Connect with us

Kerala

പാറ്റൂര്‍ ഭൂമി ക്രമക്കേട്: കലക്ടര്‍ ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് വിജിലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ ജില്ലാ കലക്ടര്‍ കെ എന്‍ സതീഷ്, ഡെപ്യൂട്ടി കലക്ടര്‍ ഷീബാ ജോര്‍ജ്, നഗരസഭ, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 15 ഉദ്യോഗസ്ഥര്‍ ഭൂമിയിടപാടില്‍ അധികാര ദുര്‍വിനിയോഗവും ക്രമക്കേടും നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണിനും നിവേദിത പി ഹരനുമെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നും വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോംസണ്‍ ലോകായുക്തക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്ന് പറയാന്‍ കഴിയില്ലെങ്കിലും ദുര്‍ഭരണവും ഗുരുതരമായ വീഴ്ചയുമുണ്ടായിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത കേസെടുത്തു. പാറ്റൂരില്‍ പുറമ്പോക്ക് ഭൂമിയായിരുന്ന 30.98 സെന്റാണ് സ്വകാര്യ നിര്‍മാണക്കമ്പനി കൈയേറിയത്. ഇതില്‍ 24 സെന്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കൈയേറിയ ഭൂമിയുടെ പോക്കുവരവും കെട്ടിടനിര്‍മാണ അനുമതിയും റദ്ദാക്കണമെന്നും എ ഡി ജി പിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ പ്രദേശത്തെ നിലവിലെ റീസര്‍വേ നിര്‍ത്തിവെക്കണമെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. കെട്ടിട നിര്‍മാണം റിസീവറെയോ മൂന്നാമതൊരു കക്ഷിയെയോ എല്‍പ്പിക്കണം. ഇതില്‍ മൂന്ന് സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമി ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പതിനഞ്ച് ഉദ്യോഗസ്ഥരും അടുത്ത മാസം ആറിന് നേരിട്ട് ഹാജരാകാനും ലോകായുക്ത ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
അതേസമയം, ഭൂമിയടപാടില്‍ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാറ്റൂരിലെ ഭൂമി തട്ടിപ്പിന് ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, നിവേദിത പി ഹരന്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എന്നിവര്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരം നല്‍കിയ ഹരജിയാണ് ലോകായുക്തയുടെ പരിഗണനയിലുള്ളത്. ഈ ഭൂമിയിലൂടെ നഗരത്തിലെ സ്വീവേജ് പൈപ്പ്‌ലൈന്‍ പോകുന്നതിനാല്‍ അനധികൃത നിര്‍മാണം തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് സെക്രട്ടറിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു.
പരാതിയെ തുടര്‍ന്ന് വിവാദ ഭൂമിയിലെ ഫഌറ്റ് നിര്‍മാണം നിര്‍ത്തിവെക്കാനും ലോകായുക്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ വിജിലന്‍സ് എ ഡി ജി പിയുമായ തോമസ് ജേക്കബ് പരാതിയിലെ ആരോപണങ്ങള്‍ അന്വേഷിക്കാനും ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രനും ഉത്തരവിട്ടിരുന്നു.

---- facebook comment plugin here -----

Latest