Connect with us

Gulf

ഭവന ഭേദനം; ആഫ്രിക്കന്‍ യുവാവിനെ പിടികൂടി

Published

|

Last Updated

ദുബൈ: നഗരത്തില്‍ നിന്ന് മാറി ജനവാസ സ്ഥലങ്ങളിലുള്ള വില്ലകള്‍ കേന്ദ്രീകരിച്ച് വിദഗ്ധമായി മോഷണം നടത്തുന്ന യുവാവിനെ ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് പ്രതിമോഷണങ്ങള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബര്‍ദുബൈ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വില്ലയില്‍ നിന്ന് വിലപിടിപ്പുള്ള ചില വസ്തുക്കള്‍ മോഷണം പോയതായി വീട്ടുടമസ്ഥനാണ് പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് അധികം വൈകാതെ ജബല്‍ അലി, അല്‍ വര്‍ഖാ എന്നിവിടങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ പോലീസിനു ലഭിച്ചു.
പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പുലര്‍ച്ചെ മൂന്നു മണിക്ക് സ്‌പോര്‍ട്‌സ് വസ്ത്രം ധരിച്ച ഒരാള്‍ ആള്‍താമസമുള്ള ഒരു വില്ലയുടെ മതില്‍ ചാടിക്കടക്കുന്നത് അന്വേഷണ സംഗത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഇയാള്‍ വില്ലക്കകത്ത് കയറി എന്നുറപ്പുവരുത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥരും ഇയാളെ പിന്തുടര്‍ന്ന് അകത്ത് കയറി. പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി വില്ലക്കകത്തെ ഒരു സ്റ്റോര്‍ റൂമില്‍ ഒളിച്ചിരുന്ന പ്രതിയെ വൈകാതെ പോലീസ് പിടികൂടുകയായിരുന്നു.
പോലീസുമായി പ്രതി മല്‍പിടുത്തത്തിന് മുതിര്‍ന്നതിനാല്‍ ഉണ്ടായ കോലാഹലങ്ങള്‍ കേട്ടാണ് വീട്ടുകാര്‍ കാര്യങ്ങളറിയുന്നത്. പ്രതിയുടെ പോക്കറ്റില്‍ നിന്ന് തൊണ്ടിമുതലും പോലീസ് പിടിച്ചെടുത്തു. ഒന്നിലധികം വസ്ത്രങ്ങള്‍ മേല്‍ക്കുമേല്‍ ധരിച്ചായിരുന്നു പ്രതി മോഷണത്തിനിറങ്ങിയിരുന്നത്. മോഷണത്തിനായി അകത്തുകടക്കുമ്പോള്‍ ധരിക്കുന്നത് അഴിച്ചുമാറ്റിയാണ് പ്രതി പുറത്തേക്ക് വന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയായിരുന്നു ഇതിലൂടെ പ്രതി ലക്ഷ്യം വെച്ചത്.
സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ ആഫ്രിക്കന്‍ വംശജനായ പ്രതി നായിഫ് പ്രദേശത്തെ താഴ്ന്ന നിലവാരത്തിലുള്ള അപ്പാര്‍ടുമെന്റിലാണ് താമസിച്ചിരുന്നത്. നേരത്തെ നടത്തിയ മോഷണ മുതലുകള്‍ കടലിനോട് ചേര്‍ന്ന പ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെടുത്തു.