Connect with us

Wayanad

അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനു ബാലസാന്ത്വനം പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ: അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് സഹായവുമായി സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും. ഈ സ്ഥാപനങ്ങളിലെ സന്നദ്ധരായ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു നിശ്ചിത തുക സ്വീകരിക്കുന്നതിനും ചികിത്സാസഹായം നല്‍കുന്നതിനും “ബാലസാന്ത്വനം” പദ്ധതി നിലവില്‍ വന്നു.
18 വയസില്‍ താഴെയുള്ള അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവിന് സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ സ്വയംസന്നദ്ധരായ ജീവനക്കാരുടെ മാസശമ്പളത്തില്‍നിന്നു കുറവുചെയ്യുന്ന നിശ്ചിത തുക ഉപയോഗിച്ച് ഫണ്ട് രൂപീകരിക്കണമെന്ന നിര്‍ദേശം ജീവനക്കാരില്‍ ചിലരാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച സര്‍ക്കാര്‍ “ബാലസാന്ത്വനം-2014″ന് രൂപം നല്‍കി ഉത്തരവാകുകയായിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍(ആര്‍.സി.സി.) ചികിത്സയിലുള്ള കുട്ടികള്‍ക്കായിരിക്കും പദ്ധതിയില്‍നിന്നു സഹായം. പദ്ധതി മാനദണ്ഡങ്ങള്‍: തുക നല്‍കാന്‍ സന്നദ്ധരായ ഗസറ്റഡ്, നോണ്‍-ഗസറ്റഡ് ജീവനക്കാരുടെ സമ്മതപത്രം അതത് വകുപ്പ്, ഓഫീസ് മേധാവികള്‍ സ്വീകരിച്ച് സൂക്ഷിക്കണം. ഈ വിവരം ധനവകുപ്പിനെ അറിയിക്കണം. സമ്മതപത്രത്തിന്റെ പകര്‍പ്പ് ശമ്പളം മാറുന്ന ട്രഷറിക്ക് നല്‍കണം. നിശ്ചിത തുക കുറഞ്ഞത് ആറു മാസം നല്‍കുമെന്ന ഉറപ്പ് സമ്മതപത്രത്തില്‍ ഉണ്ടാകണം.
അതത് ട്രഷറി ഓഫീസര്‍മാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു തുക കുറവുചെയ്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ജില്ലാ ട്രഷറികളില്‍ ആരംഭിക്കുന്ന ടി.എസ്.ബി അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനായി ട്രഷറി കോഡില്‍ മാറ്റം വരുത്തും. അക്കൗണ്ടില്‍ സ്വരൂപിക്കുന്ന തുക തിരുവനന്തപുരം ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് ആവശ്യാനുസരണം ക്രഡിറ്റ് ചെയ്യും. കലക്ടര്‍ ആര്‍ സി സി മേധാവിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ രേഖകള്‍ പരിശോധിച്ച് സഹായധനം അനുവദിക്കും. പദ്ധതിയിലേക്ക് പ്രതിമാസം ആയിരമോ അതില്‍ക്കൂടുതലോ രൂപ നല്‍കുന്ന ജീവനക്കാരുടെ പേരുവിവരം ധനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അവശ്യമെന്നുകണ്ടാല്‍ ജീവനക്കാരുടെ മക്കള്‍ക്കും ചികിത്സാസഹായം ലഭ്യമാക്കുനന് വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പന.

Latest