Connect with us

Kerala

മാവോയിസ്റ്റ് അക്രമം:കേരളാ ഡി ജി പിക്ക് അയല്‍ സംസ്ഥാന പോലീസ് മേധാവികള്‍ കത്തയച്ചു

Published

|

Last Updated

കണ്ണൂര്‍: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയും തമിഴ്‌നാടും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട്, കര്‍ണാടക വനമേഖലയോട് ചേര്‍ന്ന കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് അക്രമങ്ങളുണ്ടായതെന്നതിനാലാണ് കൂടുത ല്‍ ജാഗ്രതക്ക് ഇരു സംസ്ഥാനങ്ങളും നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി നെടുംപൊയില്‍ മാവോയിസ്റ്റ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ തേടി തമിഴ്‌നാട്, കര്‍ണാടക പോലീസ് മേധാവികള്‍ കേരളാ ഡി ജി പിക്ക് കത്തയച്ചിട്ടുണ്ട്. നെടുംപൊയില്‍ 24ാം മൈ ല്‍ ന്യൂഭാരത് കരിങ്കല്‍ ക്വാറി ഓഫീസിനു നേരെ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സായുധസംഘം നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും അപേക്ഷ നല്‍കിയിട്ടുള്ളത്. പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇതുവരെയുള്ള നിഗമനങ്ങളും പദ്ധതികളും അട്ടിമറിക്കത്തക്ക വിധത്തിലായിരുന്നു നെടുംപൊയിലിലടക്കം നടന്ന മാവോയിസ്റ്റ് ഓപറേഷനുകള്‍.
മലബാറില്‍ പല മേഖലകളിലായി മാവോയിസ്റ്റെന്ന പേരില്‍ ചില തീവ്രവാദ സംഘടനകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നായിരുന്നു പോലീസിലെ ഒരു വിഭാഗത്തിന്റെ ആദ്യഘട്ടത്തിലുള്ള വിലയിരുത്തല്‍. അതല്ലെങ്കില്‍ ആയുധരഹിതരായ മാവോയിസ്റ്റുകള്‍ പ്രചാരണത്തിനായി ഇത്തരം പ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു മറ്റൊരു സംശയം. എന്നാല്‍ നെടുംപൊയില്‍ അക്രമത്തോടെ കേരളത്തിലും സായുധ മാവോയിസ്റ്റ് പ്രവര്‍ത്തനം പോലീസിന് സ്ഥിരീകരിക്കേണ്ടതായിവന്നു. അതിനിടെ, കാര്യമായ ആയുധശേഖരം മാവോയിസ്റ്റുകളുടെ കൈവശമില്ലെന്നും ആയുധങ്ങള്‍ക്കായി പഴയ പുല്‍പ്പള്ളി മോഡലില്‍ പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ നടത്തുമെന്നും നേരത്തെ പോലീസ് വിലയിരുത്തിയിരുന്നു.
ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ മലയോര പോലീസ് സ്റ്റേഷനുകളിലെ തോക്കുകള്‍ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്. എന്നാല്‍, കേരളാ പോലീസിന്റെ കൈവശം 303 എന്ന പേരില്‍ ഒരു സമയം ഒരു വെടിപൊട്ടിക്കാവുന്ന തോക്കുള്ളപ്പോള്‍ മാവോയിസ്റ്റുകളുടെ കൈവശം യന്ത്രത്തോക്കുകളാണുള്ളതെന്ന വിവരവും പോലീസിനെ ആശങ്കയിലാക്കുന്നുണ്ട്. കര്‍ണാടകയും തമിഴ്‌നാടും നക്‌സലുകളെ കണ്ടാലുടന്‍ വെടിവെക്കുന്നതിനാല്‍ ഇവര്‍ക്കു മാവോയിസ്റ്റ് ഓപറേഷന്റെ ദൃശ്യങ്ങള്‍ അടുത്തൊന്നും ലഭിച്ചിട്ടില്ല.