Connect with us

Kerala

മസ്‌കത്തില്‍ പോകാനെത്തിയ യുവാവില്‍ നിന്ന് വെടിയുണ്ടകള്‍ പിടിച്ചു

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിമാനത്താവളത്തിലെ പരിശോധനക്കിടയിലാണ് കൊല്ലം അഞ്ചാലുംമൂട് ലളിതാ ഭവനില്‍ ഷാന്റു മുഹമ്മദില്‍ (34) നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഇന്നലെ രാവിലെ എട്ടരക്ക് തിരുവനന്തപുരം-മസ്‌കത്ത് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ മസ്‌കത്തിലേക്ക് പോകാനെത്തിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ബാഗിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. മസ്‌കത്തില്‍ ജോലി ചെയ്യുന്ന ഷാന്റു മുഹമ്മദ് അവധിക്ക് നാട്ടിലെത്തി നാല് ദിവസം കഴിഞ്ഞ് മടങ്ങിപ്പോകുകയായിരുന്നു.ബാഗ് പരിശോധന നടത്തിയ സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. മസ്‌കത്തില്‍വെച്ച് കിട്ടിയ വെടിയുണ്ടകള്‍ ഉപേക്ഷിക്കാന്‍ മറന്ന് ബാഗില്‍ സൂക്ഷിച്ചതാണെന്നാണ് ഇയാള്‍ പറയുന്നത്. ഷാന്റുവിന്റെ മറുപടി വിശ്വസനീയമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ വലിയതുറ പോലീസിന് കൈമാറി.
എന്നാല്‍ ഇയാള്‍ നല്‍കിയ മൊഴി ആദ്യം പറഞ്ഞതില്‍ നിന്ന് വിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. നാട്ടിലേക്കു വരുമ്പോള്‍ മസ്‌കത്തിലെ സുഹൃത്തില്‍ നിന്ന് വാങ്ങിയ ബാഗാണെന്നും ഇതില്‍ വെടിയുണ്ട ഉണ്ടായിരുന്നതായി അറിയില്ലെന്നുമാണ് പോലീസിന് നല്‍കിയമ മൊഴി. മസ്‌കത്തില്‍ ഒരു നിര്‍മാണ കമ്പനിയില്‍ മാനേജരാണെന്നും പിതാവിന് അസുഖമായതിനാല്‍ പെട്ടെന്നു നാട്ടില്‍വന്ന് തിരിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ആറ് മാസം മുമ്പ് വെടിയുണ്ടയുമായി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായിരുന്നു. ഇതിനു മുമ്പും നിരവധി തവണ ഇത്തരം കേസുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അന്വേഷണങ്ങള്‍ ഒരിടത്തും എത്തിയിട്ടില്ല.
അന്വേഷണം പുരോഗമിക്കുമ്പോള്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അതോടെ അന്വേഷണം നിര്‍ത്തേണ്ടിവരുമെന്നും പോലീസും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു. മാവോയിസ്റ്റ് , തീവ്രവാദ ഭീഷണി കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉറപ്പാക്കിയ സാഹചര്യത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം കടത്തുകള്‍ നടത്തുമ്പോള്‍ അത് സുരക്ഷാ വീഴ്ചയായി മാത്രമേ കാണാന്‍ കഴിയൂവെന്നാണ് വിമാനത്താവള അതോറിറ്റി അധികൃതര്‍ പറയുന്നത്.
കേരളത്തില്‍ 19 ദിവസം കഴിഞ്ഞാല്‍ ദേശീയ ഗെയിംസ് ആരംഭിക്കുകയാണ്. അതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ എത്തിത്തുടങ്ങും. അവര്‍ വരുന്നതും വിമാനമാര്‍ഗമായിരിക്കും.
ഇവര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സുരക്ഷ സംബന്ധിച്ചും ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രിയും പ്രസിഡന്റും അടക്കമുള്ള വി വി ഐ പികള്‍ ദേശീയ ഗെയിംസിന് എത്തേണ്ടതായിട്ടുണ്ട്. ഇന്നും നാളെയും കേന്ദ്രമന്ത്രിമാര്‍ കേരളത്തിലെത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ യാത്രക്കാരനില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയത് അധികൃതരുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Latest