Connect with us

Gulf

ദുബൈ ട്രാഫിക് പിഴകള്‍ ബേങ്ക് വഴി ഘട്ടങ്ങളായി അടക്കാനുള്ള സൗകര്യം തുടങ്ങി

Published

|

Last Updated

ദുബൈ: പോലീസിന് നല്‍കേണ്ട ട്രാഫിക് പിഴകള്‍ ബേങ്ക് മുഖേന ഘട്ടങ്ങളായി അടക്കാനുള്ള സൗകര്യം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ദുബൈ പോലീസ് പൊതു ജനങ്ങള്‍ക്കായി തുടങ്ങിയ സ്മാര്‍ട് സേവന സൗകര്യങ്ങളുടെ ഭാഗമാണിത്.
എമിറേറ്റ്‌സ് എന്‍ ബി ഡിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 3,6,12 മാസങ്ങളിലായി പിഴകള്‍ അടച്ചു തീര്‍ക്കാം. ഈ സേവനത്തിന് പ്രത്യേക പലിശ ഈടാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ സൗകര്യം പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ദുബൈ പോലീസിലെ സ്മാര്‍ട് സേവനങ്ങള്‍ക്കായുള്ള ഡയറക്ടറേറ്റ് തലവന്‍ കേണല്‍ ഖാലിദ് നാസര്‍ അല്‍ മര്‍സൂഖി ആവശ്യപ്പെട്ടു. ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടവര്‍ ദുബൈ പോലീസിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിഴയടക്കാനുള്ള സേവനങ്ങളുടെ ഭാഗത്ത് കടന്ന് എത്രകാലം കൊണ്ടാണ് അടച്ച് തീര്‍ക്കേണ്ടതെന്ന് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. തവണകളായി ക്രഡിറ്റ് കാര്‍ഡ് മുഖേന പിഴയടക്കാന്‍ സാധിക്കുക ട്രാഫിക് പിഴകള്‍ 500 ദിര്‍ഹമില്‍ കൂടുതലുള്ളവര്‍ക്ക് മാത്രമാണ്.
ദുബൈ പോലീസും എമിറേറ്റ്‌സ് എന്‍ ബി ഡി അധികൃതരും തമ്മിലുള്ള സ്ട്രാറ്റജിക്കല്‍ സഹകരണത്തിന്റെ ഭാഗമാണ് ഈ സൗകര്യമെന്ന് അധികൃതര്‍ അറിയിച്ചു.
പൊതുജനങ്ങളുമായി ബന്ധപ്പെട്ട ദുബൈ പോലീസിന്റെ മുഴുവന്‍ സേവനങ്ങളും സ്മാര്‍ട് ആക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണിതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.

Latest