Connect with us

Kerala

സ്വയംഭരണപദവി: 22 എ ഗ്രേഡ് കോളജുകളില്‍ നിലവാര പരിശോധന

Published

|

Last Updated

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയര്‍ത്തുന്നതിനായി ആവിഷ്‌കരിച്ച റൂസ പദ്ധതി പ്രകാരം സ്വയംഭരണപദവി നല്‍കുന്നത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചതില്‍ 22 കോളജുകളില്‍ പരിശോധന നടത്താന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റര്‍ബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അപ്രൂവല്‍ കമ്മിറ്റി തീരുമാനിച്ചു. മൂന്ന് സര്‍ക്കാര്‍ കോളജുകള്‍ ഉള്‍പ്പെടെ നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ് നിലവാരമുള്ള 22 കോളജുകളിലാണ് പരിശോധന നടത്തുക.

തലശേരി ബ്രണ്ണന്‍, പാലക്കാട് വിക്‌ടോറിയ, കണ്ണൂര്‍ വി കെ കൃഷ്ണമേനോന്‍ വനിതാ കോളജ് എന്നീ സര്‍ക്കാര്‍ കോളജുകളാണ് ലിസ്റ്റിലുള്ളത്. സ്വയംഭരണത്തിനായി ഇതുവരെ 31 കോളജുകളാണ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇതില്‍ ഒമ്പത് കോളജുകളുടെ അപേക്ഷ അപ്രൂവല്‍ കമ്മിറ്റി നിരാകരിച്ചു. നാക്കിന്റെ എ ഗ്രേഡ് അക്രഡിറ്റേഷനില്ലാത്തതും എന്‍ജിനീയറിംഗ്, ട്രെയ്‌നിംഗ് വിഭാഗത്തില്‍പ്പെടുന്ന കോളജുകളുടെയും അപേക്ഷകളാണ് നിരസിച്ചത്. നാക്കിന്റെ എ ഗ്രേഡ് നിലവാരമുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളെ മാത്രമേ സ്വയംഭരണത്തിനായി പരിഗണിക്കുകയുള്ളൂവെന്നാണ് നിലവിലെ വ്യവസ്ഥ. അപേക്ഷ പരിഗണിച്ച 22 കോളജുകളില്‍ അടുത്ത മാസം പത്തിനകം പരിശോധന പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് തയ്യാറാക്കും. അപേക്ഷിക്കാനുള്ള സമയപരിധി ഈമാസം 31വരെ നീട്ടാനും യോഗത്തില്‍ തീരുമാനമായി. സ്വയംഭരണത്തിനുള്ള നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നായിരിക്കും പ്രധാനമായും പരിശോധിക്കുക. സ്വയംഭരണത്തിനുള്ള മാനദണ്ഡമനുസരിച്ച് കോളജുകള്‍ക്ക് യു ജി സി അംഗീകാരവും പത്തുവര്‍ഷത്തെ പ്രവര്‍ത്തനമികവുമുണ്ടാവണം. ഇതോടൊപ്പം നാക്കിന്റെ എ ഗ്രേഡ് അക്രഡിറ്റേഷനും നേടിയിരിക്കണം. സ്വയംഭരണം ലഭിക്കുന്നതിനു ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവകാശതുല്യതയും വിവേചനത്തിനെതിരെ ശക്തമായ നടപടികളും സ്വീകരിച്ച പാരമ്പര്യം കോളജുകള്‍ക്കുണ്ടാവണം. ഉന്നതനിലവാരം പുലര്‍ത്തു ന്ന സ്ഥാപന ഭരണ സംവിധാനം, ഭരണപരിശീലനം, സേവന സംസ്‌കാരം, അച്ചടക്കം, അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടേയും തിരഞ്ഞെടുക്കല്‍, പരാതി സംവിധാനം എന്നിവയും അത്യന്താപേക്ഷിതമാണ്. ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യം, ഉപകരണങ്ങള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഐ സി ടി സഹായത്തോടെയുള്ള സേവനങ്ങള്‍ തുടങ്ങി അക്കാദമികവും ഭൗതികവും സാങ്കേതികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ കോളജുകള്‍ ഒരുക്കിയിരിക്കണന്നെും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പരിശോധനയില്‍ അപാങ്ങകള്‍ കാണ്ടെത്തുന്ന കോളജുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കും. അര്‍ഹമായ കോളജുകള്‍ തിരഞ്ഞെടുത്ത് സ്വയംഭരണാധികാരം നല്‍കുന്നതിന് യു ജി സിയോട് ശിപാര്‍ശ ചെയ്യുന്നത് അപ്രൂവല്‍ കമ്മിറ്റിയാണ്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉപാധ്യക്ഷനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, ധന നിയമകാര്യ സെക്രട്ടറിമാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ അപ്രൂവല്‍ കമ്മിറ്റിയാണ് യോഗം ചേര്‍ന്നത്.

Latest