Connect with us

Kerala

അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം പോഷക ആഹാരക്കുറവാണെന്നും എന്‍ഡോസള്‍ഫാനാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും പഠന റിപ്പോര്‍ട്ട്.

വിദഗ്ധരുടെ സഹായത്തോടെ “തമ്പ്” (സെന്റര്‍ ഫോര്‍ ട്രൈബല്‍ എജ്യൂക്കേഷന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച്), “ക്രൈം” (ചെല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു) എന്നീ സംഘടനകളാണ് പഠനം നടത്തിയത്. അമ്മമാര്‍ക്ക് വേണ്ടത്ര മുലപ്പാലില്ല. 80 ശതമാനം അമ്മമാരുടെയും ഹീമോഗ്ലോബിന്‍ നിരക്ക് പത്തില്‍ താഴെയാണ്. ഇവരുടെ തൂക്കം ദേശീയ ശരാശരിയേക്കാളും കുറവാണ്. ഒരു വയസ്സുവരെയുള്ള 80 ശതമാനത്തിലധികം കുട്ടികളിലും വരള്‍ച്ചാ മുരടിപ്പ് കണ്ടെത്തി. അമ്മമാരില്‍ മുലപ്പാലിന്റെ അളവ് കുറഞ്ഞതുമൂലം ആറ് മാസം മുതല്‍ ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങളില്‍ ബുദ്ധിപരമായ കുറവുകള്‍ ഉണ്ടാകുന്നുണ്ട്. ഇത് വിരല്‍ ചൂണ്ടുന്നത് കുട്ടികളുടെ വളര്‍ച്ചാമുരടിപ്പിനു പ്രധാന കാരണം ദാരിദ്ര്യം മൂലമുള്ള പോഷാകാഹാര ലഭ്യതക്കുറവാണെന്നാണ്.
ഗര്‍ഭിണികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളായ ജനനി ജന്മരക്ഷ, ഇന്ദിരാഗാന്ധി മാതൃസഹയോഗ് യോജനാ തുടങ്ങിയ പദ്ധതികള്‍ പ്രാബല്യത്തില്‍കൊണ്ടുവരാന്‍ കഴിയാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണമായതെന്ന് പഠനം വിലയിരുത്തുന്നു. 2013ല്‍ 47 കുഞ്ഞുങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ പലതും പ്രാബല്യത്തില്‍ കൊണ്ട് വരുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചു. ഐ സി ഡി എസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. 2013ല്‍ പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചന്‍ പദ്ധതി ആദിവാസി സംസ്‌കാരത്തിനും കാഴ്ചപ്പാടിനും വിരുദ്ധമാണ്. എന്‍ ആര്‍ സിയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. ആദിവാസികള്‍ക്ക് വിദഗ്ധ ചികിത്സക്കായുള്ള ഏക ആശ്രയമായ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആദിവാസി സൗഹൃദപരമല്ല. 2006ല്‍ പാസാക്കിയ വനാവകാശ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാത്തത് ആദിവാസികള്‍ക്ക് സാമൂഹികാവകാശവും ഇതുവഴി ലഭിക്കാനിടയുള്ള നേട്ടവും നഷ്ടമാക്കി.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പാക്കേജുകളിലായി 400 കോടിയോളം രൂപ പ്രഖ്യാപിച്ചെങ്കിലും 50 കോടി പോലും അട്ടപ്പാടിയില്‍ ചെലവഴിക്കപ്പെട്ടിട്ടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലോകത്തിന് തന്നെ മാതൃകയായിരുന്ന കേരളത്തിന്റെ ആരോഗ്യരംഗം അമ്പേ തകര്‍ന്നതായും അട്ടപ്പാടിയില്‍ നടക്കുന്നത് ആദിവാസികളുടെ വംശഹത്യയാണെന്നും പ്രമുഖ ആരോഗ്യപ്രവര്‍ത്തകനും പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളുമായ ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങളുടെ അവസ്ഥയാണ് അട്ടപ്പാടിയില്‍. ഗര്‍ഭിണികള്‍ക്ക് അയണ്‍ ഫോളിക് ഗുളിക, മുട്ടയും പാലും, നല്ല ഭക്ഷണം എന്നിവയൊന്നും കിട്ടാനില്ല. റേഷന്‍കടകള്‍ വഴി റേഷന്‍ ലഭിക്കുന്നില്ല.
സര്‍ക്കാര്‍ ഇപ്പോള്‍ റാഗി നല്‍കുന്നുണ്ടെങ്കിലും വൃത്തിയാക്കാതെയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ 50 ശതമാനം ഊരുകളിലും മൂന്ന് മുതല്‍ നാല് കിലോമീറ്റര്‍ വരെ ചുറ്റളവിനുള്ളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലെന്നും അട്ടപ്പാടിക്കു സമീപമുള്ള ഏക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആദിവാസികളുടെ ആവശ്യങ്ങളോട് സംവേദനം പുലര്‍ത്താതെ കഴിഞ്ഞുപോരുന്നുവെന്നും ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അതിനു പുറമെ ആശുപത്രിയുടെ ഭരണ സമിതിയില്‍ ആദിവാസികള്‍ക്ക് അല്പം പോലും പ്രാതിനിധ്യമില്ല.
ഗര്‍ഭിണികള്‍ക്ക് ശരിയായ ആരോഗ്യ പരിചരണം നിഷേധിക്കല്‍, പോഷകാഹാര ലഭ്യതയില്ലായ്മ, പ്രവര്‍ത്തിക്കാത്ത അങ്കന്‍വാടികള്‍, ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതു മൂലമുള്ള അതികഠിനമായ ദാരിദ്ര്യം എന്നിവയെല്ലാം അട്ടപ്പാടിയിലെ പോഷകാഹാരക്കുറവിന്റെ പ്രാഥമിക കാരണങ്ങളായി തുടരുന്നു.

Latest