Connect with us

Editorial

ജമ്മുകാശ്മീരിലെ രാഷ്ട്രപതി ഭരണം

Published

|

Last Updated

കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം മറികടക്കാന്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിക്കും(പി ഡി പി) ബി ജെ പിക്കും കഴിയാതെവന്ന സാഹചര്യത്തില്‍ ജമ്മുകാശ്മീര്‍ രാഷ്ട്രപതിഭരണത്തിലായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനാവാതെ വന്നപ്പോഴാണ്, പരസ്പരം പോരടിച്ചവരെങ്കിലും ഈ പാര്‍ട്ടികള്‍ കൂട്ടുകക്ഷി സര്‍ക്കാറിനായി ശ്രമം നടത്തിയത്. മുഖ്യമന്ത്രിസ്ഥാനം മുതല്‍ സായുധസേന പ്രത്യേകാധികാര നിയമം പിന്‍വലിക്കല്‍ വരെ പല പ്രശ്‌നങ്ങളും ഇരു കക്ഷികളും ചര്‍ച്ചചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കേന്ദ്ര ഭരണകക്ഷിയായ ബി ജെ പിക്ക് ഇന്ദ്രപ്രസ്ഥത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ജമ്മുകാശ്മീരില്‍ പി ഡി പിയുടെ കടുംപിടുത്തത്തിന് വഴങ്ങാനാകുമായിരുന്നില്ല. പ്രത്യയശാസ്ത്രപരമായി വിരുദ്ധ നിലപാടുകളുള്ള ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യശ്രമത്തില്‍ പാര്‍ട്ടി എം എല്‍ എമാരടക്കം നേതാക്കളില്‍ ഒരു വിഭാഗത്തിന് കടുത്ത അഭിപ്രായഭിന്നത പ്രകടമായിരുന്നു. തന്ത്രപ്രധാനമായ അതിര്‍ത്തി സംസ്ഥാനം, അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആസൂത്രണം ചെയ്യുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എണ്ണമറ്റ പ്രശ്‌നങ്ങള്‍, “ഭൂമിയിലെ സ്വര്‍ഗ”മെന്ന് വിശേഷിപ്പിക്കുന്ന ജമ്മുകാശ്മീരിനെ പ്രശ്‌ന സംസ്ഥാനമാക്കുന്നു.
87 അംഗ നിയമസഭയില്‍ 28 സീറ്റുകള്‍ നേടിയ പി ഡി പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 25 സീറ്റുമായി ബി ജെ പി രണ്ടാം സ്ഥാനത്താണ്. 15 സീറ്റുമായി നാഷനല്‍ കോണ്‍ഫ്രന്‍സ് മൂന്നാം സ്ഥാനത്തും 12 സീറ്റുള്ള കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാണ്. ബി ജെ പിക്ക് ലഭിച്ച 25 സീറ്റുകളും ജമ്മു മേഖലയില്‍ നിന്നാണ് എന്നതും ശ്രദ്ധേയമാണ്. 1977മുതല്‍ ഇത് ആറാം തവണയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാകുന്നത്. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഇന്നത്തേതിനെ പോലെ 1977ലും സംസ്ഥാനത്തുണ്ടായി. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയായിരുന്നു അന്ന് കാവല്‍ മുഖ്യമന്ത്രി. പി ഡി പിയും കോണ്‍ഗ്രസും സഖ്യശ്രമം നടത്തിയെങ്കിലും അനന്തമായി നീണ്ടപ്പോള്‍ കാവല്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഗവര്‍ണര്‍ സക്‌സേനയെ കണ്ട് തന്നെ ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനം അന്ന് ആദ്യമായി രാഷ്ട്രപതി ഭരണത്തിന് കീഴിലായി. ഫാറൂഖ് അബ്ദുല്ലയെ കുറച്ച് സമയം കൂടി കാവല്‍ സ്ഥാനത്ത് തുടരാന്‍ പ്രേരിപ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയ് ഇടപെട്ട് നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ജമ്മുകാശ്മീരിന് ആവശ്യമെന്നാണ് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടത്.
ഇത്തവണ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടത് നാഷനല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനുമാണ്. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ജനവിധി മാനിച്ച് ഈമാസം 5ന് ഗവര്‍ണര്‍ എന്‍ എന്‍ വോറക്ക് രാജിക്കത്ത് നല്‍കി. തുടര്‍ന്ന് ഗവര്‍ണറുടെ ഉപദേശം മാനിച്ച് അദ്ദേഹം “കാവല്‍” ജോലിയിലായിരുന്നു. ഇനിയും ഈ അവസ്ഥ തുടരാനാകില്ലെന്ന് ഉമര്‍ ഗവര്‍ണറെ അറിയിച്ചതോടെ അവിടെ രാഷ്ട്രപതി ഭരണത്തിന് വഴിതുറക്കുകയും ചെയ്തു. ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് പുതിയ നിയമസഭ ഈമാസം 19ന് മുമ്പ് നിലവില്‍ വരണം. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ജമ്മുകാശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കരുതാം. സംസ്ഥാനം ഇപ്പോഴും പ്രളയകെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. തലചായ്ക്കാന്‍ ഇടവും മതിയായ ഭക്ഷണവും ലഭിക്കാതെ ജനങ്ങള്‍ വട്ടം തിരിയുമ്പോള്‍ സംസ്ഥാനത്ത് ഭദ്രവും ശക്തവുമായ ഒരു ഭരണകൂടം അനിവാര്യമാണ്. ജനതയെ ഒന്നായിക്കാണാന്‍ ഭരണകൂടത്തിനാകണം. രാഷ്ട്രപതി ഭരണം അധികം നീണ്ടുപോകുന്നത് ജനാധിപത്യ സംവിധാനത്തെ ദുര്‍ബലമാക്കും. അതുകൊണ്ടുതന്നെ കാര്യപ്രാപ്തിയുള്ള ഒരു ജനകീയ സര്‍ക്കാറിനായി സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ശ്രമിക്കണം. രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിനുള്ള മറയാക്കാന്‍ ആരേയും അനുവദിച്ചുകൂടാ. അങ്ങിനെയൊരു സാധ്യത കാണുന്നപക്ഷം നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മടിക്കരുത്. ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ കാണിച്ച അഭൂതപൂര്‍വമായ താത്പര്യം മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കും ആവേശം പകരുന്നതാണ്.

Latest