Connect with us

Kerala

ചേളാരി ഐ ഒ സി വാതക ഫില്ലിംഗ് സ്തംഭിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കരാര്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് അസംതൃ പ്തരായ തൊഴിലാളികള്‍ ഇന്നലെ ജോലി ബഹിഷ്‌കരിച്ചു. ഇതോടെ രണ്ട് ഷിഫ്റ്റുകളിലും വാതക ഫില്ലിംഗ് പാടേ നിലച്ചു. 80 തോളം ലോഡ് സിലന്‍ഡറുകളിലെ വാതക ഫില്ലിംഗ് നിലച്ചതോടെ മലബാറിലെ വിവിധ ഏജന്‍സികളിലേക്ക് അയക്കേണ്ട കാല്‍ ലക്ഷത്തോളം സിലിന്‍ഡറുകളുടെ ഫില്ലിംഗാണ് നിലച്ചത്.
മലബാറില്‍ നേരിടുന്ന പാതക വാതക ക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇതിനിടയില്‍ കഴിഞ്ഞ ദിവസം പ്ലാന്റ് പ്രവര്‍ത്തനം തകരാറിലായതോടെ ബുധനാഴ്ച്ച ഉച്ചക്കുളള ഷിഫ്റ്റിലെ ഫില്ലിംഗ് നിലച്ചിരുന്നു.
അതേസമയം, കരാര്‍ തെഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് പ്ലാന്റ് മാനേജര്‍ എസ് ശിവകുമാറുമായി തൊഴിലാളി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കയറ്റിറക്ക് തൊഴിലാളികളില്‍ ആരെങ്കിലും അവധിയെടുത്താ ല്‍ മറ്റുള്ള തൊഴിലാളികള്‍ അധിക ജോലിയെടുത്ത് ആ കുറവ് നികത്തുകയും പ്രതിഫലമായി അധിക വേതനം കൈപ്പറ്റു കയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയപ്പോള്‍ ഇത്തരത്തിലുളള അധിക വേതനം നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ ഇന്നലെ മിന്നല്‍പ്പണിമുടക്ക് നടത്തിയത്. തൊഴിലാളികള്‍ക്കൊപ്പം സിലിന്‍ഡര്‍ ഹാന്റ്‌ലിംഗ് ആന്‍ഡ് ഹൗസ് കീപ്പിംഗ് വിഭാഗം തൊഴിലാളികളുടെ ഇത്തരത്തിലുള്ള വേതനവും കുറച്ചിരുന്നു. എന്നാല്‍, ജോലി കൂടുതലായെങ്കിലും തൊഴിലാളികള്‍ക്ക് 1,000 രൂപ മുതല്‍ 2,000 രൂപ വരെ കുറവാണ് വേതനത്തില്‍ വന്നത്.
അതേസമയം, കയറ്റിറക്ക് തൊഴിലാളികളുടെ സേവന വേതന പ്രശ്‌നങ്ങളില്‍ തീരുമാനമാക്കാത്തതിലും കരാര്‍ പുതുക്കാത്തതിലും പ്രതിഷേധിച്ച് പണിമുടക്കാന്‍ തൊഴിലാളി സംഘടന നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ചുള്ള ചര്‍ച്ച 20ന് നടക്കാനിരിക്കയാണ്. എന്നാല്‍, ഇന്നലെ നടന്നത് അപ്രഖ്യാപിത പണിമുടക്കാണ്.
കൂടാതെ പ്ലാന്റിലെ കുറവുള്ള തൊഴിലാളികളുടെ ജോലികള്‍ ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്നും മാനേജ്‌മെന്റിനെ തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സ്തംഭനം തുടരുമെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന സൂചന. 20ന് കേന്ദ്ര അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എസ് യുചിന്‍ ഗോമസ്സിന്റെ നേതൃത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് തൊഴിലാളികള്‍ക്ക് പ്രതീക്ഷ.

Latest