Connect with us

Kozhikode

പോലീസ് റിക്രൂട്ട്‌മെന്റ്: സ്റ്റുഡന്‍സ് പോലീസിന് പ്രത്യേക പരിഗണന - ചെന്നിത്തല

Published

|

Last Updated

പേരാമ്പ്ര: സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളായി പ്രവര്‍ത്തിച്ചവര്‍ക്ക് സംസ്ഥാന പോലീസ് സേനയിലേക്കള്ള റിക്രൂട്ട്‌മെന്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് റൂറല്‍ ജില്ലയില്‍ എട്ട് വിദ്യാലയങ്ങളില്‍ പുതുതായി അനുവദിച്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗാലാന്‍ഡ്, ഒറീസ, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കേരളത്തെ അനുകരിച്ച് സ്റ്റുഡന്‍സ് പോലീസ് സംവിധാനം നടപ്പാക്കിവരികയാണ്. ശ്രീലങ്കന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി കേരളം സന്ദര്‍ശിച്ച് ഇതേക്കുറിച്ച് പഠിക്കുകയും അവിടെയും സ്റ്റുഡന്‍സ് പോലീസ് സംവിധാനം പ്രാവര്‍ത്തിമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അച്ചടക്കവും പൗരബോധവും ആത്മാര്‍ത്ഥതയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിന് ആവിഷ്‌കരിച്ച ഈ പദ്ധതി അടുത്ത അധ്യയന വര്‍ഷത്തോടെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളില്‍ പി ടി എ സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. ഭാവിയില്‍ പോലീസ് യൂനിവേഴ്‌സിറ്റി നിലവില്‍ വരുമ്പോള്‍ അവിടെ ചേര്‍ന്ന് പഠിക്കാന്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന് പ്രത്യേക ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്റ്റുഡന്‍സ് കേഡറ്റിന്റെ അഭിവാദ്യവും ചെന്നിത്തല സ്വീകരിച്ചു. കെ കുഞ്ഞമ്മദ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മറ്റു ജനപ്രതിനിധികളായ എം കുഞ്ഞമ്മദ്, കെ പി ഷീബ, ശോഭനാ വൈശാഖ്, സുബൈദ ചെറുവറ്റ, കെ മധുകൃഷ്ണന്‍, എടവന സുരേന്ദ്രന്‍, മാനേജര്‍ എ വി അബ്ദുല്ല, ഡി ഐ ജി ദിനേന്ദ്ര കശ്യപ്, റൂറല്‍ എസ് പി. പി എച്ച് അശ്‌റഫ്, ഡി വൈ എസ്പി പ്രജീഷ് തോട്ടത്തില്‍, ഡി ഇഒ ശ്രീലത, അഡ്വ. കെ കെ വത്സന്‍, പ്രധാനാധ്യാപകന്‍ ടി യൂസഫ് പ്രസംഗിച്ചു.

Latest