Connect with us

Gulf

നിയമങ്ങള്‍ ലംഘിച്ച് സലാലയില്‍ കേരള ലോട്ടറി ടിക്കറ്റ് വില്‍പ്പന

Published

|

Last Updated

മസ്‌കത്ത്/ സലാല :നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കേരള സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകള്‍ സലാലയില്‍ സുലഭം. ഒമാനിലെ സലാല ചൗക്കിലെ ചില കടകളില്‍ പരസ്യമായി തൂക്കിയിട്ടാണ് ടിക്കറ്റുകളുടെ വില്‍പ്പന. ടിക്കറ്റുകളില്‍ വ്യാജനും ഒര്‍ജിനലുമുണ്ട്. സലാലയില്‍ നിരവധി മലയാളികള്‍ ഇതിനകം ടിക്കറ്റെടുത്ത് കബളിപ്പിക്കപ്പെട്ടു. കേരള ടിക്കറ്റുകള്‍ സംസ്ഥാനത്തിന് പുറത്ത് വില്‍ക്കരുതെന്ന നിയമവും ലോട്ടറിയും ചൂതാട്ടവും വിലക്കുന്ന ഒമാന്‍ നിയമവും ലംഘിച്ചാണ് സംസ്ഥാന ഭാഗ്യക്കുറികള്‍ സലാലയില്‍ വ്യാപകമായി വിറ്റഴിക്കുന്നത്.
രണ്ട് കോടി രൂപയുടെ പൂജാ ബംബര്‍, എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന പൗര്‍ണമി, ചൊവ്വാഴ്ചയിലെ ധനശ്രീ, തിങ്കളാഴ്ചയിലെ വിന്‍ വിന്‍ , ശനിയാഴ്ചയിലെ കാരുണ്യ, ബുധനാഴ്ചയിലെ അക്ഷയ, വെളളിയാഴ്ചയിലെ ഭാഗ്യനിധി തുടങ്ങി ഓണം, വിഷു ബംബര്‍ ടിക്കറ്റുകളും ലഭ്യമാണെന്ന് ടിക്കറ്റെടുത്ത് കബളിപ്പിക്കപ്പെട്ട മലയാളികള്‍ പറഞ്ഞു.
അക്ഷയ ലോട്ടറി ഏജന്‍സി തൃശൂര്‍, എസ് ആര്‍ ലോട്ടറി ഏജന്‍സീസ് മാപ്രാണം, ഭഗവതി ലോട്ടറി ഏജന്‍സീസ് ആറ്റിങ്ങല്‍, തിരുവനന്തപുരം തുടങ്ങിയ ഏജന്‍സികളുടെ സീല്‍ പതിച്ച ടിക്കറ്റുകളാണ് കബളിപ്പിക്കപ്പെട്ട മലയാളികളുടെ കൈവശമുളളത്. അക്ഷയ ഏജന്‍സി തൃശൂര്‍ എന്ന പേരില്‍ രണ്ട് തരത്തിലുളള സീലുകള്‍ ടിക്കറ്റുകളില്‍ കാണുന്നു.
ലോട്ടറി ടിക്കറ്റുകള്‍ കേരളത്തിന് പുറത്ത് വില്‍പ്പന നടത്തല്‍ നിയമവിരുദ്ധമാണെന്നും സലാലയിലെ വ്യാജ വില്‍പ്പനയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കേരള ലോട്ടറി വിഭാഗം പബ്ലിസിറ്റി ഓഫീസര്‍ ജി വേണുഗോപാല്‍ സിറാജിനോട് പറഞ്ഞു. ഒമാനിലെ ടിക്കറ്റ് വില്‍പ്പനയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധമില്ലെന്നും തങ്ങളുടെ ടിക്കറ്റുകള്‍ എങ്ങനെയാണ് കേരളത്തിന് പുറത്തെത്തുന്നതെന്ന് അറിയില്ലെന്നും തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി പ്രതിനിധി മിത്രന്‍ പറഞ്ഞു.
30 രൂപയുടെ ടിക്കറ്റിന് 500 ബൈസ, 40ന് 600 ബൈസ, 100ന് 1.200 റിയാല്‍ ഇങ്ങനെയാണ് ടിക്കറ്റുകളുടെ വിലയെന്ന് സലാലയില്‍ ടിക്കറ്റ് വില്‍പന നടത്തുന്ന കടയിലെ ജീവനക്കാരന്‍ പറഞ്ഞു. ഒന്നിച്ചെടുക്കുമ്പോള്‍ വിലയില്‍ ഇളവ് നല്‍കാറുണ്ട്. സമ്മാനം ലഭിച്ചാല്‍ തുക ഇവിടെ തന്നെ നല്‍കുമെന്നും സമ്മാനത്തുക വലുതെങ്കില്‍ കേരളത്തിലാണ് നല്‍കുകയെന്നും കച്ചവടക്കാരന്‍ പറഞ്ഞു.
കടകളിലെ വില്‍പ്പനക്ക് പുറമെ ആവശ്യക്കാര്‍ക്ക് ടിക്കറ്റ് മുറികളില്‍ എത്തിച്ചു കൊടുക്കുന്ന രീതിയും നിലനില്‍ക്കുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ ബംബറുകള്‍ ആവശ്യക്കാരെ നേരിട്ട് സമീപിച്ചാണ് വില്‍പ്പന നടത്തുന്നതെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് വ്യാജ ലോട്ടറി സജീവമാകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് സലാലയില്‍ ഫഌറ്റുകളും ബാച്ചിലര്‍ റൂമുകളും കേന്ദ്രീകരിച്ചുളള ടിക്കറ്റ് വില്‍പ്പന നിലച്ചിരുന്നതായി ടിക്കറ്റെടുക്കുന്നവര്‍ പറഞ്ഞു.
ടിക്കറ്റുകളില്‍ ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചവരുണ്ട്. ഇതാണ് വീണ്ടും ടിക്കറ്റെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. 5000 രൂപ വരെയുളള ചെറിയ തുക സമ്മാനമായി ലഭിച്ചുവെന്ന് മാവേലിക്കര സ്വദേശി പറഞ്ഞു. സമ്മാനത്തുക ടിക്കറ്റ് വില്‍പ്പന നടത്തുന്നവര്‍ തന്നെ ഉപഭോക്താവിന് നല്‍കുകയാണ് പതിവെന്നും 5000 രൂപക്ക് മുകളില്‍ ആര്‍ക്കും ലഭിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
സനാഇയ്യ, സലാല ടൗണ്‍ എന്നിവിടങ്ങളില്‍ ടിക്കറ്റ് വില്‍പന വ്യാപകമാണെന്നാണ് വിവരം. ഒരേ ഏജന്‍സിയുടെ രണ്ട് തരം ടിക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവ വ്യാജമാണെന്ന് സംശയം ഉണ്ടായതെന്ന് മാവേലിക്കര സ്വദേശി പറഞ്ഞു. സമ്മാനം അടിച്ചതിന് തെളിവായി ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു നല്‍കുന്ന നറുക്കെടുപ്പ് ഫലത്തില്‍ കേരളസര്‍ക്കാറിന്റെ മുദ്രയോ മറ്റ് രേഖകളോ കാണുന്നില്ല. വില്‍പ്പന നടത്തിയ ചില ടിക്കറ്റുകള്‍ക്ക് പിറകില്‍ ഏജന്‍സിയുടെ ടെലിഫോണ്‍ നമ്പര്‍ കാണുന്നു. ചില ടിക്കറ്റുകളില്‍ ഏജന്‍സിയുടെ പേര് മാത്രമേ കൊടുത്തിട്ടുളളൂ. ഭഗവതി ലോട്ടറി ഏജന്‍സിയുടെ സീല്‍ പതിച്ച ടിക്കറ്റുകളില്‍ മാത്രമാണ് ഏജന്‍സിയുടെ ടെലിഫോണ്‍ നമ്പറും ലൈസന്‍സ് നമ്പറുമുളളത്.
എന്നാല്‍, ടിക്കറ്റുകള്‍ യഥാര്‍ഥമാണെന്നും കബളിപ്പിക്കലല്ലെന്നും വില്‍പ്പനക്കാര്‍ പറയുന്നു. അതേസമയം, ഒമാനില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്ക് നിരോധം നിലനില്‍ക്കുന്നത് സംബന്ധിച്ച് കച്ചവടക്കാര്‍ക്ക് വലിയ ജ്ഞാനമില്ലെന്നാണ് പരസ്യ വില്‍പ്പന അറിയിക്കുന്നത്.

Latest