Connect with us

Gulf

പ്രതീക്ഷയോടെ കവര്‍ച്ചക്കെത്തിയ മോഷ്ടാവിന് കിട്ടിയത് രണ്ടു ദിര്‍ഹം മാത്രം

Published

|

Last Updated

ഷാര്‍ജ: ഏറെ പ്രതീക്ഷയോടെ മലയാളിയുടെ ലോണ്ടറിയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവിന് കിട്ടിയത് രണ്ടു ദിര്‍ഹം മാത്രം.
മൈസലൂണില്‍, മുദീരിയ്യ പോലീസ് സ്റ്റേഷനു സമീപം തിരുവനന്തപുരം വര്‍ക്കല സ്വദേശി ഷാജിയുടെ ലോണ്ടറിയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മേശ വലിപ്പില്‍ ആകെയുണ്ടായിരുന്ന രണ്ടു ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. മുന്‍ ഭാഗത്തെ ഗ്ലാസ് വാതില്‍ തകര്‍ ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ വലിപ്പ് കുത്തിപ്പൊളിക്കുകയായിരുന്നു. ഷാജിയുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും വലിപ്പിലുണ്ടായിരുന്നുവെങ്കിലും അവയൊന്നും കൈവശപ്പെടുത്താതെ “ദയാലു”വായ മോഷ്ടാവ് കരുണകാട്ടി. വസ്ത്രങ്ങളും നഷ്ടപ്പെട്ടില്ല. അതേ സമയം വസ്ത്രങ്ങളടക്കം മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ടു. വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുപയോഗിക്കുന്ന മേശയുടെ മുകളില്‍ മോഷ്ടാവ് ചവിട്ടിയതിന്റെ പാടുകളുണ്ട്. രാവിലെ ലോണ്ടറി തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ഷാജി അറിയുന്നത്. ദീര്‍ഘ കാലമായി ലോണ്ടറി നടത്തിവരികയാണ്. മോഷ്ടാവ് കിട്ടിയ രണ്ടു ദിര്‍ഹം കൊണ്ട് തൃപ്തിപ്പെട്ടു മടങ്ങുകയായിരുന്നു. അല്ലെങ്കില്‍ പാസ്‌പോര്‍ട്ടും മറ്റും കൈവശപ്പെടുത്തി കലിതീര്‍ക്കുമായിരുന്നു.
അതിനിടെ മൈസലൂണ്‍ ഭാഗത്ത് മോഷണം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ഗ്രോസറികളില്‍ മോഷണവും ഒരു കഫ്‌തേരിയയില്‍ മോഷണ ശ്രമവും നടന്നു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെ ഗ്രോസറിയില്‍ നിന്നു പണവും ടെലിഫോണ്‍ കാര്‍ഡുകളും കവര്‍ന്നു. മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. മറ്റൊരു മലയാളിയുടെ ഉടമസ്ഥതയിലുള്ള അല്‍ അസീല്‍ ഗ്രോസറിയിലാണ് രണ്ടാമത്തെ മോഷണം. ഇവിടെനിന്നു പണവും മറ്റും നഷ്ടപ്പെട്ടു.
ഏളിക്കര, പൂച്ചക്കാട് സ്വദേശി റശീദിന്റെ കഫ്‌തേരിയയിലാണ് മോഷണ ശ്രമം നടന്നത്. വാതില്‍ തുറന്നായിരുന്നു മോഷണ ശ്രമമെന്നു സമീപത്ത് താമസക്കാരനായ മജീദ് പൂച്ചക്കാട് പറഞ്ഞു. മോഷണം പെരുകിയത് വ്യാപാരികളിലും മറ്റും ആശങ്ക സൃഷ്ടിച്ചതായും മജീദ് വ്യക്തമാക്കി.

Latest