Connect with us

Wayanad

കാരുണ്യ ചികിത്സാ പദ്ധതി ;ജില്ലയില്‍ നല്‍കിയത് 16.31 കോടി

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള വിവിധ ചികിത്സകള്‍ക്ക് ധനസഹായം നല്‍കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കുന്ന കാരുണ്യ, കാരുണ്യ പ്ലസ് പ്രതിവാരഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് ഉപയോഗിക്കുന്നത്. സംസ്ഥാന തലത്തില്‍ ധനമന്ത്രിയും ജില്ലാ തലത്തില്‍ ജില്ലാ കളക്ടറും ചെയര്‍മാനായുള്ള സമിതികളാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ബി.പി.എല്‍, എ.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. ഹൃദയ സംബന്ധമായ രോഗങ്ങള്‍, വൃക്ക, കരള്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍, തലച്ചോര്‍, കരള്‍ ശസ്ത്രക്രിയകള്‍, കാന്‍സര്‍, ഹീമോഫീലിയ, മാരകമായ നട്ടെല്ല്, സുഷുമ്‌ന നാഡി, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ രോഗബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും ആശുപത്രികളില്‍ ഐ.പി, ഒ.പി വിഭാഗങ്ങളിലുള്ള എല്ലാ അസുഖങ്ങള്‍ക്കും ഒരു കുടുംബത്തിന് 3000 രൂപ വരെ ഒറ്റ തവണയായും ധനസഹായം ലഭിക്കും.
നിശ്ചിത രോഗങ്ങളുടെ ചികിത്സ്‌ക്കായി ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കും ഓപ്പറേഷന്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് തിയതി നിശ്ചയിച്ചിട്ടുള്ളവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തിര ചികിത്സ ആവശ്യമായ ഘട്ടങ്ങളില്‍ മുന്‍കൂര്‍ ചികിത്സാനുമതി ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം ഏഴാം നമ്പര്‍ ഫോമിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം.
അപേക്ഷ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സ്വീകരിച്ച തിയതി മുതല്‍ ധനസഹായത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അപേക്ഷ നല്‍കുന്നതിനു മുന്‍പേ ചികിത്സ പൂര്‍ത്തിയാക്കിയവര്‍ക്കും റീ ഇംബോഴ്‌സ്‌മെന്റ് ആനുകൂല്യമുള്ള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഇ.എസ്.ഐ ആനുകൂല്യമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ആദായ നികുതി നല്‍കുന്നവര്‍ക്കും ചികിത്സാ ധനസഹായം ലഭിക്കുകയില്ല.
നിശ്ചിത മാതൃകയിലാണ് അപേക്ഷ നല്‍കേണ്ടത്. മതിപ്പു ചെലവ് സംബന്ധിച്ച് ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്നുള്ള കെ.ബി.എഫ് ഫോം, റേഷന്‍ കാര്‍ഡിന്റെ 1,2,3,22 പേജുകളുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രോഗി താമസിക്കുന്ന വീട് കാണത്തക്ക വിധം എടുത്ത കുടുംബ കളര്‍ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം ഗുണഭോക്താവ് സ്ഥിരമായി താമസിക്കുന്നതും റേഷന്‍ കാര്‍ഡുള്ളതുമായ ജില്ലയിലെ ഭാഗ്യക്കുറി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ആവശ്യമായ രേഖകളോടെ സ്വീകരിക്കുന്ന അപേക്ഷ ജില്ലാ തല സമിതി പരിശോധിച്ച് ശുപര്‍ശകളോടു കൂടി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കും. അര്‍ഹമായ തുക സംസ്ഥാന സമിതി നേരിട്ട് രോഗിക്ക് നല്‍കാതെ ചികിത്സ തേടുന്ന ആശുപത്രിയിലേക്ക് അനുവദിച്ചു നല്‍കും. സ്വന്തം കയ്യില്‍ നിന്ന് ചെലവാക്കി ചികിത്സ നടത്തിയ, ധനസഹായത്തിന് അപേക്ഷിച്ചിട്ടുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തുക തിരികെ ലഭിക്കുന്നതാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചികിത്സാ പാക്കേജുകളുടെയും നിരക്കുകളുടേയും അടിസ്ഥാനത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളെ കാരുണ്യ ബെനവലന്റ് ഫണ്ട് അക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണ് അക്രെഡിറ്റ് ചെയ്ത ആശുപത്രികള്‍ക്ക് തുക അനുവദിക്കുക. ചികിത്സാ നടപടിക്രമം അനുസരിച്ച് നിശ്ചിത രോഗങ്ങള്‍ക്ക് ഈ ആശുപത്രികളില്‍ ചികിത്സ നേടാവുന്നതാണ്.അടിയന്തിര ചികിത്സയ്ക്ക് അക്രെഡിറ്റ് ചെയ്തിട്ടുള്ള സര്‍ക്കാരിതര ആശുപത്രികള്‍ക്ക് അനുമതി ലഭിക്കില്ല. ജില്ലാതല സമിതിയുടെ അനുമതിപത്രം ലഭിക്കുന്നതിന് മുന്‍പുള്ള ചികിത്സാ ചെലവുകള്‍ പദ്ധതി പരിധിയില്‍ പെടുന്നതല്ല. കാരുണ്യ പദ്ധതി പ്രകാരം രോഗിക്ക് ക്യാഷ്‌ലെസ് ചികിത്സയാണ് ലഭ്യമാകുക.
കാരുണ്യ ചികിത്സാ സഹായപദ്ധതിയിലൂടെ 2104ലില്‍ ജില്ലയില്‍ 659 രോഗികള്‍ക്ക് 8,30,26,650 രൂപയും 209 രോഗികള്‍ക്ക് സമാശ്വാസ ചികിത്സാ സഹായമായി 3000 രൂപ വീതം 6,27,000 രൂപയും നല്‍കി. 310 കാന്‍സര്‍ രോഗികള്‍ക്ക് നാല് കോടിയും 156 വൃക്ക രോഗികള്‍ക്ക്1.9 കോടിയും 188 ഹൃദയ സംബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്ക് 2.46 കോടി രൂപയും വൃക്ക സംബന്ധ രോഗങ്ങളുള്ള അഞ്ച് പേര്‍ക്ക് 4,31000 രൂപയും അനുവദിച്ചു.
പദ്ധതിയില്‍ ഡിസംബര്‍ 31 വരെ ജില്ലയില്‍ 1353 രോഗികള്‍ക്കായി 16.23 കോടിയും സമാശ്വാസ ചികിത്സാ സഹായമായി 290 രോഗികള്‍ക്ക് 8.7 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.