Connect with us

Gulf

മൂടല്‍മഞ്ഞ്: നാല്‍പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Published

|

Last Updated

അബുദാബി: കനത്ത മൂടല്‍മഞ്ഞ് കാരണം അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.

അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ മഫ്‌റഖ്-ശഹാമ റോഡിലാണ് ഒരു അപകടം. പുലര്‍ച്ചെ അഞ്ചരയോടെ ഒന്നിന് പിറകെ മറ്റൊന്നായി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം നിലച്ചു. പോലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും മണിക്കൂറുകളെടുത്താണ് ഗതാഗത സ്തംഭനം ഒഴിവാക്കിയത്. പോലീസ് പ്രധാന റോഡിനു കുറുകെ ബാരിക്കേഡ് കെട്ടിഉയര്‍ത്തിയാണ് വാഹനങ്ങളെ തടഞ്ഞത്. പരുക്കേറ്റവരെ മഫ്‌റഖ്, അല്‍ ഹൈബ, സെന്‍ട്രല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.
അടുത്ത ദിവസങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ശക്തമായ മഞ്ഞ് വീഴ്ച മൂലം അബുദാബി എയര്‍പോര്‍ട്ട് മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. 25 ഓളം വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.
നാല് വര്‍ഷം മുമ്പ് അബുദാബി-ദുബൈ ദേശീയ പാതയില്‍ ഗന്തൂത്തില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 250 ഓളം വാഹനങ്ങളാണ് ഒരേ സമയം കൂട്ടിയിടിച്ചത്.