Connect with us

Palakkad

റവന്യൂ സര്‍വേ അദാലത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തും; മന്ത്രി പുതിയ പരാതികള്‍ സ്വീകരിക്കും

Published

|

Last Updated

പാലക്കാട്: റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ 17 ന് പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നടത്തുന്ന റവന്യൂ സര്‍വേ അദാലത്തിനുളള ഒരുക്കങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
37,361 അപേക്ഷകളാണ് അദാലത്തിലേക്ക് ഇതുവരെ ലഭിച്ചിട്ടുളളത്. ഇതില്‍ 25,656 പരാതികള്‍ പരിഹരിച്ചു. പരമാവധി പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും പരിപാടിയില്‍ എല്ലാവരുടേയും പൂര്‍ണ സഹകരണമുണ്ടാകണമെന്നും ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരുടെ വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത റവന്യൂ, സര്‍വേ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി തീര്‍പ്പ് കല്പിക്കാന്‍ അദാലത്തില്‍ ഊര്‍ജിത നടപടിയുണ്ടാകണമെന്ന് യോഗത്തില്‍ പി കെ ബിജു എം പി പറഞ്ഞു. പട്ടയം, പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിഹാരമുണ്ടാകണം. പ്രഖ്യാപിച്ച് വര്‍ഷങ്ങളായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത പരാതികളില്‍ തീര്‍പ്പുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
17ന് രാവിലെ ഒമ്പതിന് അദാലത്ത് ആരംഭിക്കും.മന്ത്രിയില്‍ നിന്ന് ഉത്തരവുകളും ആനുകൂല്യങ്ങളും ലഭിക്കേണ്ട തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പന്തലില്‍ ഏറ്റവും മുന്നില്‍ ഇരിപ്പിടം ഒരുക്കും. അപേക്ഷകര്‍ക്കും വി ഐ പികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും പ്രതേ്യക ഇരിപ്പിട സംവിധാനം ഒരുക്കും. പുതിയ അപേക്ഷ നല്‍കാന്‍ വരുന്നവര്‍ക്കും ഇരിപ്പിട സൗകര്യമൊരുക്കും. ഇവര്‍ക്കായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ആനുകൂല്യങ്ങളും ഉത്തരവുകളും മന്ത്രിയില്‍ നിന്ന് കൈപ്പറ്റാന്‍ സാധിക്കാത്തവര്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സജ്ജീകരിക്കുന്ന കൗണ്ടറുകളില്‍ നിന്ന് അവ ലഭിക്കും. പോലീസ് സുരക്ഷ ഉറപ്പാക്കും. അദാലത്തിനോടനുബന്ധിച്ച് ഹെല്‍പ്പ് ഡെസ്‌ക്, എന്‍ക്വയറി സെന്റര്‍ എന്നിവയും സജ്ജീകരിക്കും. ഭിന്നശേഷിയുളളവര്‍ക്ക് സ്റ്റേജില്‍ സുരക്ഷിതമായി കയറുന്നതിനും ഇറങ്ങുന്നതിനും ആവശ്യമായ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തും.
ഏറ്റവും കുറഞ്ഞത് 4000 പേര്‍ക്ക് ഇരിക്കാന്‍ പര്യാപ്തമായ പന്തലാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്നത്. വിവിധ വകുപ്പുകളുടെയും കുടുംബശ്രീ, ശുചിത്വ മിഷന്‍ തുടങ്ങിയവയുടെ പങ്കാളിത്തവും ഉണ്ടാകും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി കെ ബിജു എം പി, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ്, ജില്ലാ ബേങ്ക് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ പങ്കെടുക്കും.

Latest