Connect with us

International

മയക്കുമരുന്ന് കേസില്‍ ജാക്കി ചാന്റെ മകന് ആറ് മാസം തടവ്

Published

|

Last Updated

ബീജിംഗ്: മയക്കുമരുന്ന് കേസില്‍ ഹോളിവുഡ് നടനും കുങ്ഫു താരവുമായ ജാക്കി ചാന്റെ മകന്‍ ജെയ്‌സീ ചാനി(32)നെ ആറു മാസത്തെ തടവിന് ചൈനയിലെ ജില്ലാ കോടതി ശിക്ഷിച്ചു. ആഗസ്റ്റിലാണ് ജെയ്‌സീ ചാനെയും തായ്‌വാന്‍ നടനുമായ കൈ കോയെയും മയക്കുമരുന്ന് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജെയ്‌സീ ചാനിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് പുറമെ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് സ്ഥലസൗകര്യമൊരുക്കുകയും ചെയ്തുവെന്നാണ് ചാനിനെതിരെയുള്ള കുറ്റം. 2000 യുവാന്‍ പിഴയും ഒടുക്കണം. ഇതിനകം തന്നെ അഞ്ച് മാസം ജയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ചാന്‍ അടുത്ത മാസം 13ന് ജയില്‍ മോചിതനാകും. ശിക്ഷ അംഗീകരിക്കുന്നുവെന്നും കോടതി നടപടി മാനിക്കുന്നുവെന്നും ജെയ്‌സീ ചാന്‍ പ്രതികരിച്ചു. ജയില്‍ മോചിതനായാല്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ പ്രവൃത്തിയില്‍ നേരത്തെ ജാക്കി ചാന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മകനെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ചൈനയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡില്‍ ജനുവരിക്കും ആഗസ്റ്റിനുമിടയില്‍ മാത്രം 7800 പേരെയാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്.
വിവിധ മേഖലകളിലെ പത്ത് താരങ്ങളും ഇതില്‍ ഉള്‍പ്പെടും. പ്രസിഡന്റ് സി ജീംഗ്പിന്‍ഗിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള രാജ്യവ്യാപക റെയ്ഡ് നടന്നത്.

Latest