Connect with us

Malappuram

കുരുമുളക് കവര്‍ച്ച: സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: മങ്കട പനങ്ങാങ്ങരയിലെ റോയല്‍ സ്‌പൈസസ് സ്ഥാപനത്തിന്റെ ഗോഡൗണ്‍ പൂട്ട് പൊളിച്ച് 10 ലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച ചെയ്ത ആറംഗ സംഘത്തിലെ ഒരു പ്രതികൂടി പിടിയിലായി. 2013 ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയാണ് 24 ചാക്ക് കുരുമുളക് കവര്‍ച്ച ചെയ്തത്.
മങ്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പെരിന്തല്‍മണ്ണ സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. സൈബര്‍ സെല്‍, ഫിംഗര്‍ പ്രിന്റ് വിഭാഗത്തിന്റെ സഹായത്തോടെ ഇത്തരത്തില്‍ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചെറുകര പാറക്കല്‍ മുക്ക് കൊല്ലാര്‍ത്തൊടി വീട്ടില്‍ അലി എന്ന അലിക്കുട്ടിയെ(28) ഇന്നലെ വൈകിട്ട് ആറരമണിയോടെ പാറക്കല്‍മുക്കില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തില്‍ കവര്‍ച്ച നടത്താമെന്ന് കണ്ടുവെച്ചത് അലിയാണ്. മുഖ്യ പ്രതി അന്‍വറിന്റെ നിര്‍ദേശപ്രകാരം മൂന്നാം തീയതി അന്‍വറിന്റെ ബൈക്കില്‍ പനങ്ങാങ്ങരയില്‍ എത്തുകയും അന്‍വറിന്റെ നിര്‍ദേശ പ്രകാരം വാഹനവുമായി സ്ഥലത്തെത്തിയ കോട്ടക്കല്‍, കൊടുവള്ളി സ്വദേശികളുമായി പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടത്തിയ കുരുമുളക് ആദ്യം കോഴിക്കോട്ടെ വാടകവീട്ടിലും പിന്നീട് കൊടുവള്ളി സ്വദേശിയുടെ നിര്‍ദേശപ്രകാരം തിരൂരങ്ങാടി കുന്നുംപുറത്തെ വീട്ടിലും സൂക്ഷിച്ച ശേഷം മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ വില്‍പന നടത്തുകയായിരുന്നു.
മുഖ്യ പ്രതിയെയും സഹായിയേയും അറസ്റ്റു ചെയ്ത അന്വേഷണ സംഘം ആറു ചാക്ക് കുരുമുളക് വിവിധ കടകളില്‍ നിന്ന് കണ്ടെടുത്തു. ശേഷിക്കുന്ന പ്രതികളുടെ അറസ്റ്റോടെ ശേഷിക്കുന്ന തൊണ്ടിമുതല്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അലിയെ ഇന്ന് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. സി ഐക്ക് പുറമെ എസ് ഐ സി കെ അബ്ദുള്‍ നാസര്‍, ഷാഡോ പോലീസിലെയും സ്‌പെഷ്യല്‍ സ്‌ക്വാഡിലെയും അന്വേഷണ ഉദ്യോഗസ്ഥരായ പി മോഹന്‍ദാസ്, പി എന്‍ മോഹന കൃഷ്ണന്‍, സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എന്‍ വി ഷെബീര്‍, അനില്‍ ചാക്കോ, അശ്‌റഫ് കൂട്ടില്‍, അഭിലാഷ് കൈപ്പിനി, പി അബ്ദുള്‍ ജബ്ബാര്‍, കെ ആര്‍ സജീവന്‍, പി ബിനുമോന്‍, ടി കുഞ്ഞയമു എന്നിവരടങ്ങിയ സംഘമാണ് അലിയെ അറസ്റ്റ് ചെയ്തത്.