Connect with us

Gulf

സെക്യൂരിറ്റി മീഡിയ കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷത്തിലധികം ഇടപെടലുകള്‍ നടത്തി

Published

|

Last Updated

അബുദാബി: ആഭ്യന്തര മന്ത്രാലയത്തിന്റെയും അബുദാബി പോലീസിന്റെയും ഗവണ്‍മെന്റ് ആശയ വിനിമയത്തിന്റെ ഭാഗമായി 5.36 ലക്ഷം മാധ്യമ ഇടപെടലുകള്‍ നടത്തിയതായി സെക്യൂരിറ്റി മീഡിയാ അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് രാജ്യത്ത് ജീവിക്കുന്ന പൊതു സമൂഹത്തോട് സംവദിക്കുന്നതിനുള്ള മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ മാധ്യമ ഇടപെടലുകളെന്ന് അധികൃതര്‍. അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ ഉര്‍ദു, മലയാളം എന്നീ ഭാഷകളിലുള്ള മീഡിയകളെയും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ മുഴുവന്‍ അംഗങ്ങള്‍ക്കും അവബോധമുണ്ടാക്കുകയെന്നതായിരുന്നു മീഡിയാ ഇടപെടലുകളുടെ ലക്ഷ്യമെന്ന് സെക്യൂരിറ്റി മീഡിയ അസി. ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഖ്വാജ പറഞ്ഞു.
സമൂഹത്തിലെ ഓരോ വ്യക്തിയും പൊതു സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതില്‍ ഭാഗഭാക്കാവേണ്ടവരാണെന്നതിനാല്‍ അവര്‍ക്കാവശ്യമായ അറിവും അനുഭവങ്ങളും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. ഇതിനാണ് സെക്യൂരിറ്റി മീഡിയ മാധ്യമ ഇടപെടലിലൂടെ ശ്രമിച്ചതെന്നും അല്‍ ഖ്വാജ വ്യക്തമാക്കി.
മന്ത്രാലയത്തിന്റെയും പൊതുജനങ്ങളുടെയും ഇടയിലുള്ള ദൂരം കുറച്ചുകൊണ്ടുവരാന്‍ മീഡിയാ ഇടപെടലിലൂടെ സെക്യൂരിറ്റി മീഡിയക്ക് കഴിഞ്ഞ കാലത്ത് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതെല്ലാം എത്തിച്ചുകൊടുക്കാന്‍ സാധിച്ചതായും രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍, വിവിധ ഭാഷാ പത്രങ്ങള്‍, സോഷ്യല്‍ മീഡിയാ സംവിധാനങ്ങള്‍ വഴിയെല്ലാം പൊതുജനങ്ങളുമായി സുരക്ഷാ കാര്യങ്ങള്‍ നിരന്തരം സംവദിച്ചുവെന്നും അല്‍ ഖ്വാജ വെളിപ്പെടുത്തി.

Latest