2010ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മറ്റൊരു സഹോദരന്‍ ചമലിനെ പാര്‍ലിമെന്റ് സ്പീക്കറാക്കി. അധികാര കേന്ദ്രീകരണ പദ്ധതിയുടെ ഭാഗമായിരുന്നു ഇവയെല്ലാം. മൂന്നാമൂഴത്തില്‍ മത്സരിക്കാനായി രജപക്‌സേ കൊണ്ടു വന്ന ഭരണഘടനാ ഭേദഗതിയുടെ ഉള്ളടക്കവും അധികാര കേന്ദ്രീകരണം തന്നെയായിരുന്നു.
വിദേശനയത്തില്‍ രജപക്‌സെ കൊണ്ടു വന്ന അട്ടിമറികളാണ് അദ്ദേഹത്തിന് മുന്നില്‍ വലിയ കുഴികള്‍ സൃഷ്ടിച്ചത്. പുലി വേട്ടക്കിടെ നടന്ന യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയം യു എന്നില്‍ കൊണ്ടു വന്നതിന് പിന്നില്‍ അമേരിക്കയായിരുന്നു. പ്രമേയത്തോട് മുഖം തിരിഞ്ഞ് നിന്ന രജപക്‌സേ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയെ കൂട്ടു പിടിച്ചു. മേഖലയിലെ നേതൃസ്ഥാനത്തിനായി ദാഹിച്ച് നില്‍ക്കുന്ന ചൈന ഒട്ടും മാന്യമല്ലാത്ത പക്ഷം ചേരല്‍ നടത്തുകയായിരുന്നു. ലങ്കയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കോടിക്കണക്കിന് ഡോളര്‍ മുടക്കാന്‍ ചൈന തയ്യാറായി. രജപക്‌സേ കൊണ്ടു വന്ന എല്ലാ വന്‍കിട പദ്ധതിയുടെയും പിന്നില്‍ ചൈനയായിരുന്നു. ദ്വീപ് രാഷ്ട്രത്തില്‍ ഇന്ത്യക്കുള്ള ചരിത്രപരമായ സ്വാധീനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ചൈനക്കുണ്ടായിരുന്നു. പക്ഷേ “ചൈനീസ് അധിനിവേശം” ശ്രീലങ്കന്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. അതുവഴി മേഖലയില്‍ രൂപപ്പെടാനിരുന്ന ശാക്തിക ചേരി തിരിയലിന് കൂടി തടയിടാന്‍ ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായിരിക്കുന്നു.
സിരിസേനക്ക് മുന്നിലെ വഴികള്‍ പൂ വിരിച്ചതല്ല. അദ്ദേഹം ആര്‍ജിച്ച പിന്തുണകളെല്ലാം സ്വാഭാവികമായും അദ്ദേഹത്തിന്റെ ചുമലില്‍ ഉത്തരവാദിത്വങ്ങള്‍ കെട്ടിവെക്കുന്നുണ്ട്. ഇങ്ങ് ഇന്ത്യയിലെ തമിഴ്‌നാട്ടില്‍ അദ്ദേഹത്തിനായി ഉയര്‍ന്ന ജയ് വിളികളില്‍ എന്താണ് മുഴങ്ങുന്നത്? ശ്രീലങ്കന്‍ തമിഴര്‍ക്ക് കൂടുതല്‍ ഭരണഘടനാ അവകാശങ്ങള്‍ കരഗതമാകുമെന്ന പ്രതീക്ഷ തന്നെ. വടക്കന്‍ മേഖലയില്‍ രജപക്‌സേ ഇറക്കിയ സൈന്യത്തില്‍ നല്ലൊരു ശതമാനത്തെ പിന്‍വലിക്കുമെന്ന പ്രതീക്ഷ. പാക് സ്‌ട്രൈറ്റിന്റെ ശ്രീലങ്കന്‍ ഭാഗത്ത് ചെല്ലുന്ന തമിഴ് മീന്‍പിടിത്തക്കാരെ പിടിച്ചു കൊണ്ടുപോകുന്നത് അവസാനിക്കുമെന്ന് വരെ പ്രതീക്ഷിച്ചു കളയുന്നു. സിംഹളരുടെ വോട്ട് കൂടി നേടി വിജയിച്ച സിരിസേനക്ക് ഈ പ്രതീക്ഷകളെ എത്രമാത്രം സഫലീകരിക്കാനാകുമെന്നാണ് ചോദ്യം. സിരിസേനയെ ഗോദയിലിറക്കിയ ചന്ദ്രികാ കുമാരതംഗെയും റനില്‍ വിക്രമ സിംഗെയും ഇന്ത്യയോടടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അങ്ങനെ വരുമ്പോള്‍ ചൈനീസ് മൂലധനം അപ്രത്യക്ഷമാകുന്ന ശൂന്യത എങ്ങനെ മറികടക്കുമെന്ന ചോദ്യവും ഉണ്ട്. പ്രസിഡന്‍ഷ്യല്‍ അധികാരം കുറച്ച് രാജ്യത്തെ കൂടുതല്‍ പാര്‍ലിമെന്റേറിയന്‍ ആക്കുമെന്ന് പുതിയ പ്രസിഡന്റ് വാദ്ഗാനം നല്‍കിയിട്ടുണ്ട്. അതും അത്രമാത്രം സുസാധ്യമല്ല.
തിരുത്താനായി നിയോഗിക്കപ്പെട്ട ഏത് ഭരണാധികാരിയും അനുഭവിക്കുന്ന സമ്മര്‍ദം സമാനമാണ്. അധികാരത്തിന് പുറത്ത് നിന്ന് പറഞ്ഞത് അകത്തെത്തുമ്പോള്‍ പാലിക്കാനാകുമോ എന്നത് തന്നെ. പറഞ്ഞ സിരിസേനയും പ്രവര്‍ത്തിക്കുന്ന സിരിസേനയും തമ്മിലുള്ള അന്തരം എത്രയാകുമെന്നതാണ് ചോദ്യം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest