Connect with us

International

പാരീസ് ആക്രമണം: ഭീകരരെ വധിച്ചു

Published

|

Last Updated

പാരീസ്: നബി നിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ളി ഹെബ്‌ദോ വാരികക്ക് നേരെ ആക്രമണം നടത്തിയ തീവ്രവാദികളെ വധിച്ചു. മണിക്കൂറുകള്‍ നീണ്ട ഓപറേഷനൊടുവിലാണ് ഇവരെ വധിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരീസില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്കു കിഴക്ക് ദമ്മാര്‍ട്ടിന്‍ എല്‍ ഗോലെയില്‍ തീവ്രവാദികള്‍ ഒളിച്ചു കഴിയുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പട്ടണം വളയുകയായിരുന്നു. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം പന്ത്രണ്ട് പേരെ വധിച്ച ആക്രമണത്തിന്റെ സൂത്രധാരര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സഹോദരന്മാരായ ശരീഫ് കൗച്ചി (32), സഈദ് കൗച്ചി (34) എന്നിവര്‍ പ്രസ് സമുച്ചയത്തില്‍ ഒളിച്ചു കഴിയുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടാന്‍ പോലീസ് വന്‍ സന്നാഹമൊരുക്കിയത്.
കീഴടങ്ങാന്‍ പോലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന ഇവര്‍ക്കെതിരെ കമാന്‍ഡോകള്‍ ഇരച്ചു കയറുകയായിരുന്നു. ഇവര്‍ ഒരു സാധാരണക്കാരനെ കവചമാക്കി വെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ ആരും തെരുവിലിറങ്ങരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഹെലിക്കോപ്റ്ററുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് നടന്ന ഓപറേഷന്‍ അവസാനിച്ചതായി രാത്രി വൈകി അധികൃതര്‍ അറിയിക്കുകയായിരുന്നു. മോണ്ടിഗ്നി സെയിന്റെയില്‍ നിന്ന് തട്ടിയെടുത്ത കാറിലാണ് ഇവര്‍ ദമ്മാര്‍ട്ടിനിലേക്ക് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതിനിടെ, ഇന്നലെ കിഴക്കന്‍ പാരീസിലെ സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിവെപ്പുണ്ടായി. ഇവിടെ ആറ് പേരെ അക്രമികള്‍ ബന്ദിയാക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ പാരീസില്‍ കഴിഞ്ഞ ദിവസം പോലീസുകാരിയെ വെടിവെച്ച അതേ തോക്കുധാരികളാണ് സ്റ്റോറിന് നേരെ ആക്രമണം നടത്തിയതെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമദി കൗലിബാലിയും കാമുകി ഹയാത് ബൂമദ്ദീനുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ഇവരെ പടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.
കഴിക്കന്‍ പാരീസ് പൂര്‍ണമായി പോലീസിന്റെ പിടിയിലാണ്. ഇവിടെ സ്‌കൂളുകളും മറ്റ് പൊതു സ്ഥാപനങ്ങളും അടച്ചു. ജൂത വംശജര്‍ തിങ്ങിത്താമസിക്കുന്ന മരായിസില്‍ എല്ലാ കടകളും അടച്ചു. ജനങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് മരായിസ്. അതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളണ്ടെ ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസനോവയുമായി ചര്‍ച്ച നടത്തി.
രാജ്യം തീവ്രവാദത്തിനെതിരായ യുദ്ധത്തിലാണെന്ന് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പറഞ്ഞു. ഈ യുദ്ധം മതത്തിനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ പാരീസില്‍ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പില്‍ പോലീസുകാരി കൊല്ലപ്പെട്ടിരുന്നു. ഷാര്‍ളി എബ്‌ദോ മാസികയിലുണ്ടായ ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാള്‍ കീഴടങ്ങിയിട്ടുണ്ട്. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തില്‍ അംഗമായ മുറാദ് ഹാമിദ് (18) ആണ് കീഴടങ്ങിയത്.
ഇസില്‍ മേധാവി അബൂബക്കര്‍ ബഗ്ദാദിയുടെ കാരിക്കേച്ചര്‍ മാസികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നതിനു പിന്നാലെയാണ് മാസികക്ക് നേരെ ആക്രമണമുണ്ടായത്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മാസികക്കെതിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest