Connect with us

Kerala

മതേതരത്വത്തിലൂടെയല്ലാതെ ഇന്ത്യക്ക് നിലനില്‍ക്കാനാവില്ല

Published

|

Last Updated

കണ്ണൂര്‍: മഹത്തായ മതേതര ആശയത്തിലൂടെയല്ലാതെ ഇന്ത്യക്ക് നിലനില്‍ക്കാനാകില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. വിഭിന്നമായ മതങ്ങളും ജാതികളും ആശങ്ങളുമാണ് ഇന്ത്യയിലുള്ളത്. ഇതൊക്കെ കൂടിച്ചേര്‍ന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം. എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെക്കുറിച്ച് കണ്ണൂരില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ വധിച്ചവരെ ദൈവിക ശക്തികളായി ഉയര്‍ത്തിക്കാട്ടുന്ന സംഘ്പരിവാര്‍ നടപടികള്‍ ആശങ്കയോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. രണ്ടായിരം വര്‍ഷത്തെ നീതി നിഷേധിക്കുകയാണ് മോദി ഭരണം ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്രവും പൈതൃകവും വളച്ചൊടിക്കുന്ന രോഗത്തിന് ചികിത്സ നടത്തേണ്ടതുണ്ട്. മതേതര ഇന്ത്യ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരുടെ കൂട്ടായ്മയും ചര്‍ച്ചയും ഇക്കാര്യത്തില്‍ ഉയര്‍ന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പൈതൃകത്തെ നിഷേധിച്ച്‌കൊണ്ട് പ്രവര്‍ത്തിക്കുകയും മഹാത്മജിയുടെ രാഷ്ട്രപിതാവ് സ്ഥാനം നിഷേധിക്കുകയും ചെയ്യുന്നത് ജനാധിപത്യ-മതേതര വിശ്വാസികള്‍ക്ക് അംഗീകരിക്കാനാകില്ല. ഏഴായിരം വര്‍ഷം മുമ്പ് ഇന്ത്യയില്‍ വിമാനം പറന്നുവെന്ന പുതിയ വാദഗതി മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണെന്നും ഡോ. കെ കെ എന്‍ കുറുപ്പ് ചൂണ്ടിക്കാട്ടി.
തന്റെ ഹിഡന്‍ അജന്‍ഡക്ക് വേണ്ടി ഇന്ത്യയുടെ ചരിത്രത്തെ വക്രീകരിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് കെ പി സി സി ജന. സെക്രട്ടറി അഡ്വ. ടി സിദ്ദീഖ് ചൂണ്ടിക്കാട്ടി. ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരാണ് പുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സംഘപരിവാര്‍ കൂടാരത്തിലേക്കെത്തിച്ചതും ഇന്ദിരാഗാന്ധിയെ തഴഞ്ഞതും ജപ്പാനില്‍വെച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചതും നിസ്സാരമായി കാണാനാകില്ല. ഇത് ഗൗരവത്തോടെ കാണണം. രാജ്യത്തെ മനസ്സുകളെ ഭിന്നിപ്പിക്കുന്ന നടപടികള്‍ക്കെതിരെ മേതതര വിശ്വാസികളുടെ ബദല്‍ ഉയര്‍ന്നു വരണമെന്നും. സിദ്ദീഖ് ആവശ്യപ്പെട്ടു.
അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ഭിന്നിപ്പിക്കുകയെന്ന ആശയമാണ് നരേന്ദ്രമോദി തുടരുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിംകളേയും ഹിന്ദുക്കളേയും തമ്മിലകറ്റുകയാണ് തന്റെ അധികാരം സുരക്ഷിതമാക്കാനുള്ള വഴിയെന്ന് മോദി ധരിക്കുന്നു. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ചും സംസ്‌കാരം തകര്‍ത്തും മോദി സര്‍ക്കാര്‍ നടത്തുന്ന വെല്ലുവിളികള്‍ പുരോഗമന ജനാധിപത്യശക്തികള്‍ ചെറുക്കുമെന്നു ഷിജുഖാന്‍ പറഞ്ഞു.
ഇന്ത്യയുടെ പൈതൃകത്തെ നശിപ്പിക്കുന്ന മോദിയുടെ നയങ്ങളെ ചെറുക്കാന്‍ മതനിരപേക്ഷത മുറുകെ പിടിക്കുക മാത്രമാണ് മാര്‍ഗമെന്ന് മോഡറേറ്ററായ ഡോ. ഹുസൈന്‍ രണ്ടത്താണി ചൂണ്ടിക്കാട്ടി. മഹാത്മജിയെ വധിച്ച ഗോഡ്‌സെക്ക് രാജ്യത്താകമാനം ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വരുന്നത് നിസാരമായ കാര്യമല്ല. ഘര്‍വാപസിക്കാര്‍ ആ പണി അവസാനിപ്പിച്ച് എല്ലാവരെയും ഒരുമിച്ച് കാണാന്‍ തയ്യാറാകണമെന്നും ഹുസൈന്‍ രണ്ടത്താണി ആവശ്യപ്പെട്ടു.
ദേശീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരന്ന് മതാധിഷ്ഠിത രാജ്യത്തിനു വേണ്ടി നിലപാട് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വിഷയം അവതരിപ്പിച്ച എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പറഞ്ഞു. ഇതിനായി ബുദ്ധിജീവികളുടെയും പണ്ഡിതരുടെയും കൂട്ടായ്മ ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡി സി സി ജന. സെക്രട്ടറി ടി ജയകൃഷ്ണന്‍, എസ് വൈ എസ് നേതാക്കളായ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, എന്‍ അബ്ദുല്‍ ലത്തീഫ് സഅദി, അശ്‌റഫ് സഖാഫി കടവത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.