Connect with us

Kerala

ദേശീയ ഗെയിംസ്: സ്വത്തുവിവരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പരാതി

Published

|

Last Updated

കൊച്ചി:ദേശീയ ഗെയിംസ് നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരും സ്വത്തുവിവരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷന് മുന്നില്‍ പരാതി. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനുവാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം എന്‍ ഗുണവര്‍ധനന്‍ മുമ്പാകെ പരാതി നല്‍കിയത്.

ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിലുള്ള ഉദ്യോഗസ്ഥരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരും ദേശീയ ഗെയിംസിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ സ്വത്തു വിവരം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ടെണ്ടര്‍ നോട്ടീസുകളടക്കമുള്ള മുഴുവന്‍ രേഖകളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടക്കുന്നതായി ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ പരാതിപ്പെടുകയും ഈ പരാതികളിന്‍മേല്‍ ബന്ധപ്പെട്ടവര്‍ തൃപ്തികരമായ ഒരു വിശദീകരണവും നല്‍കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോമണ്‍വെല്‍ത്തില്‍ നടന്നതു പോലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പൊതുപണം കൊള്ളയടിക്കുന്ന അവസ്ഥ ദേശീയ ഗെയിംസില്‍ ഉണ്ടാകാതിരിക്കുന്നതിന് കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ഡി ബി ബിനു ചൂണ്ടിക്കാട്ടുന്നു.
ദേശീയ ഗെയിംസ് അഴിമതി രഹിതമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി ബി ബിനു വിവരാവകാശ കമ്മീഷന് കഴിഞ്ഞ ഒക്ടോബറില്‍ ഒരു പരാതി നല്‍കിയിരുന്നു. ഇതിന്‍മേല്‍ സര്‍ക്കാറിന് കമ്മീഷന്‍ നോട്ടീസ് അയച്ചെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനിടെ ദേശീയ ഗെയിംസ് നടത്തിപ്പില്‍ വന്‍ അഴിമതി നടക്കുന്നതായി മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ അടക്കമുള്ളവര്‍ ആരോപണമുയര്‍ത്തിയ സാഹചര്യത്തിലാണ് ഡി ബി ബിനു കമ്മീഷന് മുന്നില്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 18(1), 19(3), 19(8ബി), 20(1) എന്നീ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ ദിവസം അടിയന്തിര പെറ്റീഷന്‍ സമര്‍പ്പിച്ചത്.

Latest