Connect with us

International

കര്‍ഷക കുടുംബത്തില്‍ നിന്ന് രാജ്യത്തിന്റെ അമരത്തേക്ക്

Published

|

Last Updated

കൊളംബോ: ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മഹീന്ദ രജപക്‌സെ സര്‍ക്കാറിലെ ആരോഗ്യമന്ത്രിയുമായിരുന്ന മൈത്രിപാല സിരിസേന (63) രജപക്‌സെയുടെ വിശ്വസ്തനെന്ന് അറിയപ്പെട്ട നേതാവായിരുന്നു. 1951 സെപ്തംബര്‍ മൂന്നിന് പൊലോണ്ണറുവയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1989 ലാണ് ആദ്യമായി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ചന്ദ്രിക കുമരതുംഗ മന്ത്രിസഭയില്‍ അംഗമായിരുന്നു. 2005 ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ രജപക്‌സെ സര്‍ക്കാറില്‍ അദ്ദേഹം കൃഷിമന്ത്രി ആയി. 2010 ലെ തിരഞ്ഞെടുപ്പിലും വിജയിച്ച അദ്ദേഹം രണ്ടാം രജപാക്‌സെ സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായി. 2014 നവംബര്‍ 21 ന് മന്ത്രിസ്ഥാനം രാജിവച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തെത്തി.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 100 ദിവസത്തിനകം പ്രസിഡന്റിനുള്ള അമിത അധികാരങ്ങള്‍ വെട്ടിക്കുറച്ച് പാര്‍ലമെന്ററി ജനാധിപത്യം രാജ്യത്ത് കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹം നല്‍കിയ വാഗ്ദാനം.
തമിഴ് ജനതക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നതായിരുന്നു മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം. മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമരതുംഗ, മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗ എന്നിവര്‍ ആയിരുന്നു അദ്ദേഹത്തെ പ്രധാനമായും പിന്തുണച്ചിരുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ റെനില്‍ വിക്രമസംഗയെ പ്രധാനമന്ത്രിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രജപക്‌സെയെ പിന്തുണച്ചിരുന്ന മുതിര്‍ന്ന ന്യൂനപക്ഷ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പലരും തിരഞ്ഞെടുപ്പിന് മുമ്പ് സിരിസേനക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.