Connect with us

National

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിര്‍ണായക നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച. വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ലഭിക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ അന്തീക്ഷത്തില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. രാഹുലിനെ ഐ ഐ സി സി പ്രസിഡന്റാക്കുന്ന തീരുമാനം ഉടന്‍ എടുക്കണമെന്നാണ് ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഈ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും ഇക്കൂട്ടര്‍ പറയുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗാണ് ഈ ആവശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്. താന്‍ വളരെക്കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം കൂടുതല്‍ ശക്തമായി ആവശ്യപ്പെടുന്നുവെന്നും രാഹുലിനെ മുന്നില്‍ നിര്‍ത്തിയാണ് ഇനി കോണ്‍ഗ്രസ് മുന്നോട്ട് പോകേണ്ടതെന്നും സിംഗ് പറഞ്ഞിരുന്നു. യുവത്വത്തെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ട്ടി അധ്യക്ഷനായത് 38ാം വയസ്സിലാണെന്നും മൗലാനാ ആസാദ് ആ പദവിയില്‍ എത്തിയത് 35ാം വയസ്സിലാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ദിഗ്‌വിജയ് സിംഗിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ്- സെപ്തംബറിലാണ് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കേണ്ടത്. മാര്‍ച്ചില്‍ എ ഐ സി സി യോഗം ചേരാനിടയുണ്ട്. 1998 മുതല്‍ പാര്‍ട്ടിയുടെ തലപ്പത്തുള്ള സോണിയാ ഗാന്ധി(68)യാണ് ആ സ്ഥാനത്ത് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. 44കാരനായ രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസം പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. 2013 ജനുവരിയിലാണ് രാഹുല്‍ വൈസ് പ്രസിഡന്റായത്.

Latest