Connect with us

National

പാക് ബോട്ട് തീപ്പിടിത്തം: ദുരൂഹതയേറുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന് അറേബ്യന്‍ മഹാസമുദ്രത്തില്‍ പാക് ബോട്ട് തീപ്പിടിച്ച് മുങ്ങിയ സംഭവത്തില്‍ എന്‍ ടി ആര്‍ ഒ (നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍)യുടെ രഹസ്യാന്വേഷണ മുന്നറിയിപ്പുകളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നു. ബോട്ടിനെ സംബന്ധിച്ച് എന്‍ ടി ആര്‍ ഒ, തീരദേശ സേനക്ക് നല്‍കിയ പ്രഥമ വിവരത്തില്‍ തീവ്രവാദത്തെയോ സ്‌ഫോടക വസ്തുവിനെയോ സംബന്ധിച്ച് ഒരു വാക്ക് പോലുമുണ്ടായിരുന്നില്ല.
പോര്‍ബന്തറില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെ, പാക്കിസ്ഥാന്റെതെന്ന് സംശയിക്കുന്ന ബോട്ട്, സംശയാസ്പദമായ കൈമാറ്റം നടത്തുന്നുവെന്നതായിരുന്നു എന്‍ ടി ആര്‍ ഒ നല്‍കിയ വിവരം. നാവിക സേനക്കും തീരദേശ സേനക്കും രണ്ടാമത് നല്‍കിയ ജാഗ്രതാ നിര്‍ദേശത്തിലും “പാക്കിസ്ഥാന്റെതെന്ന് സംശയിക്കുന്ന” വാചകം ഉണ്ടെങ്കിലും ഭീകരവാദം എന്നില്ല. പോര്‍ബന്തറില്‍ നിന്ന് 357 കിലോ മീറ്റര്‍ അകലെയാണ് ബോട്ടുള്ളതെന്നും രണ്ടാമത്തെ സന്ദേശത്തിലുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ മള്‍ട്ടി ഏജന്‍സി സെന്റര്‍ വഴിയല്ലാതെ തീരദേശ സേനക്ക് നേരിട്ട് എന്‍ ടി ആര്‍ ഒ വിവരം നല്‍കിയതും സംശയനിഴലിലാണ്. ഭീകരവാദവുമായി ബന്ധമില്ലാത്തതിനാലാണ് ഐ ബിക്ക് വിവരം കൈമാറാതിരുന്നതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് എന്‍ ടി ആര്‍ ഒ വൃത്തങ്ങള്‍ ഐ ബിക്ക് മറുപടി നല്‍കിയിട്ടുണ്ട്. കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ട വിവരമായതിനാല്‍ തീരദേശ സേനക്ക് കൈമാറിയെന്നും എന്‍ ടി ആര്‍ ഒ അറിയിച്ചു.
തീവ്രവാദബന്ധം സംശയിച്ചതേയില്ലെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ രണ്ടാഴ്ചയോളം ഉപയോഗിച്ച തുറയ ഉപഗ്രഹ ഫോണ്‍ പിന്തുടരുകയായിരുന്നു തങ്ങളെന്നും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് ബോട്ട് പ്രവേശിച്ചപ്പോള്‍ മാത്രമാണ് വിവരം കൈമാറിയതെന്നും എന്‍ ടി ആര്‍ ഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേതി തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഉപയോഗിച്ച തുറയ ഉപഗ്രഹ ഫോണ്‍ തന്നെയാണ് ബോട്ടിലുണ്ടായിരുന്നവര്‍ ഉപയോഗിച്ചത്. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സ്‌ഫോടനം എന്ന് ഒരു വരിയില്‍ മാത്രമാണ് ഉപയോഗിച്ചത്. ഇത് തീവ്രവാദത്തിലേക്കോ സ്‌ഫോടവസ്തുക്കളിലേക്കോ സൂചിപ്പിക്കുന്നുമില്ല.
വിഷയം അന്വേഷിക്കണമെന്നും ആക്രമണമെന്ന നിഗമനത്തിലേക്ക് പെട്ടെന്നെത്താന്‍ കഴിയില്ലെന്നും തീരദേശ സേനാ കമാന്‍ഡര്‍ കുല്‍ദീപ് സിംഗ് ഷെയറോണ്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ തീവ്രവാദ ആക്രമണ ലക്ഷ്യവുമായാണോ ബോട്ട് വന്നതെന്ന ചോദ്യത്തിന് ശക്തി പകരുകയാണ് ഇത്. ബോട്ടിനെ സംബന്ധിച്ച ദുരൂഹതകള്‍ക്കും. ചോര്‍ത്തിയ ഉപഗ്രഹ ഫോണ്‍ സംഭാഷണങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Latest