Connect with us

Education

എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ പരിഷ്‌കരിക്കുന്നു

Published

|

Last Updated

അരീക്കോട്: സംസ്ഥാനത്ത് പാഠ്യപദ്ധതിയും പാഠപുസ്തകവും പരിഷ്‌കരിച്ച പശ്ചാത്തലത്തില്‍ എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളും പരിഷ്‌കരിക്കുന്നു. നിലവിലുള്ള രീതിക്ക് കാതലായ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ രീതി നടപ്പില്‍ വരുത്തുന്നത്.
കൂടുതല്‍ കൃത്യതയും ഉയര്‍ന്ന ചിന്താശേഷി ആവശ്യമുള്ളതുമായ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ പരീക്ഷയി ല്‍ ഉള്‍പ്പെടുത്തുന്നുവെന്നതാണ് പ്രധാന പ്രത്യേകത. നാലാം ക്ലാ സ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന എല്‍ എസ് എസ് പരീക്ഷ മൂന്ന് വിഭാഗങ്ങളിലായാണ് വിലയിരുത്തുക. എ വിഭാഗത്തിന് 50, ബി വിഭാഗത്തിന് 30, സി വിഭാഗത്തിന് 20 എന്നിങ്ങനെയായിരിക്കും സ്‌കോറുകള്‍. ഭാഷ, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഉദ്ഗ്രഥന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങളായിരിക്കും എ വിഭാഗത്തിലുണ്ടാകുക.
ഉയര്‍ന്ന ചിന്താപ്രക്രിയ ആവശ്യമായി വരുന്നതും ഭാഷ, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടതുമായ വസ്തുനിഷ്ഠ/മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ബി വിഭാഗത്തിലുണ്ടാകുക. മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് എല്‍ എസ് എസ് പരീക്ഷയില്‍ വന്ന കാതലായ മാറ്റം. സി വിഭാഗത്തില്‍ പോര്‍ട്ട്‌ഫോളിയോ വിലയിരുത്തും. പോര്‍ട്ട്‌ഫോളിയോ വിലയിരുത്തലിന്റെ ഭാഗമായി അഭിമുഖ പരീക്ഷയും ഉണ്ടായിരിക്കും. മൂന്ന് വിഭാഗങ്ങളിലും നേടുന്ന സ്‌കോറുകള്‍ ചേര്‍ത്ത് ഓവറോള്‍ എ ഗ്രേഡ് (70 ശതമാനത്തിന് മുകളില്‍) ലഭിക്കുന്നവര്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹരാണ്. ഒന്നാം ടേം പരീക്ഷയില്‍ എല്ലാ വിഷയത്തിലും കുറഞ്ഞത് ബി ഗ്രേഡെങ്കിലും കിട്ടിയ കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.
സമ്പൂര്‍ണ മാറ്റത്തോടെയാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള യു എസ് എസ് പരീക്ഷ നടക്കുക. ഒ എം ആര്‍ ഉത്തരക്കടലാസിലാണ് പരീക്ഷ എഴുതേണ്ടത്. സ്‌കൂള്‍ തലത്തില്‍ ഇത്തരത്തിലുള്ള പരീക്ഷാ രീതി ഇതാദ്യമാണ്. യു എസ് എസ് പരീക്ഷക്ക് രണ്ട് പേപ്പറുകളുണ്ടായിരിക്കും. ഒന്നാം ഭാഷ (ഭാഗം ഒന്ന്, രണ്ട്), ഗണിതം എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍ അടങ്ങിയതാണ് ഒന്നാം പേപ്പര്‍. രണ്ടാം പേപ്പറില്‍ ഇംഗ്ലീഷ്, അടിസ്ഥാനശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയായിരിക്കും.
ഒന്നാം പേപ്പറില്‍ 50 ചോദ്യങ്ങളില്‍ 45 എണ്ണത്തിനും രണ്ടാം പേപ്പറില്‍ 55 ല്‍ 45 ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. ഒന്നാം ഭാഷ (ഭാഗം 2), സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നിവയിലെ ഓരോ വിഷയത്തിന്റെയും അഞ്ച് ചോദ്യങ്ങള്‍ യഥാക്രമം കല, സാഹിത്യം, ആരോഗ്യ- കായിക വിഷയങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും. ഗണിതത്തില്‍ യുക്തിചിന്ത, മാനസിക നില എന്നിവ പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് പേപ്പറുകള്‍ക്കും കൂടി ആകെയുള്ള 90 സ്‌കോറില്‍ 63 സ്‌കോറോ (70 ശതമാനം) അതില്‍ കൂടുതലോ കിട്ടിയാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. പ്രതിഭകളെ തിരഞ്ഞെടുക്കുന്നതിന് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്ന നിലവിലെ രീതിക്ക് പകരം യു എസ് എസ് പരീക്ഷക്ക് ലഭിക്കുന്ന സ്‌കോര്‍ അനുസരിച്ച് തിരഞ്ഞെടുക്കും. ഓരോ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 20 കുട്ടികളെയായിരിക്കും തിരഞ്ഞെടുക്കുക.
സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വന്ന മാറ്റങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി ഹെഡ്മാസ്റ്റര്‍മാര്‍ക്കും എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്കും പരിശീലനം നല്‍കും.