Connect with us

Kozhikode

ആദിവാസികളില്‍ നിന്ന് നേരിട്ട് നിയമനം; ആദ്യഘട്ടം 200 കോണ്‍സ്റ്റബിള്‍മാര്‍

Published

|

Last Updated

കോഴിക്കോട്: കേരളാ പോലീസിലേക്ക് ആദിവാസികളില്‍ നിന്ന് നേരിട്ട് നിയമനം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആദ്യഘട്ടമെന്ന നിലയില്‍ 200 കോണ്‍സ്റ്റബിള്‍മാരെ ഉടന്‍ നിയമിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് സോണിലെ ഡി വൈ എസ് പിമാര്‍ക്ക് മുകളിലുള്ള ഉദ്യാഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായിട്ടാണ് ആദിവാസി മേഖലയില്‍ നിന്ന് സംസ്ഥാന പോലീസിലേക്ക് നേരിട്ട് നിയമനം ഉണ്ടാകുന്നത്. ആദിവാസി മേഘലയില്‍ നിന്നുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ആദിവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇവ ആദിവാസികളില്‍ എത്തുന്നുണ്ടോയെന്ന് ഇനി മുതല്‍ പോലീസ് പരിശോധിക്കും. അതാത് ജില്ലാ പോലീസ് മേധാവികള്‍ കലക്ടര്‍മാരുമായി കൂടിയാലോചിച്ചായിരിക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കുയെന്നും ചെന്നിത്തല പറഞ്ഞു.
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റുകളെ ശക്തമായി നേരിടനാണ് സര്‍ക്കാര്‍ തീരുമാനം. മാവോയിസ്റ്റുകളെ പരസ്യമായും രഹസ്യമായും സഹായിക്കുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കൃത്യമായ തെളിവുസഹിതം ഇത്തരക്കാരെ കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും.
നിലിവല്‍ മാവോയിസ്റ്റുകളുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെല്ലാം അവര്‍ ചെയ്യുന്നതല്ല. പലരും ഇവരില്‍ ആകൃഷ്ടരായി ആക്രമണങ്ങളിലേക്ക് ഇറങ്ങുന്നതാണ്. ഇതിനാല്‍ മാവോയിസ്റ്റുകളെ നേരിടും പോലെ തന്നെ പ്രധാനമാണ് അവരില്‍ ആകൃഷ്ടരാകുന്നവരേയും കണ്ടെത്തല്‍. മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്ന രീതിയില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണം. ഇതിനായി ന്യൂസ് എഡിറ്റര്‍മാരുടെ യോഗം വിളിക്കും. എന്ത് സാമൂഹിക അസമത്വത്തിന്റെ പേര് പറഞ്ഞിട്ടായാലും മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളെ വെച്ചുപൊറുപ്പിക്കില്ല. അവരുടെ ആവശ്യങ്ങള്‍ ന്യായാമാണെങ്കില്‍ തോക്ക് താഴെവെച്ച് വരട്ടേയുന്നെും ചെന്നിത്തല പറഞ്ഞു.
മാവോയിസ്റ്റ് വേട്ടക്കിറങ്ങുന്ന പോലീസുകാരുടെ പൂര്‍ണ സുരക്ഷിതത്വം സര്‍ക്കാര്‍ ഏറ്റെടുക്കും. മാവോയിസ്റ്റുകളെ പിടിക്കാനിറങ്ങിയതിന്റെ പേരില്‍ ശാരീരികമായോ തൊഴില്‍പരമായോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന ഭയം ആര്‍ക്കും വേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം, എ ഡി ജി പിമാരായ ബി സന്ധ്യ, എ ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി, ഐ ജി. പി സുരേഷ് രാജ് പുരോഹിത്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡി ഐ ജി ദിനചന്ദ്രകാശ്യപ് എസ് പിമാര്‍, അസി. കമ്മീഷണര്‍മാര്‍, ഡി വൈ എസ് പിമാര്‍ പങ്കെടുത്തു.