Connect with us

Malappuram

തിരൂര്‍ നഗരസഭയില്‍ കാണാതായ ഫയല്‍ പൊങ്ങി; വൈസ്‌ചെയര്‍മാനെ ഇടതുപക്ഷം ഘരാവോ ചെയ്തു

Published

|

Last Updated

തിരൂര്‍: നഗരസഭാ ഓഫീസില്‍ നിന്ന് കാണാതായ ടൗണ്‍ഹാള്‍ നവീകരണത്തിന്റെ എസ്റ്റിമേറ്റ് അടങ്ങിയ ഫയല്‍ മാസങ്ങള്‍ക്ക് ശേഷം പൊങ്ങി. കാണാതായ ഫയല്‍ കൊറിയര്‍ വഴി ചെയര്‍ പേഴ്‌സണ്‍ കെ സഫിയ ടീച്ചറുടെ പേരില്‍ എത്തുകയായിരുന്നു. വിവരം പുറത്തായതോടെ അന്വേഷണം ആവശ്യപ്പെട്ട് ഇടതു പക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ വൈസ്‌ചെയര്‍മാനെ ഘരാവൊ ചെയ്തു.
കാണാതായ ഫയലിനെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിനായി പോലീസില്‍ പരാതി നല്‍കുക, നഗരസഭയില്‍ നിന്നും കാണാതായ നാല്‍പ്പതോളം ഫയലുകളെ കുറിച്ചന്വേഷിക്കാന്‍ വിജിലന്‍സിന് ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഇടതു പക്ഷം വൈസ്‌ചെയര്‍മാന്‍ രാമന്‍കുട്ടിയെ ഉപരോധിച്ചത്.
തൊണ്ണൂറ് ലക്ഷം രൂപ ചിലവിട്ട് നടത്തുന്ന വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാള്‍ നവീകരണ പ്രവര്‍ത്തിയില്‍ ക്രമക്കേട് നടന്നത് വിജിലന്‍സില്‍ നിന്നും മറച്ചു വെക്കുകയായിരുന്നു ഫയല്‍ മുക്കലിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ തിരൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു. ഫയല്‍ നഷ്ടമായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കുകയും നഷ്ടപ്പെട്ട മറ്റു ഫയലുകളെ സംബന്ധിച്ചുള്ള അന്വേഷണം വിജിലന്‍സിന് വിടുമെന്നും വൈസ്‌ചെയര്‍മാന്‍ ഉറപ്പ് നല്‍കുകയും ചെയ്തതോടെ ഘരാവോ അവസാനിപ്പിക്കുകയായിരുന്നു. ഉപരോധത്തിന് സി പി എം ഏരിയാ സെക്രട്ടറി അഡ്വ.പി ഹംസക്കുട്ടി, ഇടതുപക്ഷ കൗണ്‍സിലര്‍മാരും നേതൃ ത്വം നല്‍കി.