Connect with us

Articles

മൊബൈലായ വര്‍ത്തമാനങ്ങള്‍

Published

|

Last Updated

മൊബൈല്‍ ഫോണ്‍ ഉപയോഗം റോഡ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. നാല് അപകടങ്ങളില്‍ ഒന്ന് വീതം ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിരപരാധികളായ ആളുകള്‍ ഇത്തരം ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം മരണമടയുന്നു. മൊബൈല്‍ ഫോണ്‍ കണ്ടുപിടുത്തം മാനവരാശിയുടെ ആശയവിനിമയ രംഗത്തെ വന്‍ കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ന് ജനങ്ങളുടെ നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മറ്റുള്ളവര്‍ക്ക് വലിയ ശല്യമായിരിക്കുകയാണ്. ഡ്യൂട്ടി സമയത്ത് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പോലീസുകാര്‍ ഫോണ്‍ വിളി നടത്തുന്നു. ജോലിയില്‍ വീഴ്ച വരുത്തുന്നു. വൈദ്യുതി, വെള്ളം, നികുതികള്‍ തുടങ്ങിയ അടയ്ക്കാന്‍ വരി നിന്നാല്‍, ക്യൂ നില്‍ക്കുന്നവരും പണം സ്വീകരിക്കുന്നവരും ഫോണ്‍ സംസാരം തുടങ്ങും. പൊതുശല്യമായി തീരുന്ന ഇത്തരം വിളിക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബേങ്കില്‍ ചെന്നാലും സ്ഥിതി വ്യത്യസ്തമല്ല. ബസില്‍ കയറിയാല്‍ പരിസരബോധം മറന്ന് ഫോണ്‍വിളിയില്‍ വ്യാപൃതരാകുന്നവരുടെ എണ്ണം പെരുകുകയാണ്. മറ്റുയാത്രക്കാരെക്കുറിച്ചൊന്നും അവര്‍ക്ക് പ്രശ്‌നമില്ല. കുടുംബ കാര്യങ്ങളും സ്വകാര്യങ്ങളും ലജ്ജയില്ലാതെ പറയുന്നു. മറ്റുയാത്രക്കാര്‍ക്ക് ഇതുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. എന്തിന് ഡ്രൈവറും കണ്ടക്ടറും പോലും ഫോണ്‍ വിളിക്കുന്നു. കാല്‍നടക്കാര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്നു. വിദ്യാര്‍ഥികളുടെ മൊബൈല്‍ ഉപയോഗം എല്ലാ പരിധികളും ലംഘിക്കുന്നു. ക്ലാസ് മുറികളിലിരുന്ന് വാട്‌സപ്പിലൂടെ മെസേജ് കൈമാറുന്നവര്‍, സഹപാഠിയുടെ നഗ്ന ചിത്രം അയക്കുന്നവര്‍, തരം താണ ഫലിതങ്ങള്‍ കൈമാറുന്നവര്‍….
മരിക്കാത്തവരെ “മരിപ്പിക്കുന്നു.” മെസേജുകള്‍ പായുന്നു. ജനങ്ങളെ അസ്വസ്ഥമാക്കുന്ന ഫോട്ടോകളും വിദ്വേഷം പടര്‍ത്തുന്ന ചിത്രങ്ങളും പരത്തുന്നു. മൊബൈല്‍ ഫോണ്‍ സംസാരവും ഫോട്ടോകളും പല കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്ന നിലയാണിന്നുള്ളത്.
മൊബൈല്‍ ഫോണ്‍ കഴുത്തിനും തോളിനും ഇടയില്‍ ഇറുക്കിപ്പിടിച്ചുള്ള ഡ്രൈവിംഗ് റോഡ് ചോരക്കളമാക്കുന്നു. മദ്യവും മൊബൈലും കൂടിയാകുമ്പോള്‍ പറയാനുമില്ല. ഇന്ത്യയില്‍ നടക്കുന്ന 10 റോഡപകടങ്ങളില്‍ ഒന്ന് കേരളത്തിലാണ്. അത് മിക്കവാറും ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.
ലോകത്തെ മൊബൈല്‍ വിളിക്കാരുടെ എണ്ണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്. ചൈനയില്‍ 1,22,73,60,000 മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും ഇന്ത്യയില്‍ 92,43,18,927 ഉപഭോക്താക്കളും ഉണ്ട്. 2014 നവംബര്‍ ഏഴിലെ കണക്കാണിത്. ഇന്ത്യയില്‍ 2010ല്‍ മാത്രം 1.4 ലക്ഷം അപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 1.35 ലക്ഷം അപടകങ്ങള്‍ ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിച്ചതു മൂലമാണ്. ഫോണ്‍ സംസാരം ഡ്രൈവറുടെ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു. വിളിയിലൂടെയുണ്ടാകുന്ന വികാര വ്യതിയാനങ്ങള്‍ ഡ്രൈവിംഗിനെ സാരമായി ബാധിക്കുന്നു. ഇത് അശ്രദ്ധയും സ്ഥലകാല ബോധമില്ലായ്മയും വിളിച്ചുവരുത്തുന്നു.
പൊതു സ്ഥലങ്ങളിലെ ഫോണ്‍ വിളികള്‍ സഹജീവികളോടും സമൂഹത്തോടും സാഹചര്യങ്ങളോടുമുള്ള കടുത്ത അവഗണനയും പുച്ഛവുമായി പലപ്പോഴും മാറുന്നു. മരണവീടായാലും ആരാധനാലയമായാലും ഉച്ചത്തിലുള്ള ഇത്തരം സംസാരങ്ങള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഓഫീസുകളിലെ ഫോണ്‍വിളിയും അധ്യാപകരുടെ ക്ലാസ് മുറിയിലെ ഫോണ്‍ സംസാരവുമെല്ലാം നിയന്ത്രിക്കാന്‍ സമയമായിരിക്കുന്നു.
തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം അസുഖങ്ങള്‍ വരുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡ്രഗ് ആന്റ് അഡ്മിനിസ്റ്റേഷന്‍ (യു എസ് എഫ് ഡി എ) 2014 ഒക്‌ടോബറില്‍ പുറത്തിറക്കിയ ഗവേഷണ ഫലങ്ങള്‍ ഞെട്ടിക്കുന്നവയാണ്. മൊബൈല്‍ ഫോണില്‍ നിന്ന് വരുന്ന റേഡിയോ ഫ്രീക്വന്‍സി മൈക്രോ റേഡിയേഷനുകള്‍ ക്യാന്‍സറിന് കാരണാകുന്നു എന്നാണ് പറയുന്നത്. അമിതമായ മൊബൈല്‍ ഉപയോഗം അഞ്ച് പ്രധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
1. മനുഷ്യന്റെ വികാരങ്ങളെ തീര്‍ത്തും നെഗറ്റീവാക്കി മാറ്റുന്നു.
2. മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നു.
3. രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.
4. ദീര്‍ഘകാലം നിലനില്‍ക്കുന്ന വേദനകള്‍ സൃഷ്ടിക്കുന്നു.
5. നിരന്തരമായി നോക്കിയിരിക്കുന്നതുകൊണ്ട് കണ്ണിന് ക്ലേശം സൃഷ്ടിക്കുകയും അത് കാഴ്ചയെ ബാധിക്കുകയും ചെയ്യുന്നു.
നിരന്തരമായ ഉപയോഗം ശരീരതാപനില ഉയര്‍ത്തുന്നു. കോശങ്ങളില്‍ കൂടുതല്‍ ഐയോണൈസേഷന്‍ നടക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഡി എന്‍ എക്ക് വരെ നാശം വരുത്തുന്നു. തലയിലും ചെവിയിലും വായയിലും കഴുത്തിലുമാണിതെല്ലാം സംഭവിക്കുന്നതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ അപകടകരമാം വിധം വര്‍ധിച്ചുവരികയാണ്. സ്‌കൂള്‍ കുട്ടികള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് തലച്ചോറിന് ക്ഷതം ഉണ്ടാക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടുകളുണ്ട്. മാതാപിതാക്കളുടെ അനിയന്ത്രിതവും ക്രമാതീതവുമായ ഫോണ്‍ വിളികള്‍ കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന നിലയിലായിരിക്കുന്നു. സൗഹൃദപരമല്ലാത്ത അന്തരീക്ഷം സംജാതമാകുന്നത് കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തില്‍ വരെ അകല്‍ച്ച സൃഷ്ടിക്കുന്നു.
ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ പൊതു ഇടങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയമം മൂലം തടഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇതിന് ഒരു നിയന്ത്രണവുമില്ല. ഡ്രൈവിംഗ് സമയത്തെ ഉപയോഗത്തിന് പിഴ ശിക്ഷയുണ്ടിവിടെ. അതിനെ മറികടക്കാന്‍ ഒരു കൈയില്‍ ഫൈനടയ്ക്കാനുള്ള പണവും മറു കൈയില്‍ മൊബൈല്‍ ഫോണുമായാണ് യാത്ര. ഈ സാഹചര്യത്തില്‍ ശിക്ഷ കനത്തതാകേണ്ടതുണ്ട്. സ്‌കൂളുകളിലും കോളജുകളിലും സെല്‍ഫോണ്‍ വിളി നിരോധിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ക്ക് നിയമനിര്‍മാണം നടത്തണം.

Latest