Connect with us

Thrissur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം

Published

|

Last Updated

തൃശൂര്‍: പത്തു വയസുകാരിയെ തുടര്‍ച്ചയായി നാലു വര്‍ഷം പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വയോധികന് ജീവപര്യന്തം തടവ്. കൂടാതെ ഇരുപതിനായിരം രൂപ പിഴയും അടയ്ക്കണം. വിയ്യൂര്‍ വാഴപ്പിള്ളി തോമസിനെ(68)യാണ് ശിക്ഷിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ 2008 മുതല്‍ 2012 വരെ പലപ്പോഴായി ഭീഷണിപ്പെടുത്തി ലൈംഗികമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് സെഷന്‍സ് കോടതി ഇയാളെ ശിക്ഷിച്ചത്. ജില്ലാ സെഷന്‍സ് ജഡ്ജ് ബി സുധീന്ദ്രകുമാറാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണു പ്രതി. പ്രതിയുടെ ചെറുമകളുടെയും താഴെ പ്രായമുള്ളതാണു കുട്ടി. ചെറുമക്കളുടെ കൂടെ കളിക്കാനെത്തുന്ന കുട്ടിയെ പ്ലാസ്റ്റിക് പൂക്കളും പട്ടവും കൊടുത്ത് ഭീഷണിപ്പെടുത്തിയാണു പീഡിപ്പിക്കാറ്. കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ അനിയനേയും അച്ഛനെയും അമ്മയേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. വായില്‍ തോര്‍ത്ത് മുണ്ട് കെട്ടിയാണ് ഉപദ്രവിച്ചിരുന്നത്. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കാണാതെ പോയതില്‍ മാതാപിതാക്കള്‍ വഴക്കുപറയുമെന്നു ഭയന്ന് കുട്ടി വീട്ടില്‍ നിന്നു 2012 ജനുവരി 26ന് വീട് വിട്ടുപോയി. ബന്ധുവീടിനടുത്തുള്ള ഒരു വീടിന്റെ ബാത്ത്‌റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. തുടര്‍ന്ന് വിയ്യൂര്‍ പൊലീസ് കുട്ടിയെ കണ്ട് പിടിച്ച് മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്നാണ് കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പീഡന വിവരം പറഞ്ഞത്. പ്രോസിക്യൂഷന്‍ വാദവും പീഡന്യൂവിധേയായ കുട്ടിയുടെ മൊഴിയും ശരിവച്ചാണു പ്രതിയെ ശിക്ഷിച്ചത്. ഇത് ഇത്തരത്തിലുള്ള കുറ്റവാളികള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നു കോടതി വിധിയില്‍ പറയുന്നു. 68 വയസായ പ്രതി പ്രായത്തിന്റെ ആനുകൂല്യം കണക്കിലെടുത്ത് ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും മുത്തച്ഛന്റെ പ്രായമുള്ള പ്രതി സംരക്ഷിക്കേണ്ടതിന് പകരം മൃഗീയമായി ഉപദ്രവിച്ചത് ഒരിക്കലും ദയ അര്‍ഹിക്കുന്നില്ലയെന്ന് ജില്ലാ ജഡ്ജി വിധിന്യായത്തില്‍ പ്രസ്താവിച്ചു.പേരാമംഗലം സിഐ ആയിരുന്ന ടി ആര്‍ രാജേഷായിരുന്നു കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പിഴ സംഖ്യ പീഡനത്തിന് വിധേയായ പെണ്‍കുട്ടിക്ക് കൊടുക്കുന്നതിന് കോടതി ഉത്തരവിട്ടിട്ടു. പിഴ അടച്ചില്ലെങ്കില്‍ നാലു കൊല്ലം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി രണേന്ദ്രനാഥന്‍, അഭിഭാഷകരായ പി എന്‍ സുരേഷ്, എം പി ഷിജു, വി ഐ ചിത്രാഞ്ജലി എന്നിവര്‍ ഹാജരായി.