Connect with us

Gulf

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ തിരിച്ചയക്കാന്‍ യു എ ഇ തീരുമാനിച്ചെന്ന വാര്‍ത്ത യു എസ് എംബസി നിഷേധിച്ചു

Published

|

Last Updated

ദുബൈ: അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരനെ തിരിച്ചയക്കണമെന്ന് യു എ ഇ അധികൃതര്‍ തീരുമാനിച്ചതായി പരക്കുന്ന വാര്‍ത്തകളെ അബുദാബിയിലെ യു എസ് എംബസി നിഷേധിച്ചു.
നയതന്ത്ര മര്യാദകള്‍ക്ക് നിരക്കാത്തതും തന്റെ ദൗത്യവുമായി ബന്ധമില്ലാത്തതുമായ ചില വിഷയങ്ങളിലിടപെട്ട് യു എസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ നടത്തിയ സംശയാസ്പദമായ ടെലിഫോണ്‍ സംഭാഷണങ്ങള്‍ കാരണമാണ് യു എ ഇ ഉദ്യോഗസ്ഥനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതെന്നാണ് ഒരു ഇലക്‌ട്രോണിക് വാര്‍ത്താ ചാനലിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.
വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അത്തരത്തിലൊരു തീരുമാനം യു എ ഇ അധികൃതര്‍ക്കുള്ളതായി അറിയില്ലെന്നും അബുദാബിയിലെ അമേരിക്കന്‍ എംബസി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ബഹ്‌റൈന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ അമേരിക്കന്‍ അതോറിറ്റികള്‍ നയതന്ത്ര മര്യാദകള്‍ ലംഘിക്കുന്നതായും ഇലക്‌ട്രോണിക് വാര്‍ത്താ ചാനലില്‍ കഴിഞ്ഞ ദിവസം പ്രചരിക്കുകയുണ്ടായി.
ഇത്തരം സംഭവങ്ങള്‍, നയതന്ത്ര മര്യാദകള്‍ ലംഘിക്കുന്ന പ്രവണത വാഷിംഗ്ടണ്‍ നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതായും ഇത് വിയന്ന കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും വാര്‍ത്താ ചാനല്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ പലതിലും ഇത്തരം മര്യാദ ലംഘനങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്നുണ്ടെന്നതിന്റെ തെളിവാണ് ദുബൈയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരന്റെ സംശയാസ്പദമായ ഫോണ്‍കോളെന്നും ചാനല്‍ വ്യക്തമാക്കിയിരുന്നു.
ചാനലില്‍ പ്രചരിച്ച വാര്‍ത്തയും അതിനെ ആധാരമാക്കിയുള്ള ചര്‍ച്ചകളും വിശകലനങ്ങളും തീര്‍ത്തും അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്നാണ് യു എസ് എംബസി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കിയത്.

Latest