Connect with us

National

സഊദിയില്‍ കുടുങ്ങിയ 300 പേര്‍ക്ക് മടങ്ങാന്‍ കളമൊരുങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് സഊദി അറേബ്യയില്‍ കുടുങ്ങിപ്പോയ 300 പേര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മടക്കം സാധ്യമായത്.
ഇവരില്‍ 150ഓളം പേര്‍ കേരളം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജോലിക്കും യാത്രാ ചെലവിനുമായി ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും ഏജന്‍സികള്‍ക്ക് നല്‍കിയത്. പോയവരില്‍ ചിലര്‍ക്ക് പല സ്ഥലങ്ങളിലായി ജോലി ലഭിച്ചെങ്കില്‍ ഭൂരിഭാഗം പേരും രാജ്യത്തേക്ക് മടങ്ങിവരാന്‍ എംബസിയെ സമീപിക്കുകയായിരുന്നു. റിയാദ് വിമാനത്താവള വികസന ജോലിക്ക് എന്ന പേരിലാണ് വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേരെ ഏജന്‍സികള്‍ സഊദിയിലെത്തിച്ചത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ വാഗ്ദാനം ചെയ്ത ജോലിക്ക് പകരം വ്യത്യസ്ത കമ്പനികളില്‍ വിവിധ ജോലികളില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കരാറുണ്ടാക്കിയ കമ്പനി മറ്റ് കമ്പനികളിലേക്ക് തൊഴിലാളികളെ മാറ്റുകയായിരുന്നു.
പ്രശ്‌നപരിഹാരത്തിന് ഇന്ത്യന്‍ എംബസി പ്രസ്തുത കമ്പനിയെ സമീപിക്കുകയും ചര്‍ച്ചക്ക് ശേഷം, റിട്ടേണ്‍ ടിക്കറ്റോടെ തൊഴിലാളികളെ മടങ്ങാന്‍ കമ്പനി അധികൃതര്‍ സമ്മതിക്കുകയുമായിരുന്നു. ഇന്ത്യയിലെ പ്രാദേശിക ഏജന്‍സികള്‍ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നെന്നും അവരാണ് യഥാര്‍ഥ ഉത്തരവാദികളെന്നും കുടുങ്ങിപ്പോയ തൊഴിലാളികളെ സഹായിച്ച ചില സന്നദ്ധ സംഘടനകളും അറിയിച്ചു.

---- facebook comment plugin here -----

Latest